നോമ്പ് കാലത്തെ മൂന്ന് വാര്‍ത്തകള്‍

Posted on: June 21, 2015 5:02 pm | Last updated: June 29, 2015 at 5:06 pm

മൂന്ന് നോമ്പ് വാര്‍ത്തകളില്‍ ആദ്യത്തേത് മനുഷ്യത്വത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും സ്‌നേഹത്തിന്റെയും വെളിച്ചം പകരുന്നു. രണ്ടാമത്തേതും മൂന്നാമത്തേതും ഇസ്‌ലാമോഫോബിയയുടെ ഇരുട്ടാണ് പ്രസരിപ്പിക്കുന്നത്. സംശയത്തിന്റെയും മതനിരാസത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റത്തിന്റെയും നിതാന്തമായ ഇരുട്ട്. ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയില്‍ ആരും നോമ്പെടുക്കെരുതെന്നാണ് സര്‍ക്കാറിന്റെ ഉത്തരവ്. നിര്‍ബന്ധമാണെങ്കില്‍ ഉച്ചവരെയാകാം. സുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പുമെല്ലാം ചേര്‍ന്നാണ് നിരോധം നടപ്പാക്കാന്‍ ഒരുമ്പെടുന്നത്. നോമ്പ് ആരോഗ്യത്തിന് ഹാനികരമാണെന്ന ബോധവത്കരണത്തിലാണ് ആരോഗ്യവകുപ്പ്. വ്രതം വരുത്തുന്ന രോഗങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നു അവര്‍. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ ‘ബോധവത്കരണം’. മുഴുവന്‍ ഹലാല്‍ റെസ്റ്റോറന്റുകളും പകല്‍ തുറന്ന് പ്രവര്‍ത്തിച്ചു കൊള്ളണം.

Ramadan in Aceh Province
ആച്ചെയിലെ അഭയാര്‍ഥി ക്യാമ്പിനോടനുബന്ധിച്ചുള്ള താത്കാലിക നിസ്‌കാര സ്ഥലത്ത് പ്രാര്‍ഥിക്കുന്ന റോഹിംഗ്യ മുസ്‌ലിംകള്‍

മൂന്ന് നോമ്പ് വാര്‍ത്തകളില്‍ ആദ്യത്തേത് മനുഷ്യത്വത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും സ്‌നേഹത്തിന്റെയും വെളിച്ചം പകരുന്നു. രണ്ടാമത്തേതും മൂന്നാമത്തേതും ഇസ്‌ലാമോഫോബിയയുടെ ഇരുട്ടാണ് പ്രസരിപ്പിക്കുന്നത്. സംശയത്തിന്റെയും മതനിരാസത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റത്തിന്റെയും നിതാന്തമായ ഇരുട്ട്.
പോയ വാരങ്ങളില്‍ ലോകത്തിന്റെ ശ്രദ്ധമുഴുവന്‍ മലേഷ്യക്കും ഇന്തോനേഷ്യക്കും ഇടയിലെ സമുദ്ര മേഖലയിലായിരുന്നുവല്ലോ. മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള ഏഴായിരത്തോളം വരുന്ന മനുഷ്യര്‍ കടലില്‍ അലയുകയായിരുന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ അവരില്‍ പലരും മരിച്ചു വീഴുന്നുവെന്നത് മാധ്യമങ്ങള്‍ വളരെയേറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. അതോടെ മുമ്പൊരിക്കലും ഇല്ലാത്ത വിധം ഈ മനുഷ്യരുടെ ദുരിതങ്ങളിലേക്കും ഇവരെ ഇങ്ങനെ കടലിലേക്ക് തള്ളിവിടുന്ന ഘടകങ്ങളിലേക്കും ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞു. അന്താരാഷ്ട്ര