മിന മേഖലയിലെ ഏറ്റവും സമാധാനമുള്ള രാജ്യം യു എ ഇ

Posted on: June 19, 2015 6:00 pm | Last updated: June 19, 2015 at 6:00 pm

uaeദുബൈ: മിന(മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക) മേഖലയില്‍ ഏറ്റവും സമാധാനമുള്ള മൂന്നാമത്തെ രാജ്യമാണ് യു എ ഇയെന്ന് പഠനം. ജി പി ഐ(ഗ്ലോബല്‍ പീസ് ഇന്റക്‌സ്) റിപ്പോര്‍ട്ടിലാണ് മിനയിലെ 19 രാജ്യങ്ങളില്‍ നിന്ന് യു എ ഇ മൂന്നാമത് എത്തിയിരിക്കുന്നത്. 162 രാജ്യങ്ങളെ ഉള്‍പെടുത്തിയുള്ള റിപ്പോര്‍ട്ടില്‍ ആഗോളതലത്തില്‍ യു എ ഇ 49ാം സ്ഥാനത്താണ്. വന്നു ചേരാവുന്ന പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ മതിയായ മുന്‍കരുതലുകളും രാജ്യം സ്വീകരിച്ചിട്ടുണ്ടെന്നും ഗ്ലോബല്‍ തിംങ്ക്-ടാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസി(ഐ ഇ പി)ന്റെ 2015ലെ ജി പി ഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2014ല്‍ സമാധാനം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആളൊന്നിന് 10,550 ദിര്‍ഹമായിരുന്നു യു എ ഇ ചെലവിട്ടത്. ആഭ്യന്തര പ്രശ്‌നങ്ങളും അഭയാര്‍ഥി പ്രവാഹവുമാണ് ലോകത്ത് സംഘര്‍ഷങ്ങളും ആക്രമണങ്ങളും വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്നും റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു.
2008മായി താരതമ്യം ചെയ്യുമ്പോള്‍ അക്രമണങ്ങളുടെ സാമ്പത്തിക ആഘാതത്തില്‍ 15.3 ശതമാനത്തിന്റെ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. ഇത് മൂലം ലോകത്തിന് സംഭവിച്ച സാമ്പത്തിക ബാധ്യത 1.9 ലക്ഷം കോടി ഡോളറിന്റേതാണ്. അഭയാര്‍ഥികളെ പിന്തുണക്കുന്നതും ബാധ്യത വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. സൈനിക ചെലവ്, നരഹത്യ, പോലീസ് സേന എന്നിവയിലൂടെയാണ് ഏറ്റവും കൂടുതല്‍ ചെലവ് ഉണ്ടാവുന്നത്. മൊത്തം ചെലവിന്റെ 68.3 ശതമാനം ഇവയിലൂടെ മാത്രം ഉണ്ടാവുന്നതാണ്. ലോക സമ്പദ്‌വ്യവസ്ഥയില്‍ പുരോഗതിയുണ്ടാവണമെങ്കില്‍ അസ്വസ്ഥതകള്‍ ഇല്ലായ്മ ചെയ്യാന്‍ സാധിക്കണമെന്നും എന്നാല്‍ ഇത് ശ്രമകരമാണെന്നും ഐ ഇ പി സ്ഥാപക ചെയര്‍മാന്‍ സ്റ്റീവ് കെലീലിയ അഭിപ്രായപ്പെട്ടു.