ഫിര്‍മിനോ ലിവര്‍പൂളില്‍

Posted on: June 25, 2015 6:19 am | Last updated: June 25, 2015 at 2:20 pm

Brazil-v-Chileബെര്‍ലിന്‍: ബ്രസീലിന്റെ യുവതാരം റോബര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂളില്‍. ജര്‍മന്‍ ക്ലബ്ബ് ഹോഫെന്‍ഹെയിമിന്റെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറെ 28 ദശലക്ഷം പൗണ്ടിന്റെ അഞ്ച് വര്‍ഷ കരാറിലാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. ഇത് ലിവര്‍പൂളിന്റെ രണ്ടാമത്തെ വലിയ ട്രാന്‍സ്ഫറാണ്. ഫിര്‍മിനോയുടെ വരവ് സൂചിപ്പിക്കുന്നത് റഹീം സ്റ്റെര്‍ലിംഗ് ക്ലബ്ബ് വിടുമെന്നാണ്. മാഞ്ചസ്റ്റര്‍ സിറ്റി സ്റ്റെര്‍ലിംഗിനായി മൂന്നാമത്തെ ഓഫറുമായി രംഗത്തുണ്ട്.
കഴിഞ്ഞ സീസണില്‍ ഹോഫെന്‍ഹെയിമിനായി പക്വതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ഫിര്‍മിനോ കോപയില്‍ നെയ്മറില്ലാത്ത ബ്രസീലിന്റെ തുറുപ്പുചീട്ടാണ്. വെനിസ്വെലക്കെതിരെ നിര്‍ണായക മത്സരത്തില്‍ ഫിര്‍മിനോ ഗോള്‍ നേടിയിരുന്നു.
2010 മുതല്‍ക്ക് ഹോഫെന്‍ഹെയിമിന്റെ താരമായിരുന്ന ഇരുപത്തിമൂന്നുകാരന്‍ 151 മത്സരങ്ങളില്‍ 47 ഗോളുകള്‍ നേടി.
ഫിര്‍മിനോക്ക് വേണ്ടി യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകള്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍, ലിവര്‍പൂളായിരുന്നു ബ്രസീല്‍ താരത്തിനായി ഏറ്റവും താത്പര്യത്തോടെ നിലകൊണ്ടത്.
കോപ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫിര്‍മിനോയുടെ ഏജന്റുമായി ലിവര്‍പൂള്‍ അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും പ്ലേ മേക്കറായും സ്‌ട്രൈക്കറായും ഫിര്‍മിനോ വ്യത്യസ്ത റോളുകള്‍ കൈകാര്യം ചെയ്യുമെന്നതാണ് ലിവര്‍പൂളിനെ ആകര്‍ഷിച്ചത്. പ്രീമിയര്‍ ലീഗ് കിരീടം നേടുകയെന്നതാണ് പുതിയ സീസണിലെ ലക്ഷ്യം. അതിന് വേണ്ടി ഏറ്റവും മികച്ച ടീമിനെ തയ്യാറാക്കുകയാണ് – ലിവര്‍പൂള്‍ ക്ലബ്ബ് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
മിഡ്ഫീല്‍ഡല്‍ ജെയിംസ് മില്‍നര്‍, സ്‌ട്രൈക്കര്‍ ഡാനി ഇംഗ്‌സ്, ഗോള്‍ കീപ്പര്‍ ആദം ബോഗ്ദാന്‍ എന്നിവരാണ് ലിവര്‍പൂള്‍ പുതുതായി ടീമിലെത്തിച്ചത്. ചാള്‍ട്ടന്‍ അത്‌ലറ്റിന്റെ ജോ ഗോമസും കഴിഞ്ഞ ദിവസം ലിവര്‍പൂളില്‍ ചേര്‍ന്നു.