ഓപറേഷന്‍ കുബേര: രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പുനരവലോകനം ചെയ്യണം: ഹൈക്കോടതി

Posted on: June 26, 2015 6:00 am | Last updated: June 26, 2015 at 12:40 am

കൊച്ചി: സംസ്ഥാനത്ത് ഓപറേഷന്‍ കുബേരയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പുനരവലോകനത്തിന് വിധേയമാക്കണമെന്ന് ഹൈക്കോടതി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പുനരവലോകനം ചെയ്യാന്‍ പോലീസ് ഡി ജി പി നടപടി സ്വീകരിക്കണമെന്നും അതാത് ജില്ലകളിലെ പോലീസ് മേധാവികള്‍ ഓരോ കേസും പ്രത്യേകം പരിശോധിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നീരീക്ഷിച്ചു. ധനകാര്യ സ്ഥാപനങ്ങളെയും നടത്തിപ്പുകാരെയും പോലീസ് കേസില്‍ പെടുത്തിയതായി കോടതി ചൂണ്ടിക്കാട്ടി.
സ്‌കൂള്‍ അധ്യാപകരെയും സ്ത്രീകളെയും അടക്കം കുബേര കേസുകളില്‍ പ്രതികളാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. കുബേരയുടെ ഭാഗമായുള്ള റെയ്ഡുകളും അറസ്റ്റും നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിച്ചണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. പണമിടപാടുകാര്‍ക്ക് ബാധകമായ 1960 ലെ മണിലെന്‍സേഴ്‌സ് നിയമപ്രകാരം വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്കാണ് ധനകാര്യ സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കാനുള്ള ചുമതല.
എന്നാല്‍ ഭൂരിഭാഗം കേസുകളിലും സ്ഥാപനത്തിന് ലൈസന്‍സുണ്ടോയെന്ന കാര്യം പോലും പരിശോധിക്കാതെയാണ് കേസെടുത്തിട്ടുള്ളതെന്നും റെയ്ഡിനും മറ്റും വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ സാന്നിധ്യംകൂടി ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഓപറേഷന്‍ കുബേര കേസുക ള്‍ റദ്ദാക്കണമെന്ന ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കവേ യാണ് കോടതി നിരീക്ഷണം.