സേട്ടുവിനെ അനുസ്മരിക്കാന്‍ ലീഗ്; അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് ഐ എന്‍ എല്‍

Posted on: June 18, 2015 12:12 am | Last updated: June 18, 2015 at 12:12 am

inl flagകോഴിക്കോട്: സേട്ടു സാഹിബിനെ ചൊല്ലി ലീഗ് ഐ എന്‍ എല്‍ തര്‍ക്കം. മുസ്‌ലീം ലീഗിന്റെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇബ്‌റാഹീം സുലൈമാന്‍ സേട്ടിനെ അനുസ്മരിക്കാനുള്ള ലീഗിന്റെ പുതിയ തീരുമാനമാണ് തര്‍ക്കത്തിന് കാരണമായിരിക്കുന്നത്. 2005 ഏപ്രില്‍ 27 നാണ് സുലൈമാന്‍ സേട്ട് മരണപ്പെടുന്നത്. ഇതിന് ശേഷം ഇതുവരെ സേട്ടുവിനെ അനുസ്മരിക്കാനോ ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കാനോ ലീഗ് തയ്യാറായിരുന്നില്ല. സേട്ടുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പോലും ലീഗിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. ഇതാണ് ഐ എന്‍ എല്‍ ചോദ്യം ചെയ്യുന്നത്. സേട്ടുവിനെ അപമാനിക്കാനുള്ള ഒരു ശ്രമവും കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും നേരിടുമെന്നുമാണ് ഐ എന്‍ എല്ലിന്റെ നിലപാട്. ലീഗിന്റെ അവസരവാദവും പാപ്പരത്തവും തുറന്നുപറഞ്ഞതിനാണ് സേട്ടുസാഹിബിനെ പുറത്താക്കിയത്. അദ്ദേഹത്തെ അനുസ്മരിക്കാന്‍ ലീഗിന് താത്പര്യമുണ്ടെങ്കില്‍ ആദ്യം തെറ്റു സമ്മതിക്കാന്‍ തയ്യാറാകണമെന്നാണ് ഐ എന്‍ എല്‍ നേതാക്കള്‍ ആവശ്യപ്പെടുന്നത്. തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ലീഗിന്റെ പുതിയ നാടകമാണ് സേട്ടുസാഹിബിനെ അനുസ്മരിക്കാനുള്ള നീക്കമെന്നാണ് ഐ എന്‍ എല്ലിന്റെ ആരോപണം. സേട്ടുസാഹിബ്, സൈത് ഉമ്മര്‍ ബാഫഖി തങ്ങള്‍ എന്നിവരുടെ അനുസ്മരണം കോഴിക്കോട് വെച്ചും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണം എറണാകുളത്ത് വെച്ചും നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. 23 വര്‍ഷം മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും ഏഴ് വര്‍ഷത്തോളം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും 36 വര്‍ഷം പാര്‍ലിമെന്റ് അംഗമായിരുന്നു ഇബ്‌റാഹീം സുലൈമാന്‍ സേട്ട്. പാര്‍ട്ടിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പോലും സേട്ടു സാഹിബിനെ ലീഗ് അനുസ്മരിച്ചിരുന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലും ഇത്തരത്തിലൊരു പരിപാടി ഒരു ഘടകവും നടത്തിയിട്ടില്ല. പുതിയ സാഹചര്യത്തില്‍ സേട്ടുസാഹിബിനെ അനുസ്മരിക്കാനുളള ലീഗ് തീരുമാനമാണ് ഐ എന്‍ എല്‍ ചോദ്യം ചെയ്യുന്നത്. ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഐ എന്‍ എല്ലിന്റെ നിലപാട്. ബാബരി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ടാണ് സേട്ടുസാഹിബ് ലീഗുമായി കലഹിക്കുന്നതും പീന്നീട് പുറത്തു പോകുന്നതും. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാറിന് പിന്തുണ നല്‍കിയിരുന്ന ലീഗ് പിന്തുണ പിന്‍വലിക്കണമെന്ന സേട്ടുവിന്റെ ആവശ്യമാണ് പാര്‍ട്ടിക്ക് അദ്ദേഹത്തെ അനഭിമതനാക്കിയത്. മുസ്‌ലിം ലീഗ് തെറ്റുകണ്ടെത്തി പുറത്താക്കിയ സേട്ടുസാഹിബിനോട് മരണശേഷം പോലും വേണ്ടത്ര ആദരവ് കാണിക്കാത്തവര്‍ മരിച്ച് പത്ത് വര്‍ഷത്തിന് ശേഷം അനുസ്മരണം സംഘടിപ്പിക്കുന്നതില്‍ കൗതുകം കാണുന്നവര്‍ ഏറെയാണ്. എന്തായാലും ലീഗിന് വൈകിയെത്തിയ സേട്ടുവിനോടുള്ള ആദരവ് വരും ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടും.