അറബിക് സര്‍വകലാശാലയോട് എന്തിനരിശം?

Posted on: June 18, 2015 6:00 am | Last updated: June 17, 2015 at 11:49 pm

SIRAJ.......സംസ്ഥാനത്തെ നിര്‍ദിഷ്ട അറബിക് സര്‍വകലാശാലയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശയിന്മേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ സര്‍വകലാശാലയുടെ തുടര്‍പ്രവര്‍ത്തനത്തിന് ധനകാര്യ വകുപ്പിന്റെ നിസ്സഹകരണമാണ് പ്രധാന തടസ്സം. അറബിക് സര്‍വകലാശാലയുടെ സാധ്യത സംബന്ധിച്ച് സന്ദേഹമുയര്‍ത്തിയാണ് ധനകാര്യ വകുപ്പ് ആദ്യം ഉടക്ക് വെച്ചത്. അത് ബോധ്യപ്പെടുത്തിയപ്പോള്‍ സര്‍വകലാശാലയുടെ ഘടന, കോളജുകള്‍, കോളജുകളുടെ എണ്ണം എന്നിവയില്‍ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടി ഫയലില്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസം വരുത്തി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്ന കുറിപ്പ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കിയെങ്കിലും ധനവകുപ്പ് കനിഞ്ഞില്ല. ഒടുവില്‍ സംസ്ഥാനത്തിന് ഇത് വന്‍സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന കാരണം പറഞ്ഞ് വിദ്യാഭ്യാസ വകുപ്പിന്റെ ശിപാര്‍ശ ധനവകുപ്പ് തള്ളിയിരിക്കുകയാണ്.
വിദേശത്ത് ഏറെ ജോലി സാധ്യതയുള്ള ഭാഷയാണ് അറബി. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ വന്‍ സ്വാധീനം ചെലുത്തിയ ഗള്‍ഫ് നാടുകളിലെ ഔദ്യോഗിക ഭാഷയാണിത്. ഐ ടി മേഖലകളിലും അറബി ഭാഷക്ക് അനന്തമായ സാധ്യതകളുണ്ട്. കേരളത്തിന് അറബി ഭാഷയുമായി അഭേദ്യബന്ധവുമുണ്ട്. കേരളത്തിന്റെ മനുഷ്യവിഭവശേഷി അറബ് നാടിന്റെ വികസനത്തിന് അര്‍പ്പിക്കുന്ന സേവനവും പെട്രോഡോളര്‍ കൊണ്ടുവന്ന സമൃദ്ധി കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരുത്തിയ ആശാവഹമായ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സാംസ്‌കാരിക മാറ്റങ്ങളും വളരെ വലുതാണ്. അറബ് രാജ്യങ്ങളുമായി ഇസ്‌ലാമിന് മുമ്പ് തന്നെ ഇന്ത്യക്ക് അടുത്ത ബന്ധമുണ്ട്. അറബ് രാജ്യങ്ങളുമായി സാംസ്‌കാരികവും സാമ്പത്തികവും വാണിജ്യപരവുമായ കൊടുക്കല്‍ വാങ്ങല്‍ അക്കാലം തൊട്ടേ നടത്തിവരുന്നതാണ് ഇന്ത്യക്കാര്‍. പ്രത്യേകിച്ചും കേരളീയര്‍. ഇത് തുടരാനും ശക്തിപ്പെടുത്താനും അറബിഭാഷയുടെ വ്യാപനം സഹായകമാണ്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് സംസ്ഥാനത്ത് അറബി ഭാഷ പരിപോഷിപ്പിക്കേണ്ടതിന്റെയും ഈ ലക്ഷ്യത്തില്‍ സര്‍വകലാശാല സ്ഥാപിക്കേണ്ടതിന്റെയും അനിവാര്യത സമിതി ചൂണ്ടിക്കാട്ടുന്നത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും അറബിക് സര്‍വകലാശാലയുടെ ആവശ്യകത എടുത്തു പറയുന്നുണ്ട്.
