ഭുജിക്കാന്‍ ഹലാല്‍ മാത്രം

    Posted on: June 20, 2015 6:00 am | Last updated: June 19, 2015 at 11:15 pm

    ramadan emblom- newനാമെന്തിനാണ് ഈ പെടാപാട് പെട്ട് ഇമ്മട്ടിലോടുന്നത്. മാന്യമായി ജീവിക്കാന്‍ എന്നാവും മറുപടി. പക്ഷെ നമ്മുടെ വ്യവഹാരങ്ങളിലും സമ്പാദ്യങ്ങളിലും അന്യന്റെത് അകപ്പെട്ട് പോകുന്നുണ്ടോ? അന്യന്‍ അക്രമ ഭാവത്തോടെ അല്ലെങ്കില്‍ അതി കൗശലത്തോടെ തട്ടിയെടുത്ത് വിഴുങ്ങുന്നത് കാണുമ്പോള്‍ നമ്മുടെ മനസ്സ് പിണങ്ങില്ലേ. ഇത് അവന് ഗുണം ചെയ്യുമോ? ഇല്ലെങ്കില്‍ അവന്റെത് നമുക്ക് ഗുണം ചെയ്യുമോ ? സമ്പാദ്യങ്ങള്‍ ഹലാലായിരിക്കണം. തൊണ്ടക്കകത്തേക്ക് കടത്തി വിടുന്നതും നമ്മെ ചുറ്റി വരിഞ്ഞ് കിടക്കുന്നതും ശുദ്ധ ഹലാലായിരിക്കണം. ഇല്ലെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകും.
    അന്യന്റെത് കട്ടെടുത്ത് കാച്ചിയാല്‍ അത് വഴി ശരീരത്തിലുത്പാദിപ്പിക്കപ്പെടുന്ന പുതിയ രക്തം, മാംസം, പുതിയ മജ്ജ, ബീജം എന്നിവയെല്ലാം ഹറാമികമായിത്തീരും. തട്ടിപ്പ് കൊണ്ടും വെട്ടിപ്പ് കൊണ്ടും ലഭിക്കുന്ന പണം കൊണ്ട് ഭാര്യക്കോ മക്കള്‍ക്കോ വാങ്ങിച്ചു കൊടുക്കുന്ന ബദാമും മുന്തിരിയും പാലുമെല്ലാം ഹറാമായി കൊഴുത്തു കിടക്കും. അതില്‍ നിന്ന് ഭാര്യയുടെ മാറിലുറയുന്ന മുലപ്പാല്‍ ഹറാമിച്ചുവയുള്ളതാവും. പ്രസവാനന്തരം നിങ്ങളുടെ ചോരക്കുഞ്ഞ ്ആദ്യമായി കുടിക്കുന്ന അമ്മിഞ്ഞപ്പാല്‍ കൊടും വിഷമാവും. വളരെക്കാലങ്ങള്‍ക്ക് ശേഷം മക്കള്‍ നന്നാവുന്നില്ലെന്നും പിന്നെ മക്കള്‍ വീട്ടില്‍ നിന്ന് അടിച്ചിറക്കിയെന്നൊക്കെ പരിതപിക്കേണ്ടി വരരുത് എന്ന് കരുതിയാണ് ഇതു പറയുന്നത്. തിന്നുന്നതും കുടിക്കുന്നതും ഉടുക്കുന്നതും ഹറാമായിരിക്കെ ഇരുകൈകളും വാനിലേക്കുയര്‍ത്തി പ്രാര്‍ഥന നടത്തുന്നവരെപ്പറ്റി ആറ്റല്‍ നബി പറയുന്നുണ്ട്. അവനെങ്ങനെ ഉത്തരം കിട്ടാന്‍? അന്യന്റെ വളപ്പില്‍ നിന്ന് കാറ്റില്‍ വന്നു വീണ ഈത്തപ്പഴം കഴിച്ചുപോയ മക്കളെ വായില്‍ വിരലിറക്കി ഛര്‍ദ്ദിപ്പിച്ച സ്വഹാബി ചരിതം നമുക്ക് പാഠമാവണം. നമുക്ക് സ്വഹാബി കളാകാനാവില്ലായിരിക്കാം, താബിഉം താബിഉത്താബിഈയുമെങ്കിലും…… എന്നാലും അവരെപ്പോലെയാവാന്‍ ആശിക്കേണ്ടതല്ലേ? അതിനായി അധ്വാനിക്കേണ്ടതല്ലേ? കച്ചവടത്തില്‍ അണുമണിത്തൂക്കം അളവ്, തൂക്ക തട്ടിപ്പ് നടത്തുന്നവരെ നരകത്തിലെ വൈല്‍ എന്ന ചിതയാണ് കാത്തിരിക്കുന്നതെന്ന് ഓര്‍മ വേണ്ടേ, പിരിവ് കമ്മീഷന്‍ പിടുങ്ങുമ്പോള്‍ പരിധി വിടുന്നുണ്ടോ എന്നും നോക്കേണ്ടേ.