സംസ്ഥാനത്തെ വാണിജ്യ ബേങ്കുകളിലെ പ്രവാസി നിക്ഷേപം 1,09,603 കോടി

Posted on: June 23, 2015 9:02 am | Last updated: June 23, 2015 at 1:02 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വാണിജ്യ ബേങ്കുകളിലെ പ്രവാസി നിക്ഷേപത്തില്‍ വന്‍വര്‍ധന. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം വാണിജ്യ ബേങ്കുകളിലെ പ്രവാസി നിക്ഷേപം 1,09,603 കോടിയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15,720 കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്്. സംസ്ഥാനതല ബേങ്കേഴ്‌സ് സമിതിയുടെ അവലോകന റിപ്പോര്‍ട്ടാണ് പ്രവാസി നിക്ഷേപത്തിലെ വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രവാസി നിക്ഷേപത്തിന്റെ ഏറിയ പങ്കും സ്വകാര്യ ബേങ്കുകളിലാണ്- 44,905 കോടി. ആകെ നിക്ഷേപത്തിന്റെ 41 ശതമാനമാണിത്. 35 ശതമാനം സ്റ്റേറ്റ് ബേങ്ക് ഗ്രൂപ്പിലാണ്- 41,159 കോടി. പ്രവാസി നിക്ഷേപത്തില്‍ 70,211 കോടി അര്‍ധനഗര പ്രദേശങ്ങളില്‍ നിന്നാണ്. നഗര പ്രദേശങ്ങളില്‍ നിന്ന് 35,636 കോടിയും ഗ്രാമീണ പ്രദേശങ്ങളില്‍ നിന്ന് 3757 കോടിയുമാണ് പ്രവാസി നിേക്ഷപത്തിലെ പങ്കാളിത്തം.
സംസ്ഥാനത്തെ മൊത്തം നിക്ഷേപം 3,19,890 കോടി രൂപയായി വര്‍ധിച്ചു. 2014 മാര്‍ച്ചില്‍ ഇത് 2,79,655 കോടിയായിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ നിക്ഷേപത്തില്‍ 40,235 കോടിയുടെ വര്‍ധനയുണ്ടായി – 14 ശതമാനം.
ആഭ്യന്തര നിക്ഷേപത്തില്‍ 13 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. 2014 മാര്‍ച്ചില്‍ 1,85,772 കോടിയായിരുന്ന ആഭ്യന്തര നിക്ഷേപം 2,10,287 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 65.73 ശതമാനമായിരുന്നു ആഭ്യന്തര നിക്ഷേപം. അതേ സമയം വിദ്യാഭ്യാസ വായ്പ സംബന്ധിച്ച് ബേങ്കുകള്‍ മുന്നോട്ടു വെച്ച നിര്‍ദേശം സര്‍ക്കാര്‍ തള്ളി. രണ്ടര ലക്ഷം രൂപക്ക് മേലുള്ള വിദ്യാഭ്യാസ വായ്പക്ക് സെക്യൂരിറ്റി നല്‍കണമെന്ന ബേങ്കുകളുടെ ആവശ്യമാണ് സര്‍ക്കാര്‍ തള്ളിയത്. നാല് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പ ഉപാധിരഹിതമായി നല്‍കണമെന്ന് സര്‍ക്കാര്‍ ബേങ്കുകളോട് ആവശ്യപ്പെട്ടു. നേരത്തെ ബേങ്കേഴ്‌സ് കമ്മിറ്റിയുടെ തീരുമാന പ്രകാരം രൂപവത്കരിച്ച ഉപസമിതി ഇതിനായി നിര്‍ദേശങ്ങള്‍ തയാറാക്കിയിരുന്നു. ഇതില്‍ ചിലതിനോട് സര്‍ക്കാര്‍ വിയോജിച്ചു. വിദ്യാഭ്യാസ വായ്പയില്‍ കിട്ടാക്കടം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപസമിതി നിര്‍ദേശം നടപ്പാക്കണമെന്ന നിലപാടായിരുന്നു ബേങ്കുകള്‍ക്ക്.
വിവിധ കോഴ്‌സുകള്‍ക്ക് വായ്പ നല്‍കുന്നതിന് പരിധി കൊണ്ടു വരണമെന്ന് ബേങ്കുകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഡിപ്ലോമ കോഴ്‌സുകള്‍ക്ക് രണ്ടര ലക്ഷം, ബി എസ് സി കോഴ്‌സുകള്‍ക്ക് മുന്ന് ലക്ഷം, എന്‍ജിനീയറിംഗ്, ഡിഗ്രി കോഴ്‌സുള്‍ക്ക് മൂന്നര ലക്ഷം, പി ജി ഡിപ്ലോമകള്‍ക്ക് രണ്ടര ലക്ഷം, പി ജി ഡിഗ്രികള്‍ക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് ബേങ്ക് മുന്നോട്ടു വെച്ചത്. എന്നാല്‍ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന ഫീസ് പ്രകാരം വായ്പ നല്‍കണമെന്ന നിലപാടാണ് സര്‍ക്കാര്‍ അറിയിച്ചത്. വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാത്തവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വന്‍ കുറവ് വന്നതായി ബേങ്കേഴ്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 മാര്‍ച്ചില്‍ 45,843 പേരാണ് വായ്പ തിരിച്ചടക്കാതിരുന്നതെങ്കില്‍ 2015 മാര്‍ച്ചില്‍ ഇത് 32,345 പേരായി കുറഞ്ഞു. 13,498 പേരുടെ കുറവാണുണ്ടായത്. കിട്ടാക്കടത്തിന്റെ തുകയിലും കുറവ് വന്നു. ഈ കാലയളവില്‍ ഇത് 915 കോടിയില്‍ നിന്ന് 710 കോടിയായി താഴ്ന്നു. 205 കോടിയുടെ കുറവാണ് വന്നത്. അതേ സമയം വിദ്യാഭ്യാസ വായ്പ നല്‍കിയവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.