കുന്നംകുളത്ത് തിയേറ്റര്‍ ടിക്കറ്റ് നിരക്ക് വര്‍ധന; നഗരസഭയില്‍ രഹസ്യ യോഗം

Posted on: June 25, 2015 5:22 am | Last updated: June 25, 2015 at 2:22 pm

കുന്നംകുളം: കുന്നംകുളത്തെ വിവാദമായ തിയേറ്റര്‍ ടിക്കറ്റ് നിരക്ക് വര്‍ധന സംബന്ധിച്ച് നഗരസഭയില്‍ രഹസ്യ യോഗം. ഭരണ സമിതി അംഗങ്ങളും നഗരസഭാ ഉദ്യോഗസ്ഥരും പ്രതിപക്ഷ നേതാവും തിയേറ്റര്‍ മാനേജ്‌മെന്റും പങ്കെടുത്ത യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകരെ വിലക്കി. മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ വേണ്ടി നഗരസഭാ ജീവനക്കാരെ ഉപയോഗിച്ചത് തര്‍ക്കത്തിന് ഇടയാക്കി.അന്യായമായി ഭാവന തിയേറ്ററില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് സംബന്ധിച്ച പ്രതിഷേധ സമരം നടത്തിയ പ്രതിപക്ഷം മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്ത് അടുത്ത ദിവസം നിരക്ക് കുറക്കാന്‍ മാനേജ്മന്റ് തയ്യാറായതായി അറിയിച്ചാണ് സമരം അവസാനിപ്പിച്ചത്.
വിഷയം ഭരണ സമിതി അറിയാതെയാണ് സംഭവിച്ചതെന്നും നിരക്ക് വര്‍ധിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നഗരസഭാ ചെയര്‍മാനും ഭരണകക്ഷി കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത ദിവസവും നിരക്ക് കുറക്കാന്‍ തിയേറ്റര്‍ മാനേജ്‌മെന്റ് തയ്യാറാകാത്തതോടെ സി പി എം വീണ്ടും നഗരസഭാ ഓഫീസിലെത്തി ചെയര്‍മാനെ ഘരോവോ ചെയ്തിരുന്നു. അതേ സമയം പ്രതിപക്ഷവും ഡി വൈ എഫ് ഐ യും സമരമുഖത്ത് നിന്നും പിന്‍മാറിയത് തിയേറ്റര്‍ മാനേജ്മന്റുമായുള്ള രഹസ്യ ധാരണയുടെ പുറത്താണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും വന്‍തുക കൈക്കൂലി വാങ്ങിയാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് ആരോപണമുണ്ട്.
സംഭവത്തില്‍ പൊതുജന ചര്‍ച്ച സജീവമായതോടെയാണ് നഗരസഭാ വീണ്ടും തിയേറ്റര്‍ മാനേജ്‌മെന്റുമായി ചര്‍ച്ചക്കൊരുങ്ങിയത്. യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകണമെന്നും അല്ലാത്തപക്ഷം ഓരോരുത്തരും വാങ്ങിയ തുക വിളിച്ചു പറയുമെന്ന മാനേജ്‌മെന്റിന്റെ ഭീഷണിയെ തുടര്‍ന്നാണ് യോഗം രഹസ്യമാക്കിയതെന്ന് പറയുന്നു. യോഗത്തില്‍ നിന്ന് ബി ജെ പി ആര്‍ എം പി പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കുകയും ചെയ്തു. യോഗസ്ഥലത്ത് എത്തിയ മാധ്യമ പ്രവര്‍ത്തകരെ തടയുകയായിരുന്നു. അടിയന്തര സ്വഭാവമുള്ള യോഗമാണെന്നും ആരെയും അകത്ത് കയറ്റരുതെന്നാണ് അറിയിച്ചതെന്നും തടയാനെത്തിയവര്‍ പറഞ്ഞു. വിഷയത്തില്‍ ഭരണ പ്രതിപക്ഷാംഗങ്ങങ്ങളുടെ ഒത്തുതീര്‍പ്പു കച്ചവടമാണ് നഗരസഭയില്‍ അരങ്ങേറിയത്. മാധ്യമ പ്രവര്‍ത്തകരെ അകത്ത് കയറ്റരുതെന്ന ചെയര്‍മാന്‍ പറയുമ്പോള്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ യോഗം നടക്കുന്ന ക്യാബിനിലുണ്ടായിരുന്നു. വര്‍ധിപ്പിച്ച 85 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനം നിരക്ക് കുറക്കാന്‍ യോഗത്തില്‍തിയേറ്റര്‍ മാനേജ്‌മെന്റ് സമ്മതിച്ചുവെന്നും പുതിയ നിരക്ക് ഉടന്‍ പ്രാബല്യത്തില്‍ വരുത്തുന്നെതിനു ധാരണയായതായി കെ ബി ഷിബു പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ ചെയര്‍മാനോ ഭരണ സമതി അംഗങ്ങളോ തയ്യാറായില്ല. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ നഗരസഭാ നല്‍കിയ ഉത്തരവില്‍ മാറ്റം വരുത്താന്‍ നിയമപരമായ തടസ്സമുണ്ടെന്നാണ് ചെയര്‍മാന്റെ വിശദീകരണം.