പുണ്യങ്ങളുടെ വസന്തം

    Posted on: June 18, 2015 6:00 am | Last updated: June 18, 2015 at 3:56 pm

    ramadan emblom- newഅളവറ്റ ആത്മഹര്‍ഷത്തോടെയാണ് മുസ്‌ലിം ലോകം വിശുദ്ധ റമസാനെ വരവേല്‍ക്കുന്നത്. വിശ്വാസികള്‍ക്ക് പതിവു മാസങ്ങള്‍ പതിനൊന്നു മാത്രം. റമസാന്‍ തീര്‍ത്തും വ്യത്യസ്തമായ പ്രതീതിയാണവര്‍ക്കു നല്‍കുന്നത്. വ്യക്തികളുടെ തികച്ചും സ്വകാര്യമായ അനുഷ്ഠാനമെന്നതിനപ്പുറം റമസാന്‍വ്രതം ഒരു സാമൂഹിക യാഥാര്‍ഥ്യം കൂടിയാണ്. വിശ്വാസികള്‍ക്കു ആനുകൂല്യങ്ങളുടെ കാലം കൂടിയാണ് റമസാന്‍.
    ഓരോ പുണ്യ പ്രവൃര്‍ത്തിക്കും അനേകമടങ്ങ് പ്രതിഫലം ലഭിക്കുന്ന കാലം. പാപ പരിഹാരത്തിന്റെയും നരകമോചനത്തിന്റേയും കാലം. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിലേക്കുള്ള ആത്മ സമര്‍പ്പണം കൂടിയാണീ മാസം. പള്ളികളും ഭവനങ്ങളും തേച്ചു മിനുക്കി വിശ്വാസി കാത്തിരുന്നത് ഈ വെണ്‍തിങ്കള്‍ കലയുടെ ഉദയത്തിനായിരുന്നു. പുണ്യങ്ങളുടെ നിറവസന്തം തീര്‍ക്കുന്ന വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ നേരത്തെ തന്നെ ഒരുക്കം തുടങ്ങിയിരുന്നു.
    ആത്മ പരിശോധനക്കും സംസ്‌കരണത്തിനും അവസരം നല്‍കിയാണ് പുണ്യമാസം കടന്നു വരുന്നത്. ഒരു മാസകാലത്തെ ഇനിയുള്ള രാപകലുകള്‍ ആരാധനാമുഖരിതമായിരിക്കും. പകലുകളില്‍ പ്രപഞ്ചനാഥനു വേണ്ടി അന്നപാനീയങ്ങള്‍ വര്‍ജിച്ചും രാത്രികള്‍ പ്രാര്‍ഥന കൊണ്ട് സമ്പന്നമാക്കിയും റമസാനെ കരുതലോടെ ആദരിക്കും.
    വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമെന്നതാണ് റമസാനെ കൂടുതല്‍ പവിത്രമാക്കുന്നത്. ഖുര്‍ആന്‍ അനുശാസിക്കുന്ന രീതിയില്‍ ജീവിതം ചിട്ടപ്പെടുത്തുകയെന്നതും റമസാനിന്റെ സന്ദേശമാണ്. ഉദാര ധാനദര്‍മങ്ങളും ഈ മാസത്തിന്റെ പ്രത്യേകതയാണ്. സത്കര്‍മങ്ങള്‍ക്കൊക്കെയും അനേകമിരട്ടി പ്രതിഫലം ലഭിക്കുന്ന മാസമായതിനാല്‍ വിശ്വാസികള്‍ നിര്‍ബന്ധ ദാനമായ സക്കാത്ത് കൊടുത്തു വീട്ടുന്നതും റമസാനിലാണ്. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്‌റും റമസാനിന്റെ പുണ്യം നിറഞ്ഞ പ്രതീക്ഷയാണ്. അഞ്ച് നേരത്തെ നിര്‍ബന്ധ നിസ്‌കാരത്തിനും രാത്രി തറാവീഹിനും ഉദ്‌ബോധന ക്ലാസുകള്‍ക്കുമൊക്കെയായി ഇനി പള്ളികള്‍ സജീവമാകും. മത മൈത്രിയുടെ സന്ദേശവുമായി എല്ലാ വിഭാഗവും ഒന്നിച്ചിരിക്കുന്ന ഇഫ്താറുകളും റമസാനിന്റെ പ്രത്യേകതയാണ്.