വേങ്ങര ബോയ്‌സ് ഹൈസ്‌കൂളില്‍ അധ്യയനം തടസ്സപ്പെട്ടു

Posted on: June 24, 2015 10:23 am | Last updated: June 24, 2015 at 1:24 pm

വേങ്ങര: വേങ്ങര ബി എസ് എന്‍ എല്‍ ഓഫീസിലെ പവര്‍ ഹൗസില്‍ നിന്നും പുക ഉയര്‍ന്ന് ക്ലാസിലാകെ നിറഞ്ഞതോടെ കുട്ടികള്‍ അസ്വസ്ഥരായി. ഒട്ടേറെ പേര്‍ക്ക് തല കറക്കം അനുഭവപ്പെട്ടു.
വേങ്ങര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തിലെ പ്ലസ്ടു ക്ലാസിലാണ് രാവിലെ ഒമ്പത് മണിയോടെ പുക നിറഞ്ഞത്. വേങ്ങര ബി എസ് എന്‍ എല്‍ ഓഫീസിലെ പവര്‍ ഹൗസിലെ ജനറേറ്ററില്‍ നിന്നായിരുന്നു പുക. സംഭവത്തെ തുടര്‍ന്ന് എം കെ ആഷിഖ്, പി അക്ഷയ്, ഫെബിന്‍, ഫൈസല്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് ബോധക്ഷയമുണ്ടായി. അസ്വസ്ഥരായ വിദ്യാര്‍ഥികള്‍ ക്ലാസിലിരിക്കാനാവാതെ പ്രതിഷേധവുമായി പുറത്തേക്കിറങ്ങി. വേങ്ങര പോലീസിലും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതരും വേങ്ങര പോലീസും സംഭവ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം അധ്യയനം തടസ്സപ്പെട്ടു. ഒടുവില്‍ ബി എസ് എന്‍ എല്‍ അധികൃതര്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതോടെയാണ് ക്ലാസ് തുടരാനായത്.
വിദ്യാലയത്തോട് ചേര്‍ന്നാണ് ബി എസ് എന്‍ എല്‍ ഓഫീസ് സ്ഥിതി ചെയ്യുന്നത്. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളോടെ ചേര്‍ന്നാണ് ഓഫീസിലെ പവര്‍ ഹൗസ്. ജനറേറ്ററിന്റെ പ്രവര്‍ത്തനം കാരണം ക്ലാസിലിരിക്കാനും പഠനത്തില്‍ ശ്രദ്ധിക്കാനും പ്രയാസമനുഭവിക്കുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. പല തവണ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് അവര്‍ പറയുന്നു. തങ്ങളുടെ കെട്ടിടത്തിന് മുകളിലെ ഷീറ്റിനെ കുറിച്ചും അവര്‍ പരാതിപ്പെട്ടു. നിലവിലുള്ള പഠനാന്തരീക്ഷം വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് സ്ഥലം സന്ദര്‍ശിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ്, ജൂനിയര്‍ എച്ച് ഐ അജിത എന്നിവര്‍ അറിയിച്ചു. ഇക്കാര്യം ബി എസ് എന്‍ എല്‍ അധികൃതരെ നേരത്തെ അറിയിച്ചതാണെന്നും നടപടി സ്വീകരിക്കാത്തത് എന്തു കൊണ്ടാണെന്നറിയില്ലെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതാണ് പ്രശ്‌നത്തിന് കാരണണെന്നും ജനറേറ്ററിന്റെ കാലപ്പഴക്കം കാരണം കൂടുതല്‍ നേരെ പ്രവര്‍ത്തിക്കുമ്പോള്‍ പുക ഉയരുകയാണെന്നും പുകക്കുഴല്‍ ഉയര്‍ത്തി നാലു ദിവസത്തിനകം താത്കാലിക പരിഹാരം കാണമെന്നും ബി എസ് എന്‍ എല്‍ അധികൃതര്‍ അറിയിച്ചു. ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചതോടെ എക്‌സ്‌ചേഞ്ചിനു കീഴിലെ ടെലിഫോണ്‍ ബന്ധം തകരാറിലായി.