ലളിത് മോദി വിവാദം: പ്രധാനമന്ത്രിയും രാജ്‌നാഥ് സിംഗും കൂടിക്കാഴ്ച നടത്തി

Posted on: June 18, 2015 10:20 pm | Last updated: June 19, 2015 at 12:21 am

ന്യൂഡല്‍ഹി: ലളിത് മോദി വിവാദം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാജ്‌നാഥ് സിങ്ങും കൂടിക്കാഴ്ച നടത്തി. മോദിയുടെ സൗത്ത് ബ്ലോക്കിലെ ഓഫീസില്‍ എത്തിയാണ് രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്. ലളിത് മോദിക്ക് യാത്രാ രേഖകള്‍ ലഭിക്കുന്നതിന് സുഷുമാ സ്വരാജ് വഴിവിട്ടു സഹായിച്ചുവെന്ന ആരോപണം സര്‍ക്കാറിനെ വെട്ടിലാക്കിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
അരുണ്‍ ജെയ്റ്റ്‌ലി അടക്കം മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ സുഷമാ സ്വരാജിനെ പിന്തുണച്ച് രംഗത്ത് വന്നിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രിയുടെ മൗനം സംബന്ധിച്ച് അഭ്യൂഹം തുടരുന്നതിനിടെയാണ് മോദി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച. അതേസമയം ലളിത് മോദിയെ സഹായിച്ച മറ്റൊരു ബി ജെ പി നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയഒമായ വസുന്ധരാ രാജ സിന്ധ്യയെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് ബി ജെ പിയില്‍ ആശയക്കുഴപ്പം തുടരുന്നു. വസുന്ധര രാജെ രാജിവയ്ക്കണമെന്ന് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായമുണ്ട്. ആരോപണം ശരിയെങ്കില്‍ വസുന്ധര രാജിവയ്ക്കണമെന്ന് ബി.ജെ.പി നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു.
സുഷമാ സ്വാരാജിനെ പിന്തുണയ്ക്കുന്ന ഡല്‍ഹിയില്‍ നിന്നുള്ള നേതാക്കളും വസുന്ധരയുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
ആരോപണങ്ങളില്‍ വസുന്ധര രാജ പ്രതികരിക്കാതെ ഒന്നും ചെയ്യാനാകില്ലെന്ന് ബി ജെ പി നേതാവ് ചന്ദന്‍ മിത്ര പറഞ്ഞു.