മലയോര മേഖല ഒറ്റപ്പെട്ടു

Posted on: June 24, 2015 5:24 am | Last updated: June 24, 2015 at 1:24 pm

നിലമ്പൂര്‍: മലയോരത്ത് ചാലിയാറും പോഷക നദികളും കര കവിഞ്ഞ് മലയോര ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. മേഖലയില്‍ മൂന്ന് ദിവസമായി മഴ ശക്തമായി തുടരുകയാണ്. ഇന്നലെ പുലര്‍ചെ മലവാരങ്ങളില്‍ മഴ കനത്തതോടെ ചാലിയാറിലും പോഷക നദികളിലും ജല നിരപ്പുയര്‍ന്നു.
പുന്നപ്പുഴ, കുതിരപ്പുഴ, പാണ്ടിപ്പുഴ, കരിമ്പുഴ തുടങ്ങിയ ചാലിയാറിന്റെ പോഷക നദികളിലെല്ലാം ഒഴുക്ക് ശക്തമായിട്ടുണ്ട്. പുന്നപ്പുഴയുടെ മുട്ടിക്കടവില്‍ കോസ്‌വേക്ക് മുകളിലൂടെ വെള്ളമൊഴുകി ഗതാഗതം തടസ്സപ്പെട്ടു . ഇതേ തുടര്‍ന്ന് ചുങ്കത്തറ പഞ്ചായത്തിലെ പള്ളിക്കുത്ത്, കൊന്നമണ്ണ, ചീരക്കുഴി, പെരിമ്പിലാട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.
ഈ ഭാഗങ്ങളില്‍ നിന്ന് ചുങ്കത്തറ ടൗണിലേക്ക് ഏക മാര്‍ഗമാണ് മുട്ടിക്കടവ് കോസ്‌വേ. ഇതു വഴി ഗതാഗതം തടസ്സപ്പെട്ടതോടെ ഉള്‍ഗ്രാമങ്ങളില്‍ നിന്ന് ടൗണിലെത്താന്‍ എടക്കര വഴി ഏറെ ദൂരം സഞ്ചരിക്കണം, പുന്നപ്പുഴയുടെ മുപ്പിനി കടവില്‍ കോസ്‌വേയും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. ചുങ്കത്തറ എടക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം വെള്ളത്തിലായതോടെ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായിട്ടുണ്ട്. ചളിക്കപ്പൊട്ടി, വരക്കോട് ഭാഗങ്ങളിലേക്കാണ് ഇതോടെ യാത്ര ദുരിതമായത്. ചുങ്കത്തറ പൂച്ചക്കുത്തില്‍ പുഴയുടെ സംരക്ഷണ ഭിത്തി തകര്‍ന്നിട്ടുണ്ട്. അതേ സമയം നിലമ്പൂര്‍ താലൂക്കില്‍ ഇന്നലെ മാത്രം 58 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കരുളായിയില്‍ 13ഉം പോത്തുകല്ലില്‍ . ചാലിയാറില്‍ നാലും മമ്പാട് , വഴിക്കട് എന്നിവിടങ്ങളില്‍ രണ്ടും വീടുകളും തകര്‍ന്നിട്ടുണ്ട്. ഏട്ട് ലക്ഷം രൂപയുടെ നാഷ്ടമാണ് കണക്കാക്കുന്നത്. നിരവധി വൈദ്യുതി തൂണുകളും ലൈനുകളും തകര്‍ന്നിട്ടുണ്ട്. മൂന്ന് ദിവസമായി മലയോരം പൂര്‍ണമായും ഇരുട്ടിലാണ്. പലഭാഗത്തും വന്‍ മരങ്ങള്‍ കടപുഴകി വണിട്ടുമുണ്ട്. വന്‍കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.