കുഫോസ് വികസിപ്പിച്ച വനാമി ചെമ്മീന്‍ കൃഷിക്ക് വിജയഗാഥ

  Posted on: June 21, 2015 5:31 pm | Last updated: June 21, 2015 at 5:31 pm
  SHARE

  Vanami Photo 1കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ വനാമി ചെമ്മീന്‍ കൃഷി വന്‍ വിജയം. ഉയര്‍ന്ന അതിജീവന നിരക്കും വളര്‍ച്ചാ നിരക്കുമാണ് സംസ്ഥാനത്ത് ആദ്യമായി നടത്തിയ കൃഷി വിളവെടുപ്പ് നടത്തിയപ്പോള്‍ രേഖപ്പെടുത്തിയത്. കേരളത്തിന്റെ പ്രത്യേക ആവാസ വ്യവസ്ഥക്ക് ഇണങ്ങുന്നതാണ് വനാമി ചെമ്മീന്‍ കൃഷിയെന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നടന്ന കൃഷിയിലൂടെ തെളിഞ്ഞു. വിവിധ സാന്ദ്രതകളിലായി നാല് കുളങ്ങളിലാണ് വനാമി ചെമ്മീന്‍ കൃഷി ചെയ്തത്. ഒരു സ്‌ക്വയര്‍ മീറ്ററില്‍ 40 കുഞ്ഞുങ്ങള്‍ എന്ന നിരക്കില്‍ 1000 സ്‌ക്വയര്‍ മീറ്ററുള്ള ഒരു കുളത്തില്‍ 40000 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്. ചെന്നൈയിലുള്ള കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ അതോറിറ്റിയുടെ (സി എ എ) ലൈസന്‍സോടു കൂടി കഴിഞ്ഞ മാര്‍ച്ചിലാണ് കുഫോസിന്റെ പ്രാദേശിക കേന്ദ്രമായ പുതുവൈപ്പിലെ ഫിഷറീസ് സ്റ്റേഷനില്‍ കൃഷി ആരംഭിച്ചത്. 94 ദിവസങ്ങള്‍ക്ക് ശേഷം വിളവെടുപ്പ് നടത്തിയപ്പോള്‍ ഒരു കുളത്തില്‍ നിന്നും 85 ശതമാനം അതിജീവന നിരക്കോടെ 650 കിലോയോളം വനാമി ചെമ്മീന്‍ ലഭിച്ചു.
  ഇതുപ്രകാരം, സംസ്ഥാനത്തെ ഓരുജലാശയങ്ങളിലും പൊക്കാളിപ്പാടങ്ങളിലും ഒരു ഹെക്ടറില്‍ അഞ്ചര മുതല്‍ ആറു ടണ്‍ വരെ വനാമി ഉല്‍പാദിപ്പിക്കാമെന്നാണ് പരീക്ഷണ കൃഷിയിലൂടെ കുഫോസ് തെളിയിച്ചത്. അതേസമയം, സംസ്ഥാനത്ത് നിലവില്‍ കൃഷി ചെയ്തവരുന്ന കാരച്ചെമ്മീന്‍ ഒരു ഹെക്ടറില്‍ ഒന്നര ടണ്ണില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്. കൃത്യമായ മുന്‍കരുതലുകളും ജൈവസുരക്ഷാ സംവിധാനങ്ങളും ഒരുക്കിയാണ് കുഫോസ് വനാമി ചെമ്മീന്‍ കൃഷിയുടെ മാതൃക വികസിപ്പിച്ചെടുത്തത്. ഒരു ഹെക്ടറില്‍ വനാമി ചെമ്മീന്‍ കൃഷി ചെയ്യുന്നവര്‍ക്ക് 14 ലക്ഷം വരെ ലാഭമുണ്ടാക്കാമെന്ന് പരീക്ഷണാടസ്ഥാനത്തിലുള്ള കൃഷിയിലൂടെ വ്യക്തമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചെമ്മീന്‍ കര്‍ഷകരുടെ സാന്നിധ്യത്തില്‍ ഫിഷറീസ് മന്ത്രിയും കുഫോസ് പ്രോ-വൈസ്ചാന്‍സലറുമായ കെ ബാബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
  കേരളത്തില്‍ വനാമി വിപ്ലവത്തിന്റെ തുടക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. വനാമിയുടെ വരവ്, വൈറസ് രോഗബാധമൂലം പ്രതിസന്ധിയിലായ ചെമ്മീന്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമേകും. വനാമി ചെമ്മീന്‍ കൃഷി കേരളത്തിന്റെ പ്രേത്യക സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്നതാണെന്ന് തെളിഞ്ഞതിനാല്‍ ചെമ്മീന്‍ കൃഷിയില്‍ സംസ്ഥാനത്ത് വന്‍മുേന്നറ്റം നടത്താനാകും. കുഫോസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ക്കിണങ്ങുന്ന രീതിയില്‍ വിജയകരമായി വികസിപ്പിച്ച വനാമി ചെമ്മീന്‍ കൃഷി സമ്പ്രദായം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. തൃശൂര്‍ ജില്ലയിലെ പൊയ്യ ഉള്‍പ്പെടെയുള്ള ഫാമുകളില്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ വനാമി കൃഷി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

  LEAVE A REPLY

  Please enter your comment!
  Please enter your name here