സംഘടനകളും പ്രമുഖ രാജ്യങ്ങളും പ്രതികരിക്കാന്‍ നിര്‍ബന്ധിതരായി. ഇവര്‍ക്ക് ആര് അഭയം നല്‍കുമെന്ന ചോദ്യം ഉച്ചത്തില്‍ ഉയര്‍ന്നു. മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യന്‍ മുസ്‌ലിംകളുടെ സ്ഥിതിയായിരുന്നു ഏറെ കഷ്ടം. ബുദ്ധതീവ്രവാദികളുടെ കൊലവിളിയില്‍ നിന്ന് ജീവനും കൊണ്ട് ഓടിപ്പോന്നവരാണ് അവര്‍. തിരിച്ചു പോക്ക് അസാധ്യം. മ്യാന്‍മറിലെ രാഖിനെ പ്രവിശ്യയില്‍ ലോകത്തെ ഏറ്റവും ക്രൂരമായ ആട്ടിയോടിക്കല്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. പക്ഷേ, ഇത്തവണ കടലില്‍ അലഞ്ഞ മനുഷ്യരെ കുറിച്ചുള്ള ലോകത്തിന്റെ ആധിക്കൊപ്പം രാഖിനെയിലെ വംശഹത്യ കൂടി ചര്‍ച്ചയായി. യു എന്നും യു എസുമെല്ലാം മ്യാന്‍മര്‍ ഭരണകൂടത്തിന് താക്കീത് നല്‍കി. ആ താക്കീതുകള്‍ സ്ഥായിയായ ഗുണഫലമുണ്ടാക്കി എന്നല്ല. അവിടെ ആംഗ്‌സാന്‍ സൂക്കിയെപ്പോലുള്ളവര്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതരായി എന്നതാണ് നേട്ടം.
മൂന്ന് തീരങ്ങളാണ് തോണി മനുഷ്യര്‍ ലക്ഷ്യമിട്ടിരുന്നത്. മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്. എന്നാല്‍ ഇവിടങ്ങളിലെല്ലാം തീര സംരക്ഷണ സേന തോക്കു ചൂണ്ടി കാവലിരിക്കുകയായിരുന്നു. അവര്‍ ഈ മനുഷ്യരെ കടലിലേക്ക് തന്നെ തള്ളിവിട്ടു കൊണ്ടിരുന്നു. തങ്ങളുടെ മണ്ണില്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിന് അഭയാര്‍ഥികളുണ്ടെന്നും ഇനി ഉള്‍ക്കൊള്ളാന്‍ നിവൃത്തിയെല്ലെന്നുമായിരുന്നു വാദം. എന്നാല്‍ ഫിലിപ്പൈന്‍സിന്റെ അങ്ങേയറ്റം മാനുഷികമായ സമീപനമാണ് ഈ രാജ്യങ്ങളെയാകെ നിലപാട് മാറ്റാന്‍ പ്രേരിപ്പിച്ചത്. ഈ റമസാനില്‍ ഇന്തോനേഷ്യയിലെ ആച്ചേയില്‍ സ്വസ്ഥമായി ആരാധനകളില്‍ മുഴുകുന്ന റോഹിംഗ്യന്‍ മുസ്‌ലിംകള്‍ അഭയം തന്നവര്‍ക്കായി പ്രാര്‍ഥിച്ചു കൊണ്ടേയിരുക്കുന്നു. ഒരു ക്രിസ്ത്യന്‍ രാജ്യമായ ഫിലിപ്പൈന്‍സ് ഉണ്ടാക്കിയ സദ്ഭാവന കൂടി ഈയവസരത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. എല്ലാവരും കൈയൊഴിഞ്ഞപ്പോള്‍, അനുകമ്പയും ആതിഥ്യമര്യാദയും ഉള്ള ജനതയെന്ന നിലയില്‍, ബോട്ടുകളില്‍ നരകയാതന അനുഭവിക്കുന്ന മനുഷ്യര്‍ക്ക് മാനുഷികമായ ദുരിതാശ്വാസം നല്‍കാനും അഭയമേകാനും ഫിലിപ്പൈന്‍സ് തയ്യാറാണെന്ന് പ്രമുഖ ഫിലിപ്പൈന്‍ സെനറ്ററും പ്രസിഡന്റിന്റെ ബന്ധുവുമായ പൗലോ അക്വിനോ പ്രഖ്യാപിക്കുകയായിരുന്നു. ഈ പ്രഖ്യാപനമാണ് സത്യത്തില്‍ ഇന്തോനേഷ്യയെ അടക്കം മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സ്വന്തം ജനതയില്‍ നിന്ന് സമ്മര്‍ദമുയരുന്നതിനും ഇത് കാരണമായി.
