കേന്ദ്രനിയമം തിരിച്ചടിയായി; ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ലഭിച്ച നഴ്‌സുമാര്‍ അങ്കലാപ്പില്‍

Posted on: June 26, 2015 4:57 am | Last updated: June 26, 2015 at 12:58 am

കോട്ടയം: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ (ഇ സി ആര്‍ രാജ്യങ്ങള്‍) ജോലി ലഭിച്ച നഴ്‌സുമാര്‍ക്കു പുതിയ കേന്ദ്രനിയമം വിനയാകുന്നു. 18 ഗള്‍ഫ് രാജ്യങ്ങളില്‍ എം ഒ എച്ച്, അണ്ടര്‍ എം ഒ എച്ച് ആശുപത്രികളില്‍ ജോലി ലഭിച്ച പതിനായിരത്തില്‍പ്പരം നഴ്‌സുമാര്‍ക്കാണു തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതി വന്നിരിക്കുന്നത്. ഇ സി ആര്‍ രാജ്യങ്ങളില്‍ തൊഴില്‍ ലഭിച്ച നഴ്‌സുമാര്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് വാങ്ങണമെന്നാണു നിലവിലെ നിയമം. കഴിഞ്ഞ മെയ് 30 ന് ശേഷം സര്‍ക്കാറിന്റെ റിക്രൂട്ടിംഗ് ഏജന്‍സികളായ നോര്‍ക്ക റൂട്ട്‌സ്, ഒഡെപെക്, ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ഓഫ് തമിഴ്‌നാട് എന്നീ ഏജന്‍സികളിലൂടെ റിക്രൂട്ട് ചെയ്യുന്ന നഴ്‌സുമാര്‍ക്കു മാത്രമേ എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കാവുവെന്നു കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിനു വേണ്ടി അണ്ടര്‍ സെക്രട്ടറി പ്രദീപ് കുമാര്‍ സുരേഖ ഇറക്കിയ ഉത്തരവിന്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ 30 ന് മുമ്പ് സ്വകാര്യ ഏജന്‍സികള്‍ മുഖേന ഇ സി ആര്‍ രാജ്യങ്ങളില്‍ ജോലി ലഭിക്കുകയും പിന്നീട് വിസ ലഭിക്കുകയും ചെയ്തവര്‍ക്കാണു ഇപ്പോള്‍ പുതിയ നിയമം മൂലം വിദേശത്തേക്കു പോകുവാന്‍ സാധിക്കാത്തത്. വിമാന ടിക്കറ്റുമായി എമിഗ്രേഷന്‍ ക്ലിയറന്‍സിനു എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ തിരിച്ചയക്കുകയാണ്. ഇതുമൂലം കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പോകുവാന്‍ കഴിയാതെ നഴ്‌സുമാര്‍ ദുരിതപ്പെടുന്നത്. ഏജന്‍സികള്‍ മുഖേന ജോലി ലഭിച്ചവര്‍ അഞ്ച് മുതല്‍ 20 ലക്ഷം രൂപ വരെ മുടങ്ങിയവരും കേന്ദ്രസര്‍ക്കാരിന്റെ പുതിയനയം മൂലം ബുദ്ധിമുട്ടുകയാണ്. കേന്ദ്രവിദേശകാര്യ മന്ത്രാലയം 2015 മാര്‍ച്ച് 12 നാണു പുതിയ ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവില്‍ പ്രകാരം സ്വകാര്യ ഏജന്‍സികള്‍ മുഖേന വിസ സമ്പാദിച്ചവര്‍ക്കു ഏപ്രില്‍ 30 ന് ശേഷം എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കരുതെന്നാണ്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി മേയ് 30 ദീര്‍ഘിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇന്റര്‍വ്യുവും ടെസ്റ്റും കഴിഞ്ഞ പരീക്ഷ പാസായവര്‍ക്കും ഇപ്പോഴാണു വിസ അനുവദിച്ചു വന്നത്. ഇവര്‍ക്കു ഇപ്പോള്‍ വിദേശത്തേക്കു പോകുവാന്‍ സാധിക്കുന്നില്ലെന്നു നഴ്‌സുമാര്‍ പറയുന്നു. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് മേഖലയില്‍ വ്യാപകമായ ചൂഷണം നേരിടുന്ന സാഹചര്യത്തിലാണു കേന്ദ്ര പ്രവാസികാര്യവകുപ്പ് ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികളുടെ ചൂഷണത്തില്‍നിന്നും തൊഴില്‍ അന്വേഷകരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നത്. കുവൈത്ത്് പോലുള്ള രാജ്യങ്ങളിലേക്ക് സ്വകാര്യ ഏജന്‍സികള്‍ മുഖാന്തിരം നടന്ന റിക്രൂട്ട്‌മെന്റില്‍ വ്യാപകമായി തൊഴില്‍ ചൂഷണം നടന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറുമായി നടത്തിയ കൂടിയാലോചനകളുടെ ഫലമായാണ് കേന്ദ്ര പ്രവാസികാര്യ വകുപ്പ് ഇത്തരത്തിലുള്ള ഒരു തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ഈ തീരുമാനം തൊഴില്‍ ലഭിച്ച നഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്്ടപ്പെടുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്.