യു എസ് ചര്‍ച്ചില്‍ വംശീയ ആക്രമണം: ഒന്‍പത് കറുത്ത വര്‍ഗക്കാര്‍ മരിച്ചു

Posted on: June 19, 2015 5:28 am | Last updated: June 19, 2015 at 12:30 am

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും വംശീയ വിദ്വേഷ കൊല. സൗത്ത് കരോലിനയിലെ ഷാര്‍ലസ്റ്റണ്‍ പട്ടണത്തിലെ ആഫ്രിക്കന്‍ – അമേരിക്കന്‍ ചര്‍ച്ചില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ ഒന്‍പത് കറുത്തവര്‍ഗക്കാര്‍ മരിച്ചു. സംഭവം വിദ്വേഷ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചര്‍ച്ചില്‍ എട്ട് മൃതദേഹങ്ങളുണ്ടായിരുന്നുവെന്നും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാള്‍ പിന്നീട് മരിച്ചുവെന്നും പോലീസ് അറിയിച്ചു. സംഭവം വിവരണാതീതവും ഹൃദയഭേദകവുമാണെന്ന് സിറ്റി മേയര്‍ ജോ റിലേ പറഞ്ഞു. അക്രമിയെ എന്ത് വിലകൊടുത്തും പിടികൂടുമെന്ന് മേയര്‍ ഉറപ്പ് നല്‍കി. സി സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയുടെ ചിത്രം പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. 21കാരനായ വെള്ളക്കാരനാണ് പ്രതിയെന്ന് തെളിഞ്ഞിട്ടുണ്ട്. ജീന്‍സും ബൂട്ടുകളും ധരിച്ച ഇയാള്‍ പള്ളിക്കകത്ത് കയറി വെടിയുതിര്‍ക്കുകയായിരുന്നു.
കറുത്ത വര്‍ഗക്കാരോടുള്ള വിദ്വേഷം അല്ലാതെ മറ്റൊന്നുമല്ല അക്രമിയെ നയിച്ചത്. ഇത് ഒരു നിലക്കും അംഗീകരിക്കാനാകില്ല. അക്രമിയെ പിടികൂടുമെന്ന് പോലീസ് മേധാവി ഗ്രിഗറി മുള്ളന്‍ പറഞ്ഞു. മരിച്ചവരില്‍ പ്രവിശ്യാ സെനറ്റര്‍ കൂടിയായ ചര്‍ച്ച് പാസ്റ്റര്‍ ക്ലമെന്റാ പിന്‍ക്‌നിയും ഉള്‍പ്പെടുമെന്ന് അല്‍ ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഔദ്യഗികമായി പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തിന്റെ ഭാഗമായി സൗത്ത് കരോലിനയില്‍ എത്തിയ മുന്‍ വിദേശ കാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണുമായി പിന്‍ക്‌നി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ചര്‍ച്ചിന് നേരെ ബോംബ് ഭീഷണിയുയര്‍ന്നിരുന്നുവെങ്കിലും പോലീസ് പരിശോധനയില്‍ തുമ്പൊന്നും ലഭിച്ചിരുന്നില്ല.
1891ല്‍ സ്ഥാപിച്ച രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ആഫ്രിക്കന്‍- അമേരിക്കന്‍ ചര്‍ച്ചുകളിലൊന്നിലാണ് ആക്രമണം നടന്നിരിക്കുന്നത്. നാഷനല്‍ പാര്‍ക്ക് സര്‍വീസ് രേഖകള്‍ പ്രകാരം ചരിത്രപരമായ പ്രാധാന്യമുള്ള കെട്ടിടമാണ് ഈ ചര്‍ച്ച്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജെബ് ബുഷ് ഇന്നലെ ഇവിടെ പ്രചാരണത്തിനെത്താനിരുന്നതാണ്. സംഭവത്തെ തുടര്‍ന്ന് അദ്ദേഹം സന്ദര്‍ശനം റദ്ദാക്കി.
ഈയടുത്ത് നോര്‍ത്ത് കരോലിനയില്‍ മുസ്‌ലിം വിദ്യാര്‍ഥികളെ ഇത്തരത്തില്‍ വകവരുത്തിയിരുന്നു. കറുത്ത വര്‍ഗക്കാര്‍ക്കെതിരായ ആക്രമണം നിത്യസംഭവമായിരിക്കുകയാണ്. പോലീസ് നടപടിയില്‍ കറുത്ത വര്‍ഗക്കാര്‍ കൊല്ലപ്പെട്ടത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് വഴി വെച്ചിരുന്നു.