ഇന്തോനേഷ്യയിലെ ആച്ചേ ക്യാമ്പില്‍ നിന്നുള്ള വാര്‍ത്തകള്‍ ലോകത്താകെയുള്ള വിശ്വാസികള്‍ക്ക് ആവേശവും ആശ്വാസവും പകരുന്നതാണ്. ആച്ചേ നിവാസികള്‍ നൂറ്കണക്കിന് റോഹിംഗ്യാ മുസ്‌ലിംകള്‍ക്ക് നോമ്പിനുള്ള മുഴുവന്‍ വിഭവങ്ങളും ക്യാമ്പുകളില്‍ എത്തിക്കുകയാണ്. യു എന്നിന്റെയും സര്‍ക്കാറിന്റെയും സഹായമുണ്ടെങ്കിലും അത് നാമമാത്രമാണെന്ന് തിരിച്ചറിയുന്ന പ്രദേശവാസികള്‍ പ്രത്യേകം പിരിവ് നടത്തി ക്യാമ്പുകളില്‍ എല്ലാ സൗകര്യവും ഒരുക്കുന്നു. നിസ്‌കരിക്കാനും മറ്റും പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആച്ചേയോട് ചേര്‍ന്നുള്ള പട്ടണങ്ങളിലെല്ലാം റോഹിംഗ്യാ റിലീഫ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. സ്ഥല പരിമിതിയുള്ള ക്യാമ്പുകളോട് ചേര്‍ന്ന് പുതിയ സംവിധാനങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് സമീപവാസികള്‍. ‘സുനാമിയിലും അതിന് മുമ്പ് ഇവിടെ പതിവായിരുന്ന സംഘര്‍ഷങ്ങളിലും ദുരിതവും ഒറ്റപ്പെടലും എന്തെന്ന് ഞങ്ങള്‍ മനസ്സിലാക്കിയതാണ്. അത്‌കൊണ്ട് മതപരമായ വ്യക്തിത്വം നിലനിര്‍ത്താനായി സ്വന്തം നാട് വിട്ട് വന്ന ഈ മനുഷ്യരെ ചേര്‍ത്ത് പിടിക്കാനുള്ള ബാധ്യത ഞങ്ങള്‍ ഏറ്റെടുക്കുന്നു’വെന്നാണ് ഒരു ആച്ചേ വ്യാപാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ഈ വാക്കുകളില്‍ മനുഷ്യന്‍ എന്ന പരമമായ ഐക്യപ്പെടലുണ്ട്. ഒപ്പം മതപരമായ സ്വത്വം ഉണര്‍ത്തുന്ന ചുമതലാ ബോധവും. മതാധ്യാപകനായ മുഹമ്മദ് യൂനുസ് കടലിലേക്ക് ഇറങ്ങിയത് രാഖിനെ പ്രവിശ്യയിലെ പള്ളി ബുദ്ധതീവ്രവാദികള്‍ തകര്‍ത്തതോടെയാണ്. യൂനുസിനെ കൊല്ലാനായിരുന്നു പദ്ധതി. ജീവനും കൊണ്ടോടി. ആദ്യം നാഫ് നദി വഴി ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പില്‍. അവിടെ ജീവിതം ദുരിതപൂര്‍ണമായപ്പോള്‍ കടലിലേക്ക്. മലേഷ്യയായിരുന്നു ലക്ഷ്യം. മാസങ്ങളോളം അലഞ്ഞവരിലൊരാളാണ് യൂനുസും. ഒടുവില്‍ ഇവിടെ ആച്ചേയില്‍ അണഞ്ഞ ഈ യുവ പണ്ഡിതന്‍ സംതൃപ്തനാണ്. ക്യാമ്പുകളില്‍ പ്രാര്‍ഥനകള്‍ക്കും ഉപദേശങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ സാധിക്കുന്നു. ആരുടെയും ഇടപെടലില്ലാതെ ആരാധനാ കാര്യങ്ങളില്‍ മുഴുകാം. ഒറ്റ ദുഃഖമേയുളളൂ. ഭാര്യയും കുട്ടികളും മ്യാന്‍മറില്‍ തന്നെയാണ്. ഈ റമസാനില്‍ അവര്‍ എങ്ങനെ കഴിയുന്നുവെന്ന് ആര്‍ക്കറിയാം- വാര്‍ത്താ ഏജന്‍സിയുടെ ക്യാമറക്ക് മുന്നില്‍ യൂനുസ് കരച്ചിലടക്കാന്‍ പാടുപെടുന്നു.

രണ്ടാമത്തെ വാര്‍ത്ത ബ്രിട്ടനില്‍ നിന്നാണ്. അവിടെ ലണ്ടനിലെ നാല് സ്‌കൂളുകളില്‍ കുട്ടികള്‍ റമസാനില്‍ നോമ്പെടുക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ലയണ്‍ അക്കാദമി ട്രസ്റ്റിന് കീഴിലെ കൂടുതല്‍ സ്‌കൂളുകളില്‍ ഇത്തരം നിരോധം വരാന്‍ പോകുന്നുവെന്നാണ് വാര്‍ത്ത. ഇതോടെ ബ്രിട്ടനില്‍ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ച ഒരിക്കല്‍ കൂടി ചൂടുപിടിക്കുകയാണ്. ഇസ്‌ലാമിക മതവിധികള്‍ പഠിച്ച ശേഷമാണ് ഇത്തരമൊരു നിരോധം കൊണ്ടു വരുന്നതെന്ന് ട്രസ്റ്റ് സി ഇ ഒ ജസ്റ്റിന്‍ ജെയിംസ് പറയുന്നു. കുട്ടികളെ നോമ്പെടുക്കുന്നതില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ‘മുതിര്‍ന്നിട്ട് നോമ്പെടുത്താല്‍ മതിയെന്നാണല്ലോ മതം പറയുന്നത്. ഇപ്പോള്‍ വരണ്ട കാലാവസ്ഥയാണ്. സ്‌കൂളിലാണെങ്കില്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സജീവമായ സമയം. കലാ, കായിക മീറ്റുകള്‍ മുഴുവന്‍ നടക്കാനിരിക്കുന്നു. ഈ സമയത്ത് നോമ്പെടുത്താല്‍ അത് വലിയ പ്രശ്‌നമുണ്ടാക്കും. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മാത്രം പ്രത്യേക ഇളവുകള്‍ നല്‍കേണ്ടി വരും. മാത്രമല്ല. അവരുടെ ആരോഗ്യവും നോക്കണമല്ലോ. നിര്‍ജലീകരണം രൂക്ഷമായിരിക്കും. ഇത് അസുഖങ്ങള്‍ വരുത്തിവെക്കും. അങ്ങനെ ആധ്യയന ദിനങ്ങള്‍ നഷ്ടമാകും’. ഇങ്ങനെ പോകുന്നു സ്‌കൂള്‍ സര്‍ക്കുലറിലെ വാദങ്ങള്‍.
