Connect with us

National

ലളിത് മോദിക്കെതിരെ യു പി എ സര്‍ക്കാര്‍ ഇന്റര്‍പോളിനെ സമീപിച്ചില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ലളിത് മോദിക്കെതിരെ ഇന്റര്‍പോളിനെ സമീപിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ യു പി എ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. ഐ പി എല്‍ മാച്ച് ഫിക്‌സിംഗ്, വാതുവെപ്പ് ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളില്‍പ്പെട്ട മുന്‍ ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോദി 2010ല്‍ ഇന്ത്യ വിട്ടതാണ്. അന്ന് മോദിക്കെതിരെ അഴിമതിക്കേസ് നിലവിലുണ്ടായിരുന്നു. മാത്രമല്ല, ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ഇയാള്‍ക്കെതിരെ ഡയരക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ബ്ലൂ നോട്ടീസ് (അന്വേഷണ നോട്ടീസ്) പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നയിക്കുന്ന യു പി എ സര്‍ക്കാര്‍ മോദിയെ ഇന്ത്യയില്‍ എത്തിക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ തയ്യാറായില്ലെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലളിത് മോദിക്കെതിരെ നോട്ടീസ് പുറപ്പെടുവിക്കാന്‍ യു പി എ സര്‍ ക്കാര്‍ ഇന്റര്‍ പോളിനെ സ മീപിച്ചില്ലെന്ന മുന്‍ ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ റൊണാള്‍ഡ് കെ നോബിളിന്റെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍.
മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് (ആര്‍ സി എന്‍) പുറപ്പെടുവിക്കാന്‍ യു പി എ സര്‍ക്കാറിന് ഇന്റര്‍പോളിനെ സമീപിക്കാമായിരുന്നെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്റര്‍പോള്‍ അംഗ രാജ്യങ്ങളില്‍ കഴിയുന്ന ആരോപണ വിധേയര്‍ക്കെതിരെ ആര്‍ സി എന്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അയളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്ത് അരോപണം നിലനില്‍ക്കുന്ന രാജ്യത്തെത്തിക്കുന്നതിനും ബന്ധപ്പെട്ട രാജ്യത്തിന് ബാധ്യതയുണ്ട്. നിലവില്‍ 190 രാജ്യങ്ങളിലാണ് ഇന്റര്‍പോളിന്റെ ആര്‍ സി എന്‍ ബാധകമായിട്ടുള്ളത്.

Latest