ശൈഖ് സായിദിന്റെ പേരില്‍ മതകാര്യവകുപ്പ് 1,000 ഖത്മ് തീര്‍ക്കും

Posted on: June 18, 2015 9:10 pm | Last updated: June 18, 2015 at 9:10 pm
യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍
യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍

അബുദാബി: യു എ ഇയുടെ മുഴുവന്‍ പുരോഗതിക്കും വളര്‍ച്ചക്കും അടിത്തറ പാകിയ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പേരില്‍ വിശുദ്ധ റമസാനില്‍ 1,000 പ്രാവശ്യം ഖുര്‍ആന്‍ ഖത്മ് നടത്തുമെന്ന് അധികൃതര്‍.
യു എ ഇ മതകാര്യവകുപ്പാണ് ഖുര്‍ആന്‍ ഖത്മ് ചെയ്യുന്നതിന് തീരുമാനിച്ചതും നേതൃത്വം നല്‍കുന്നതും. വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രത്യേക സദസ്സുകളിലും രാജ്യത്തെ വിവിധ ഖുര്‍ആന്‍ മനഃപാഠ കേന്ദ്രങ്ങളിലൂടെയുമാണ് റമസാനില്‍ ശൈഖ് സായിദിനു വേണ്ടി 1,000 തവണ ഖുര്‍ആന്‍ ഓതിത്തീര്‍ക്കുക. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി രാഷ്ട്രപിതാവ് ചെയ്ത ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നന്ദിയായാണ് ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുന്നത്.
ഗുണം ചെയ്ത മനുഷ്യരോട് നന്ദിയില്ലാത്തവന്‍ എല്ലാ ഗുണങ്ങളുടെയും ഉടമയായ പടച്ചവനോട് നന്ദികെട്ടവനാണെന്ന പ്രവാചക വചനമാണ് ഈ സദുദ്യമത്തിന് പ്രേരകമെന്ന് യു എ ഇ മതകാര്യ വകുപ്പ് തലവന്‍ ഡോ. മുഹമ്മദ് മതര്‍ അല്‍ കഅ്ബി വ്യക്തമാക്കി. റമസാനിലെ ആദ്യ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ പള്ളികളിലെ പ്രത്യേകം ഒരുക്കുന്ന സദസ്സുകളിലും ഖുര്‍ആന്‍ മനഃപാഠ കേന്ദ്രങ്ങളിലുമാണ് പദ്ധതി നടപ്പാക്കുക. ഓരോരുത്തര്‍ക്കും ഓരോ ജുസുഅ് (ഖുര്‍ആനിന്റെ 30ല്‍ ഒരു ഭാഗം) നിശ്ചയിച്ചുകൊടുത്ത് അരമണിക്കൂര്‍ കൊണ്ട് തീര്‍ക്കുന്നതാണ് പദ്ധതി, അല്‍ കഅ്ബി വിശദീകരിച്ചു. ഇത്തരത്തില്‍ രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും പദ്ധതി നടപ്പാക്കും. അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദില്‍ ഈ മാസം നടക്കുന്ന രാഷ്ട്രപിതാവിന്റെ ആണ്ടിനോടനുബന്ധിച്ച പ്രത്യേക സംഗമത്തിലാണ് ഖത്മ് തീര്‍ക്കല്‍ ചടങ്ങിന്റെ സമാപനം നടത്തുകയെന്നും മതകാര്യവകുപ്പ് തലവന്‍ അല്‍ കഅ്ബി അറിയിച്ചു.
മരിച്ചവര്‍ക്ക് വേണ്ടി വിശ്വാസികള്‍ ഒത്തുചേര്‍ന്ന് ഓരോരുത്തര്‍ ഓരോ ജുസ്അ് പാരായണം ചെയ്ത് ഖുര്‍ആന്‍ ഖത്മ് ചെയ്ത് പ്രത്യേക പ്രാര്‍ഥന നടത്തുന്ന ഇത്തരം ചടങ്ങുകള്‍ കേരളത്തിലുള്‍പെടെ മുസ്‌ലിം സമൂഹത്തില്‍ പരമ്പരാഗതമായി നിലനില്‍ക്കുന്നതാണ്. മരിച്ചവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അവര്‍ക്ക് ഉപകാരപ്പെടുമെന്നത് മതത്തില്‍ സുസമ്മതമായ വിശ്വാസമാണ്.