കുര്‍ദ് നഗരമായ കൊബാനി ഇസില്‍ നിയന്ത്രണത്തിലേക്ക്‌

Posted on: June 26, 2015 5:55 am | Last updated: June 26, 2015 at 12:57 am
സിറിയയിലെ കുര്‍ദ് നഗരമായ കൊബാനിയില്‍ ഇസില്‍ തീവ്രവാദികളും കുര്‍ദ് സൈന്യവും തമ്മില്‍ നടക്കുന്ന ആക്രമണം ദൂരെ നിന്ന് വീക്ഷിക്കുന്നവര്‍
സിറിയയിലെ കുര്‍ദ് നഗരമായ കൊബാനിയില്‍ ഇസില്‍ തീവ്രവാദികളും കുര്‍ദ് സൈന്യവും തമ്മില്‍ നടക്കുന്ന ആക്രമണം ദൂരെ നിന്ന് വീക്ഷിക്കുന്നവര്‍

ദമസ്‌കസ്: വടക്കന്‍ സിറിയയിലെ കുര്‍ദ് നഗരമായ കൊബാനിക്ക് നേരെ ഇസില്‍ ആക്രമണം ശക്തമാക്കി. നഗരത്തിന്റെ രണ്ട് ഭാഗത്തുനിന്ന് ആക്രമണം നടത്തി നിയന്ത്രണം പിടിച്ചെടുക്കാനാണ് ഇവരുടെ ശ്രമം. ഹസാകെ നഗരത്തിന്റെ ചില ഭാഗങ്ങള്‍ ഇവര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന കൊബാനിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണം തുടങ്ങിയ ഇന്നലെ രാവിലെ ഒരു കാര്‍ ബോംബ് സ്‌ഫോടനത്തിലാണ് 12 പേര്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. കുര്‍ദ് സൈന്യത്തിന്റെയും ഫ്രീ സിറിയന്‍ ആര്‍മിയുടെയും യൂനിഫോമിലാണ് ഇസില്‍ തീവ്രവാദികളെത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇവര്‍ പിടിച്ചെടുത്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ പോരാട്ടമാണ് നഗരത്തില്‍ നടക്കുന്നത്. നൂറുകണക്കിന് പേര്‍ പലായനം ആരംഭിച്ചു. നഗരം പൂര്‍ണമായും തിരിച്ചുപിടിക്കുമെന്നും ജനങ്ങളാരും വീടുപേക്ഷിച്ച് പോകരുതെന്നും കുര്‍ദ് സൈന്യം അഭ്യര്‍ഥിക്കുന്നുണ്ട്. അതിനിടെ, തുര്‍ക്കി തങ്ങളുടെ അതിര്‍ത്തി ഇസില്‍ തീവ്രവാദികള്‍ക്ക് സൗകര്യപ്പെടുത്തുക്കൊടുക്കുകയാണെന്ന് കുര്‍ദുകള്‍ ആരോപണം ഉന്നയിച്ചു. എന്നാല്‍ ഇതിനെ എതിര്‍ത്ത് തുര്‍ക്കി രംഗത്തെത്തി. തുര്‍ക്കിയില്‍ നിന്ന് ഇസില്‍ തീവ്രവാദികള്‍ സിറിയയിലേക്ക് കടന്നിട്ടില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
നേരത്തെ ഈ നഗരം ഇസില്‍ തീവ്രവാദികളുടെ കൈവശമായിരുന്നു. എന്നാല്‍ ശക്തമായ പ്രത്യാക്രമണം നടത്തി കുര്‍ദ് സൈന്യം ഈ നഗരത്തിന്റെ നിയന്ത്രണം ഈ വര്‍ഷം ആദ്യം തിരിച്ച് പിടിക്കുകയായിരുന്നു. ഇസില്‍ ഭീകവരാദികളുടെ അവസാനത്തിന്റെ തുടക്കമെന്നായിരുന്നു ഈ തിരിച്ചുപിടിക്കലിനെ അവര്‍ വിശേഷിപ്പിച്ചിരുന്നത്.