അന്ധരുടെ യാത്രക്കായി പ്രത്യേക പദ്ധതി നടപ്പാക്കുന്നു

Posted on: June 18, 2015 5:13 am | Last updated: June 18, 2015 at 12:15 am

തിരുവനന്തപുരം: തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ലോ ഫ്‌ളോര്‍ ബസിടിച്ച് അന്ധരായ രണ്ട്‌പേര്‍ ദാരുണമായി മരിച്ച സാഹചര്യത്തില്‍ ഇവരുടെ യാത്രക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി ഗതാഗത വകുപ്പ് തയ്യാറാക്കിയ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. ആഭ്യന്തരം, ഗതാഗതം, പൊതുമരാമത്ത്, സാമൂഹികനീതി വകുപ്പ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
മരിച്ച അന്ധരായ രാജേഷിന്റെയും വിനോദിന്റെയും കുടുംബങ്ങള്‍ക്ക് മൂന്ന്‌ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മണ്ണാര്‍ക്കാട് സബ് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജേഷിന്റെ വിധവ ശ്രീജക്ക് വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള സര്‍ക്കാര്‍ ജോലി നല്‍കും. അപകടത്തില്‍ പരുക്കേറ്റ സതീശന് കെ എസ് ആര്‍ ടി സി ധനസഹായം നല്‍കും.