യമന്‍ പ്രതിസന്ധി: ജനീവയിലെ ചര്‍ച്ചകള്‍ പരാജയം

Posted on: June 20, 2015 6:00 am | Last updated: June 20, 2015 at 10:02 am

ജനീവ: സ്വിസ് നഗരമായ ജനീവയില്‍ നടന്ന യമന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഹൂതി വിമതരുടെ പ്രതിനിധി സംഘം താനുമായി ചര്‍ച്ച നടത്തുന്നത് നിരസിച്ചതായി പുറത്താക്കപ്പെട്ട സര്‍ക്കാറിലെ വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി. തന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ചര്‍ച്ച ഉപേക്ഷിച്ച് ഇന്ന് സഊദിയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രി റിആദ് യാസിന്‍ അല്‍ ജസീറയോട് പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഈ സമയംവരെ ഒന്നും നേടാനായില്ലെന്നും ഹൂതികള്‍ ഒന്നിനും വഴങ്ങുന്നില്ലെന്നും യാസിന്‍ പറഞ്ഞു.
ചര്‍ച്ചയില്‍ ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. തങ്ങള്‍ക്ക് ഇതുവരെ ഒരു നിര്‍ദേശവും കിട്ടിയിട്ടില്ല. ഹൂതി പ്രതിനിധി സംഘം ജനീവയിലെ ഹോട്ടല്‍ വിടാനും തയ്യാറാകുന്നില്ലെന്നും യാസിന്‍ പറഞ്ഞു. നിരവധി പേര്‍ പങ്കെടുത്ത സമാധാന ചര്‍ച്ചകള്‍ പരാജയമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചര്‍ച്ചകള്‍ക്കെത്തുന്ന ഓരോ പ്രതിനിധി സംഘങ്ങളുടെ എണ്ണം 10 ആയി നിജപ്പെടുത്തണമെന്ന് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ യു എന്‍ നിര്‍ദേശിച്ചിരുന്നു.
യമന്‍ തലസ്ഥാനമായ സന്‍ആയില്‍നിന്നും വന്ന ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ സംഘത്തില്‍ 22 അംഗങ്ങളുണ്ടായിരുന്നു. തങ്ങള്‍ക്ക് സംഘാംഗങ്ങളെ കുറക്കാനാകില്ലെന്നും ഓരോരുത്തരും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെയാണ് പ്രതിനിധീകരിക്കുന്നതെന്നും യമന്‍ പ്രതിനിധി സംഘത്തിലെ അംഗമായ യാസര്‍ അല്‍ ആവാദി പറഞ്ഞു. യുദ്ധത്തില്‍ കെടുതിയനുഭവിക്കുന്ന യമനിലെ ദശലക്ഷക്കണക്കിന് പേരെ സഹായിക്കാനായി യു എന്‍ 1.6 ബില്യണ്‍ ഡോളറിന്റെ സഹായമഭ്യര്‍ഥിച്ചിരിക്കേയാണ് സമാധാന ചര്‍ച്ചകള്‍ തകര്‍ന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
സഊദി പിന്തുണയുള്ള പുറത്താക്കപ്പെട്ട സര്‍ക്കാറിലെ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി ചര്‍ച്ചകള്‍ക്കെത്താതിരുന്നത് കാര്യങ്ങള്‍ ശുഭകരമാകില്ലെന്ന് തോന്നിയിരുന്നതായി അവാദി പറഞ്ഞു. റമസാന്‍ മാസം പിറന്നിരിക്കെ യമനില്‍ പൊതുവായ വെടിനിര്‍ത്തലിനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അല്ലാതെ ഭാഗികമായ വെടിനിര്‍ത്തലിനല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി തങ്ങളുടെ അംഗങ്ങള്‍ക്ക് സഊദിയുമായി ചര്‍ച്ച നടത്തണമെന്നും അവാദി പറഞ്ഞു.
വ്യാഴാഴ്ച ജനീവയില്‍ പത്രസമ്മേളനത്തിനിടെ ഹൂതി പ്രതിനിധി സംഘം തലവനു നേരെ ഷൂ എറിഞ്ഞത് യമനില്‍ ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമാകും.
ഹൂതികളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പത്രപ്രവര്‍ത്തക ഷൂ എറിഞ്ഞത്. തന്റെ ജോലി നഷ്ടപ്പെട്ടാലും ദിനംപ്രതി തങ്ങളുടെ ആളുകളെ ഹൂതികള്‍ കൊലപ്പെടുത്തുന്നത് കണ്ടുനില്‍ക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.