Connect with us

Gulf

തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കു സന്തോഷ വാര്‍ത്ത

Published

|

Last Updated

ഗള്‍ഫില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കു സന്തോഷ വാര്‍ത്ത. എണ്ണ വിലയിടിവ് തൊഴില്‍ കമ്പോളത്തെ ബാധിച്ചിട്ടില്ല. ഇപ്പോഴും പല കമ്പനികളും റിക്രൂട്ട്‌മെന്റ് നടത്തുന്നു. മിക്ക ഗള്‍ഫ് രാജ്യങ്ങളും സാമ്പത്തികമായി സ്ഥിരത കൈവരിച്ചതും വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതുമാണ് കാരണം.
കഴിഞ്ഞ മെയില്‍ യു എ ഇയില്‍ ഉയര്‍ന്ന തോതില്‍ റിക്രൂട്ട്‌മെന്റ് നടന്നുവെന്നാണ് കണ്ടെത്തല്‍. സ്ഥാപനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുകിട്ടിയിട്ടുണ്ട്. അത് ഫലപ്രദമായി നടപ്പാക്കാന്‍ ജീവനക്കാരെ ആവശ്യമുണ്ട്. അത്‌കൊണ്ടാണ് റിക്രൂട്‌മെന്റ് നടത്തിയത്.
2014 മെയിലേതിനെക്കാള്‍ അഞ്ചു ശതമാനം വര്‍ധനവാണ് ഈ വര്‍ഷം മെയില്‍ ഉണ്ടായതെന്ന് ക്രെഡിറ്റ് അഗ്രിക്കോള്‍ പ്രൈവറ്റ് ബേങ്കിംഗ് മുഖ്യ സാമ്പത്തികാസൂത്രകന്‍ ഡോ. പോള്‍ വെറ്റര്‍ വാള്‍ഡ് ചൂണ്ടിക്കാട്ടി.
എണ്ണയിതര മേഖലയിലെ പര്‍ചേസിംഗ് മാനേജര്‍ സൂചിക (പി എം ഐ) മുന്നോട്ടാണ്. യു എ ഇയില്‍ മാത്രമല്ല, സഊദി അറേബ്യയിലും തൊഴിലവസരങ്ങള്‍ കുറഞ്ഞിട്ടില്ല. എണ്ണ വരുമാനത്തെ ആശ്രയിക്കുന്ന രാജ്യമായിട്ടുകൂടി സഊദി അറേബ്യ പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുറന്നിട്ടുണ്ട്.
റൂബിളിന് വിലയിടിവ് സംഭവിച്ചതിനാല്‍ റഷ്യയില്‍ നിന്ന് സഞ്ചാരികള്‍ എത്തുന്നില്ലെന്നത് മാത്രമാണ് തിരിച്ചടി. ഇതിനു പകരമായി ചൈനയില്‍ നിന്ന് സന്ദര്‍ശകര്‍ വര്‍ധിച്ചു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വ്യാപാരത്തിന് കുറവു വരാന്‍ പോകുന്നില്ല.
യു എ ഇയെ സംബന്ധിച്ചിടത്തോളം, നിരവധി പദ്ധതികളുണ്ട്. വേള്‍ഡ് എക്‌സ്‌പോ 2020 അതിലൊന്നാണ്. മെട്രോ റെയില്‍ പാത നീട്ടുന്നതടക്കം പദ്ധതികള്‍ വിഭാവനം ചെയ്യപ്പെട്ടു. ഇവിടങ്ങളില്‍ ധാരാളം ആളുകളെ തൊഴിലെടുക്കാന്‍ ആവശ്യമുണ്ട്. ഓരോ മേഖലയിലും എന്ത് തരം തൊഴില്‍ വൈദഗ്ധ്യമാണ് ആവശ്യമുള്ളതെന്ന് തിരിച്ചറിയുകയാണ് പ്രധാനം. നിര്‍മാണ തൊഴിലില്‍ പോലും വൈദഗ്ധ്യമുണ്ടോയെന്ന് പരിശോധിക്കുന്ന കാലമാണ്. എന്തു ജോലിയും ചെയ്യാം എന്ന മനോഭാവം മാറ്റുകയും ഒരു മേഖലയിലെങ്കിലും വൈദഗ്ധ്യം നേടുകയും ചെയ്യുന്നവര്‍ക്കാണ് സാധ്യത. തൊഴില്‍ വൈദഗ്ധ്യവും വ്യക്തിത്വവും ആകര്‍ഷകമായി രേഖപ്പെടുത്തിയ ബയോഡാറ്റയാണ് ആദ്യം വേണ്ടത്.
യഥാസമയം, ഉചിതമായ കൈകളില്‍ ബയോഡാറ്റ എത്തിപ്പെട്ടാല്‍ തൊഴില്‍ സാധ്യതയുടെ പകുതി കടമ്പ കടന്നുവെന്നാണ് റിക്രൂട്‌മെന്റ് മേധാവികള്‍ ചൂണ്ടിക്കാട്ടുന്നത്. ഫല പ്രദമായ ആശയ വിനിമയം അധികയോഗ്യത.
ഇപ്പോഴും സന്ദര്‍ശക വിസയിലെത്തി ആയിരക്കണക്കിനാളുകള്‍ തൊഴില്‍ തേടുന്നു. മലയാളികളില്‍ ഭൂരിപക്ഷം പേര്‍ക്കും ബിരുദമുണ്ടെന്നത് ശ്രദ്ധേയം. കുറഞ്ഞ പക്ഷം ഡിപ്ലോമയെങ്കിലുമുണ്ട്. പല വാതിലുകള്‍ മുട്ടുമ്പോള്‍ ഏതെങ്കിലുമൊന്ന് തുറക്കും. അത്‌കൊണ്ടുതന്നെ നിരാശ പാടില്ല. എവിടെയോ തന്നെകാത്ത് ഒരു ജീവിതോപാധി ഉണ്ടെന്ന ആത്മ വിശ്വാസവും പ്രതീക്ഷയുമാണ് കരപറ്റിക്കുക.
കേരളത്തിന് പുറത്തെത്തിയാല്‍ കഠിനാധ്വാനം ചെയ്യാന്‍ മലയാളികള്‍ക്കു മടിയില്ല. അത് അറബ് സമൂഹത്തിന് നന്നായി അറിയാം. പ്രതീക്ഷ കൈവിടാതിരിക്കുക.