Connect with us

Kasargod

ട്രെയിന്‍ യാത്രക്കിടെ വിദ്യാര്‍ഥി സംഘട്ടനം പതിവാകുന്നു

Published

|

Last Updated

മഞ്ചേശ്വരം: മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘട്ടനം വീണ്ടും പതിവായി. ഇതേ തുടര്‍ന്ന് തീവണ്ടിയില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കാന്‍ കാസര്‍കോട് ഡി വൈ എസ് പി മഞ്ചേശ്വരം പോലീസിന് നിര്‍ദേശം നല്‍കി.
കഴിഞ്ഞദിവസം വൈകിട്ട് മംഗലാപുരം പാസഞ്ചറില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനത്തില്‍ ഏര്‍പെടുകയായിരുന്നു. ട്രെയിന്‍ ഉപ്പള റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴും സംഘട്ടനം തുടര്‍ന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വിദ്യാര്‍ഥികള്‍ സ്ഥലംവിട്ടു. ഇതേതുടര്‍ന്ന് ഇന്നലെ മുതല്‍ മുതല്‍ കൂടുതല്‍ പോലീസിനെ തീവണ്ടിയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചു.
ഇപ്പോള്‍ രണ്ട് പോലീസുകാരാണ് മഞ്ചേശ്വരം മുതല്‍ കാസര്‍കോട് വരെ ട്രെയിനിലെ അക്രമം തടയാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഇതുകൂടാതെയാണ് കൂടുതല്‍ പോലീസിനെ ട്രെയിനില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. മംഗലാപുരത്തെ വിവിധ കോളജുകളിലും ഇന്‍സ്റ്റിറ്റിയൂട്ടുകളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ഥികളാണ് സ്ഥിരമായി വൈകിട്ടത്തെ പാസഞ്ചര്‍ ട്രെയിനില്‍ ഏറ്റുമുട്ടുന്നത്.
മംഗലാപുരം വിട്ട് ഉള്ളാള്‍ കഴിഞ്ഞാണ് കമ്പാര്‍ട്ട്‌മെന്റില്‍ ചേരിതിരിഞ്ഞ് വിദ്യാര്‍ഥികള്‍ അടികൂടുന്നത്. ചിലപ്പോള്‍ ഇത് കാസര്‍കോട് വരെ നീണ്ടുനില്‍ക്കും.

Latest