കെ എസി ഇ ബി ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്‌

Posted on: June 25, 2015 6:04 am | Last updated: June 25, 2015 at 3:05 pm

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സബ് ഡിവിഷന്‍ പരിധിയിലെ ഓഫീസുകളുടെ പ്രവര്‍ത്തനം ജീവനക്കാരുടെ കുറവ് കാരണം ഗുരുതരമായ പ്രതിസന്ധിയിലായിരിക്കുകയാണ്. മണ്‍സൂണ്‍ മഴക്കാറ്റോടുകൂടി ശക്തമായതോടെ വൈദ്യുതി വിതരണം ആകെ താറുമാറിയിരിക്കുകയാണ്.
റമസാന്‍ വ്രതം ആരംഭിച്ചതോടെ ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യവും വൈദ്യുതി ലഭിക്കാത്തതുമൂലമുള്ള പ്രതിഷേധവും വര്‍ധിച്ചിരിക്കുകയാണ്. ഇത് ജീവനക്കാരും ഗുണഭോക്താക്കളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കും ശാരീരകമായ ഏറ്റുമുട്ടലിനും ഇടയാക്കുന്നുണ്ട്. അടുത്ത ദിവസം നടന്ന താഴെക്കോട് ആക്രമണം ഇതിന്റെ ഭാഗമാണ്. ഡിവിഷന്‍ പരിധിയില്‍ വരുന്ന ഒന്ന ര ലക്ഷം ഉപഭോക്താക്കള്‍ക്ക് എട്ട് സെക്ഷന്‍ ഓഫീസുകളുടെ നിയന്ത്രണത്തിലാണ് വൈദ്യുതി നല്‍കുന്നത്.
ഈ ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനത്തിന് 333 ജീവനക്കാര്‍ കുറഞ്ഞത് വേണം എന്നാണ് ബോര്‍ഡ് കണക്ക്. ഇതില്‍ 110 തസ്തികകള്‍ ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. വൈദ്യുതി വിതരണത്തില്‍ നേരിട്ട് ജോലി ചെയ്യേണ്ട സബ് എന്‍ജിനീയര്‍, ഓവര്‍സീയര്‍, ലൈന്‍മാന്‍ തസ്തികകളില്‍ മാത്രം 53 ഒഴിവുണ്ട്. ജോലി ചെയ്യുന്നവരില്‍ 14പേരെ ക്യാഷ് കൗണ്ടര്‍ ജോലികളാണ് ചെയ്യിക്കുന്നത്. പ്രതിമാസ വരുമാനമായ ആറ് കോടി രൂപ പിരിച്ചു നല്‍കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചക്കും മാനേജ്‌മെന്റ് തയ്യാറല്ല. നിലവിലുള്ള ജീവനക്കാര്‍ക്ക് അര്‍ഹമായ ഓഫ് എടുക്കാനോ അവധി ദിവസം പ്രയോജനപ്പെടുത്താനോ അത്യാവശ്യ കാര്യങ്ങള്‍ക്ക് ലീവ് എടുക്കാനോ കഴിയുന്നില്ല. കാര്യങ്ങള്‍ ഇങ്ങനെ തുടരുമ്പോള്‍ പ്രശ്‌ന പരിഹാരത്തിന് മാനേജ്‌മെന്റ് ഭാഗത്ത് നിന്ന് ഒരു നീക്കവും നടക്കുന്നില്ല. 110 തസ്തികകളുടെ ഒഴിവു നികത്താന്‍ പി എസ് സിയോടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടോ മാനേജ്‌മെന്റ് ആവശ്യപ്പെടാന്‍ തയ്യാറല്ല.
ഇനിയും സ്ഥിതി തുടരുകയാണെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കാന്‍ കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.