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ഹൈദരാബാദിലെ ഇഫഌ, അലിഗഢ് മുസ്‌ലിം സര്‍വകലാശാല തുടങ്ങി രാജ്യത്തെ പ്രമുഖ സര്‍വകലാശാലകള്‍ സന്ദര്‍ശിച്ച, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. പി അന്‍വര്‍ ചെയര്‍മാനായ വിദഗ്ധ സമിതി പ്രസ്തുത സര്‍വകലാശാലകളുടെ മാതൃകയിലായിരിക്കണം നിര്‍ദിഷ്ട സര്‍വകലാശാലയെന്ന് അഭിപ്രായപ്പെടുന്നു. അന്താരാഷ്ട്ര സര്‍വകലാശാലകളുമായി യോജിച്ചുള്ള അക്കാദമിക പ്രവര്‍ത്തനവും വിദ്യാര്‍ഥി, അധ്യാപക കൈമാറ്റ പദ്ധതികളും നടപ്പാക്കണം, അറബിയില്‍ ചുരുങ്ങിയത് രണ്ട് കോഴ്‌സുകളെങ്കിലും ഉണ്ടായിരിക്കണം, വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അവസരം, സര്‍വകലാശാലാ തലത്തില്‍ അറബിക് പശ്ചാത്തലം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് തുടങ്ങിയവയാണ് സമിതിയുടെ മറ്റു നിര്‍ദേശങ്ങള്‍. അന്താരാഷ്ട്ര തൊഴിലവസരങ്ങളുടെ വലിയൊരു കവാടം ജാതിമത ഭേദമന്യേ സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ മുമ്പില്‍ ഇതുവഴി തുറക്കപ്പെടുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ അറബി ഭാഷാ പഠനങ്ങളെ അന്താരാഷ്ട്ര അറബിക് സര്‍വകലാശാലകളുമായും വിദ്യാഭ്യാസ കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന ഘടകമായാണ് സമിതി സ്ഥാപനത്തെ വിഭാവനം ചെയ്യുന്നത്.
90 കോടി രൂപയാണ് അറബിക് സര്‍വകലാശാലക്ക് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ 35 ശതമാനം കേന്ദ്രത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. 15 കോടി സര്‍വകലാശാലയുടെ പ്രവര്‍ത്തന കാലയളവില്‍ ജനറല്‍ ഫണ്ടായി കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. പ്രവാസികളില്‍ നിന്നുള്‍പ്പെടെ വിദേശ സംഭാവനയായും നല്ലൊരു വിഹിതം സ്വരൂപിക്കാനാകും. ഇതനുസരിച്ച് സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ ഭീമമായ ബാധ്യത വരുന്നില്ല. എന്നിട്ടും സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞു കേരളീയ സമൂഹത്തിന് ഏറെ ഉപകാരപ്പെടുന്ന ഈ പദ്ധതിക്ക് പാരവെക്കുന്ന ധനകാര്യ വകുപ്പിന്റെ ഉള്ളിരിപ്പെന്താണെന്ന് മനസ്സിലാകുന്നില്ല. യു ഡി എഫ് സര്‍ക്കാറിന്റെ അവസാന വര്‍ഷമാണിത്. പദ്ധതിക്ക് ഈ വര്‍ഷം തുടക്കമായില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ എടുത്ത ശ്രമങ്ങള്‍ പാഴാകും. ധനവകുപ്പ് നിലപാട് പുനഃപരിശോധിക്കുന്നില്ലെങ്കില്‍ കേ്രന്ദത്തിന്റെ റൂസ (രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ അറേബ്യന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയോ ഫണ്ട് ലഭ്യമാക്കാവുന്നതാണ്. മന്ത്രിസഭയുടെ പരിഗണയിലിരിക്കുന്ന ഫയലില്‍ അനകൂലമായ തീരുമാനമാണ് കേരളീയ സമൂഹം പ്രതീക്ഷിക്കുന്നത്.