എന്നാല്‍ മുസ്‌ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍ അടക്കമുള്ള സംഘടനകള്‍ നിരോധം തള്ളിക്കളയുന്നു. അവര്‍ ചോദിക്കുന്ന ചോദ്യമിതാണ്. മതവിധി നിശ്ചയിക്കേണ്ടത് സ്‌കൂള്‍ അധികൃതരാണോ? മതത്തില്‍ ഇതിനൊക്കെ കൃത്യമായ നിയമങ്ങള്‍ ഉണ്ട്. ആരാണ് നോമ്പെടുക്കേണ്ടത്. ആര്‍ക്കാണ് ഇളവുള്ളത്. എപ്പോള്‍ നോമ്പ് മുറിക്കാം. എല്ലാം വ്യക്തമാണ്. ആ നിലക്ക് സ്‌കൂള്‍ അധികൃതര്‍ കൊണ്ടുവരുന്ന നിരോധം മതവിരുദ്ധം തന്നെയാണ്. കുട്ടികളെ മതചിട്ടയിലേക്ക് കൊണ്ടുവരുന്നതിനായി നോമ്പെടുപ്പിക്കാറുണ്ട്. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രക്ഷിതാക്കളും മതാധ്യാപകരുമാണ്. ഇതില്‍ സ്‌കൂള്‍ അധികൃതര്‍ ഇടപെടുന്നത് വ്യക്തിയുടെ മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്ന് കയറ്റമാണെന്ന് എം എ ബി വ്യക്തമാക്കുന്നു. സ്‌കൂളുകളുടെ തീട്ടൂരത്തില്‍ പ്രതിഷേധിച്ച് കൂടുതല്‍ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇസ്‌ലാമോഫോബിയയുടെ ഭാഗം തന്നെയാണ് ഈ സര്‍ക്കുലറെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു മതസ്ഥരുടെ, പ്രത്യേകിച്ച ക്രിസ്ത്യാനികളുടെ, മതാചാരങ്ങള്‍ പലതും പൊതു ചടങ്ങുകളായി സ്‌കൂളുകളില്‍ നടക്കുന്നുവെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഈ നിരോധം സംശയാസ്പദമാണ്. ബുര്‍ഖക്കും ശിരോ വസ്ത്രത്തിനുമെതിരെ നടക്കുന്ന പ്രചാര വേലകളുടെയും നിയമനിര്‍മാണങ്ങളുടെയും തുടര്‍ച്ചയായി മാത്രമേ ഈ നിരോധത്തെ കാണാനാകൂ.

മൂന്നാമത്തെ വാര്‍ത്ത പതിവുപോലെ ചൈനയില്‍ നിന്നാണ്. ഇവിടെ പാക്കിസ്ഥാനോട് ചേര്‍ന്ന് കിടക്കുന്ന സിന്‍ജിയാംഗില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും പോലീസ് ഇറങ്ങിയിരിക്കുന്നു നോമ്പ് നിരോധം നടപ്പാക്കാന്‍. 16 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന തെക്കുകിഴക്കന്‍ പ്രവിശ്യയാണ് സിന്‍ജിയാംഗ്. സിന്‍ജിയാംഗ് ഉയ്ഗൂര്‍ സ്വയംഭരണ മേഖലയെന്നാണ് ഔദ്യോഗിക നാമം. ഇവിടുത്തെ ജനങ്ങള്‍ മൊത്തം ജനസംഖ്യയുടെ ആറില്‍ ഒന്ന് വരും. ടിബറ്റ്, ഇന്ത്യയിലെ ലേ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയവയാണ് ഈ മേഖലയുടെ അതിര്‍ത്തി. തുര്‍ക്കി വംശജരായ ഉയ്ഗൂര്‍ മുസ്‌ലിംകളാണ് ഇവിടുത്തെ പരമ്പരാഗത നിവാസികള്‍. സുന്നി, സൂഫി ധാരയിലുള്ള ഇവര്‍ സവിശേഷമായ സാംസ്‌കാരിക പാരമ്പര്യം പേറുന്നവരാണ്. ചൈനീസ് സര്‍ക്കാറിന് എക്കാലത്തും ഇവരെ സംശയമായിരുന്നു. ഇവിടെ വിഘടനവാദം ശക്തമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. മുസ്‌ലിം ഭൂരിപക്ഷമായ ഇവിടേക്ക് ഹാന്‍ വംശജരെ കൂട്ടം കൂട്ടമായി കടത്തി വിടുകയെന്ന കുതന്ത്രമാണ് സര്‍ക്കാര്‍ കാലങ്ങളായി ചെയ്തു വരുന്നത്. ഇത് മേഖലയില്‍ വന്‍ ഏറ്റുമുട്ടലിന് ഇടയാക്കുന്നു. ചില ഉയ്ഗൂര്‍ ഗ്രൂപ്പുകള്‍ തീവ്രവാദത്തിലേക്ക് വഴുതിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം കുന്‍മിംഗില്‍ നടന്ന കത്തിയാക്രമണങ്ങള്‍ക്ക് പിന്നില്‍ ഈ ഗ്രൂപ്പുകളായിരുന്നു.
ഇത്തരം തീവ്രവാദ പ്രവണതകളെ ആളിക്കത്തിക്കാന്‍ മാത്രമേ ചൈനീസ് സര്‍ക്കാറിന്റെ നോമ്പ് നിരോധനം ഉപകരിക്കുകയുള്ളൂ. ആരും നോമ്പെടുക്കെരുതെന്നാണ് സര്‍ക്കാറിന്റെ ഉത്തരവ്. നിര്‍ബന്ധമാണെങ്കില്‍ ഉച്ചവരെയാകാം(!?). സുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പുമെല്ലാം ചേര്‍ന്നാണ് നിരോധം നടപ്പാക്കാന്‍ ഒരുമ്പെടുന്നത്. നോമ്പ് ആരോഗ്യത്തിന് ഹാനികരമാണെന്ന ബോധവത്കരണത്തിലാണ് ആരോഗ്യവകുപ്പ്. വ്രതം വരുത്തുന്ന രോഗങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നു അവര്‍. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ ‘ബോധവത്കരണം’. മുഴുവന്‍ ഹലാല്‍ റെസ്റ്റോറന്റുകളും പകല്‍ തുറന്ന് പ്രവര്‍ത്തിച്ചു കൊള്ളണം. ഇല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നോമ്പെടുത്തെന്ന് തെളിഞ്ഞാല്‍ പണി പോകും. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളായ മുസ്‌ലിംകള്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്. മുസ്‌ലിംകള്‍ നടത്തുന്ന കടകളില്‍ പതിവു പോലെ സിഗരറ്റും മറ്റ് പുകയില, ലഹരി ഉത്പന്നങ്ങളും വില്‍ക്കണം. ഇനിയുമുണ്ട് സര്‍ക്കാര്‍ ഉത്തരവിലെ നിഷ്‌കര്‍ഷകളെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖര്‍ആന്‍ പാരായണ പരിശീലന ക്ലാസുകളില്‍ കുട്ടികള്‍ പങ്കെടുക്കരുത്. മദ്‌റസകള്‍ തുറക്കരുത്. പള്ളികളില്‍ സംഘ പ്രാര്‍ഥനകള്‍ നടത്തരുത്. ഉദ്‌ബോധന പ്രസംഗങ്ങള്‍ കര്‍ശനമായ പരിശോധനക്ക് വിധേയമാക്കും. സര്‍ക്കാറിന്റെ പരിശോധന പൂര്‍ത്തിയായ മുസ്ഹഫ് മാത്രമേ പ്രവിശ്യയില്‍ ഉപയോഗിക്കാവൂ. മതസാഹിത്യങ്ങള്‍ കര്‍ശന സെന്‍സര്‍ഷിപ്പിന് വിധേയമാക്കണം.
ഷാംഗ്ഹായി പോലുള്ള ചൈനീസ് നഗരങ്ങളില്‍ വ്യവസ്ഥാപിതമായും ഏറെക്കുറെ സ്വതന്ത്രമായും പള്ളികളും മത സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുള്ള ചെലവ് വഹിക്കുന്നതും ഇമാമുമാര്‍ക്ക് ശമ്പളം നല്‍കുന്നതുമെല്ലാം സര്‍ക്കാറാണ്. ഇതാണ് ലോകത്തിന് മുന്നിലുള്ള ചൈനയുടെ മുഖം. എന്നാല്‍ സിന്‍ജിയാംഗിലെത്തുമ്പോള്‍ തനിനിറം പുറത്ത് വരുന്നു. പാശ്ചാത്യരുടെ അതേ ബോധനിലവാരത്തിലേക്ക് കമ്യൂണിസ്റ്റ് ചൈന കൂപ്പു കുത്തുന്നു. യഥാര്‍ഥ മതവിശ്വാസി തീവ്രവാദിയാകാതെ തരമില്ലെന്ന അപകടകരമായ തീര്‍പ്പില്‍ അധികാരികള്‍ ചെന്നെത്തുന്നു. പക്ഷേ, വിശ്വാസികള്‍ക്ക് ഇതൊന്നും പ്രശ്‌നമല്ല. അവര്‍ രഹസ്യമായും തന്ത്രപരമായും എല്ലാ വിലക്കുകളെയും അതിജീവിച്ച് വിശുദ്ധിയുടെ മാസത്തെ യഥാവിധി വരവേല്‍ക്കുന്നു.

[email protected]