അരുവിക്കര ഉപതിരഞ്ഞെടുപ്പ്; 154 പോളിംഗ് ബൂത്തുകള്‍

Posted on: June 25, 2015 5:04 am | Last updated: June 25, 2015 at 1:05 am

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കലക്ടര്‍ ഡോ. എ കൗശികന്‍. തിരഞ്ഞെടുപ്പിനായി 154 ബൂത്തുകളാണ് തയ്യാറാക്കുന്നത്. മണ്ഡലത്തില്‍ പരസ്യപ്രചാരണ പരിപാടികള്‍ ഇന്ന് അവസാനിക്കുന്നതോടെ സ്ഥാനാര്‍ഥികളൊഴികെ മണ്ഡലത്തിലെ താമസക്കാരല്ലാത്തവര്‍ ഇന്ന് അഞ്ച് മണിക്ക് മണ്ഡലം വിട്ട് പോകണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.
97,535 സ്ത്രീകളും 86,688 പുരുഷന്മാരും ഉള്‍പ്പെടെ ആകെ 1,84,223 വോട്ടറുമാരാണ് മണ്ഡലത്തിലുള്ളത്. മണ്ഡലത്തില്‍ 991 പോസ്റ്റല്‍ വോട്ടുകളാണുള്ളത്. ഇവര്‍ക്ക് വോട്ടു രേഖപ്പെടുത്താനുള്ള ബാലറ്റ് പേപ്പര്‍ ജൂണ്‍ 15ന് അയച്ചതായി കലക്ടര്‍ അറിയിച്ചു. 88 പ്രദേശങ്ങളിലായി ഒരു ആക്‌സിലറി ബൂത്ത് ഉള്‍പ്പെടെ 154 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. 27ന് രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് പോളിംഗ്. അരുവിക്കര മണ്ഡലത്തിലും നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലും ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ 27ന് വൈകുന്നേരം അഞ്ചു മണിവരെ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30ന് വോട്ടെണ്ണല്‍ കേന്ദ്രമായ തൈക്കാട് സ്വാതിതിരുനാള്‍ സംഗീത കോളജിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റയളവിലും മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം വൈദ്യുതി തടസ്സമുണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ കെ എസ് ഇ ബിക്ക് നിര്‍ദേശം നല്‍കിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
വൊട്ടെടുപ്പ് ദിവസമായ 27ന് അരുവിക്കര മണ്ഡലത്തില്‍ പൊതു അവധിയായിരിക്കും. കൂടാതെ സാധനങ്ങളുടെ വിതരണ കേന്ദ്രമായ നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിനും പോളിംഗ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന നെടുമങ്ങാട് ഗവ. ബോയ്‌സ് യു പിഎസിനും 26, 27 തിയതികളില്‍ അവധിയായിരിക്കും. പോളിംങ് സ്റ്റേഷനുകളായ സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 26, 27 തീയതികളില്‍ അവധിയായിരിക്കും. വോട്ടെണ്ണല്‍ നടക്കുന്ന സംഗീത കോളജിന് 29, 30 തിയതികളിലും അവധിയായിരിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാത്രി തന്നെ വോട്ടിംഗ് മെഷീന്‍ വോട്ടെണ്ണല്‍ കേന്ദ്രമായ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ എത്തിക്കും. വോട്ടെണ്ണല്‍ 30ന് രാവിലെ എട്ടു മണിമുതല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടലുകള്‍ ആയിരിക്കും എണ്ണുക. 30 തിയതി രാവിലെ എട്ട് മണി വരെ എത്തുന്ന പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിക്കും.
ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് റൂറല്‍ എസ് പി ഷെഫീന്‍ അഹമ്മദ് അറിയിച്ചു ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കരയില്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഒമ്പത് ഡിവൈ എസ്.പി മാര്‍ 13 സി ഐമാരും 250 എസ് ഐ മാരും ഉള്‍പ്പെടെ ആകെ 2200 പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി വിന്യസിക്കും. മൂന്ന് കമ്പനി ബി എസ് എഫുകാരും ഡ്യൂട്ടിക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം അസി. ഡെവലപ്‌മെന്റ് കമ്മീഷണര്‍(ജനറല്‍) ജോണ്‍സണ്‍ പ്രേം കുമാറാണ് തെരഞ്ഞെടുപ്പ് വരണാധികാരി. സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോ സീനിയര്‍ സൂപ്രണ്ട് ബാബുവാണ് ഉപവരണാധികാരി. സിക്കിം സര്‍ക്കാറിലെ ഐ എ എസ് ഉദ്യോഗസ്ഥനായ സനോജ്കുമാര്‍ ഝായാണ് പൊതുനിരീക്ഷകന്‍. ഐ ആര്‍ എ എസ് ഉദ്യോഗസ്ഥനായ എന്‍. ശ്രീനിവാസ് രാജുവാണ് ചെലവ് നിരീക്ഷകന്‍.