രൂപേഷും സംഘവും ആദിവാസികളെ റിക്രൂട്ട് ചെയ്തതായി പോലീസ്‌

Posted on: June 20, 2015 5:45 am | Last updated: June 20, 2015 at 12:46 am

പാലക്കാട്: അട്ടപ്പാടിയിലും വയനാട്ടിലും ആദിവാസി കോളനികളില്‍ മൂന്ന് വര്‍ഷത്തോളം സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും ആദിവാസി യുവാക്കളെ സംഘടയിലേക്ക് റിക്രൂട്ട് ചെയ്തതായി പോലീസ്. കോയമ്പത്തൂര്‍ കരുമത്തംപട്ടിയിലെ ബേക്കറിയില്‍ നിന്നും രൂപേഷിനും ഷൈനക്കുമൊപ്പം പിടിയിലായ മാവോയിസ്റ്റ് കണ്ണനെ ഊരുകളില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയപ്പോഴാണ് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്തതിന്റെ തെളിവ് ലഭിച്ചതെന്ന് പോലീസ് പറയുന്നു.
അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ മൂലഗംഗല്‍, വെള്ളംകുളം, കുറുവന്‍പാടി ഊരുകളിലാണ് കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പിനായി കണ്ണനെ കൊണ്ടു വന്നത്. കോയമ്പത്തൂരിലെ വ്യവസായ സ്ഥാപനങ്ങളില്‍ ജോലിക്കെന്ന് പറഞ്ഞാണ് മാവോയിസ്റ്റ് ശിരുവാണി ദളം പ്രവര്‍ത്തകര്‍ ആളെക്കൂട്ടിയതെന്നാണ് പോലീസിന്റെ വിശദീകരണം. ഷോളയൂരിലെ പുറംലോകവുമായി ബന്ധമില്ലാത്ത നാല് ആദിവാസി ഊരുകളില്‍ സ്ഥിരം യോഗങ്ങള്‍ നടത്തിയ കണ്ണനും വീരമണിയും ആദിവാസി യുവാക്കളെ ആനക്കട്ടി വഴി കോയമ്പത്തൂരിലെത്തിച്ച് അവിടെ അവര്‍ക്ക് ജോലി വാങ്ങി നല്‍കി. ആളിയാര്‍ അങ്കലക്കുറിച്ചി സ്വദേശി സന്തോഷ് കുമാറിനെ ഇങ്ങനെ മാവോയിസ്റ്റ് സേനയില്‍ ചേര്‍ത്തുവെന്ന് കണ്ണന്‍ മൊഴി നല്‍കിയെന്നും പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സന്തോഷ് കുമാറിനെ സമീപിച്ച കണ്ണന്‍ ഇയാളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത് ഷോളയാറിലേക്കയച്ചു. അവിടെനിന്ന് പൊള്ളാച്ചി മഹാലിംഗപുരം സ്വദേശി പി ഗണപതി, തിരുപ്പൂര്‍ സ്വദേശി ശെല്‍വരാജ്, ആളിയാര്‍ സ്വദേശി മണി എന്നിവര്‍ക്കൊപ്പം സന്തോഷ്‌കുമാറിനെ തിരുപ്പതിയിലേക്ക് അയച്ചത്.
മെയിലാണ് സന്തോഷ്‌കുമാറിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. സന്തോഷ്‌കുമാറിനൊപ്പം പോയ മൂന്ന് പേരെയും പോലീസ്് അറസ്റ്റ് ചെയ്തിട്ടുണ്ട്.— അട്ടപ്പാടിയിലെ മാവോയിസ്റ്റ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് അഗളി സി ഐ കെ എം ദേവസ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോമഗിക്കുന്നത്. ഊരുകളില്‍ നിന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കാണാതായ യുവാക്കളുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. സന്തോഷ്‌കുമാര്‍ അടക്കമുള്ളവര്‍ക്ക് അട്ടപ്പാടി ചിറ്റൂര്‍ വനമേഖലയില്‍ വെച്ച് ആയുധ പരിശീലനം നല്‍കി. ശിരുവാണി ദളത്തിലെ വീരമണി, ഗണപതി, കണ്ണന്‍ എന്നിവരടക്കം ആയുധങ്ങള്‍ കൈവശം വെച്ചിരുന്നതായും സൈലന്റ് വാലിയിലെ ചിണ്ടക്കി ഉള്‍വനത്തില്‍ ആയുധങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും ആദിവാസികളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. മഴ കാരണം തടസ്സപ്പെട്ട തിരച്ചില്‍ അടുത്ത ദിവസങ്ങളില്‍ ബോംബ് സ്‌ക്വാഡിന്റെയും പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായ്ക്കളുടെയും സഹായത്തോടെ തുടരും. കുഴിച്ചിട്ടുവെന്ന് പറയുന്ന ആയുധങ്ങള്‍ കണ്ടെടുക്കുകയും പരിശീലനം നല്‍കിയതിന്റെ തെളിവുകള്‍ ശേഖരിക്കലുമാണ് ലക്ഷ്യം.— സൈലന്റ് വാലി റേഞ്ച് ഓഫീസ് ആക്രമിക്കുന്ന സമയത്ത് സംഘം മേലേതുടുക്കി ഊരിന് സമീപമാണ് തങ്ങിയത്. മുക്കാലി റേഞ്ച് ഓഫീസിലേക്ക് എത്താന്‍ ഇവര്‍ക്ക് വഴികാട്ടിയതും അട്ടപ്പാടിയിലെ മാവോയിസ്റ്റ് റിക്രൂട്ടുകളാണെന്ന നിഗമനത്തിലാണ് പോലീസ്. കണ്ണനെ ചോദ്യം ചെയ്ത് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഊരുകളില്‍ പരിശോധനാ നടത്തിയാല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം. ഊരുകള്‍ കയറിയിറങ്ങി വ്യാപക പരിശോധനയും റെയ്ഡുകളും നടത്തിയാല്‍ പൊതുസമൂഹത്തില്‍ വലിയ ഒച്ചപ്പാടുണ്ടാക്കുമെന്നതിനാല്‍ അത്തരം രീതിയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. വയനാട്ടില്‍ നിന്നും ആദിവാസി യുവാക്കളെ സേനയില്‍ ചേരാന്‍ മാവോയിസ്റ്റുകള്‍ നിര്‍ബന്ധിച്ചുവെന്നും സ്റ്റഡി ക്ലാസുകള്‍ നല്‍കിയെന്നുമുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അട്ടപ്പാടിയില്‍ ആദിവാസികളുടെ പഞ്ചക്കാട് കൃഷിക്ക് കോയമ്പത്തൂരില്‍ നിന്നും എത്തിച്ച റാഗി വിത്തുകള്‍ വിതരണം ചെയ്താണ് മാവോയിസ്റ്റുകള്‍ ഊരുകളില്‍ വിശ്വാസം നേടിയെടുത്തത്. കോയമ്പത്തൂരില്‍ പിടിയിലാകും മുമ്പ് ഇവിടെയുള്ള സ്വാശ്രയ കോളജിലെ ചില വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം അട്ടപ്പാടി സന്ദര്‍ശിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.