വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണ നാളുകള്‍; പിന്നാലെ അവധിയുടെ ആഹ്ലാദവും

Posted on: June 17, 2015 8:39 pm | Last updated: June 17, 2015 at 8:39 pm

ഷാര്‍ജ: മധ്യ വേനലവധി അടുത്തതോടെ വിദ്യാലയങ്ങള്‍ അടക്കാറായി. ഇനി വിദ്യാര്‍ഥികള്‍ക്കു പരീക്ഷണത്തിന്റെയും പിന്നീട് ആഹ്ലാദത്തിന്റെയും നാളുകള്‍.
അവധിക്കു മുന്നോടിയായുള്ള പരീക്ഷ ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ അടുത്ത ദിവസം ആരംഭിക്കും. ഈ മാസാവസാനം വരെ പരീക്ഷ നീണ്ടുനില്‍ക്കും. രണ്ടാം പാദ പരീക്ഷയാണ് നടക്കുന്നത്. ആദ്യ പാദ പരീക്ഷ കഴിഞ്ഞ മാസം നടന്നു. ഇതിന്റെ ഫലവും അടുത്തിടെ പ്രസിദ്ധീകരിച്ചു. ഈ പരീക്ഷയുടെ ഫലം വിദ്യാലയങ്ങള്‍ അടക്കുന്നതിനു മുമ്പ് വിദ്യാര്‍ഥികളെ അറിയിക്കും. ഇതിനായി ഓപ്പണ്‍ ഹൗസുകള്‍ ചേരും.
പരീക്ഷക്ക് തയ്യാറെടുപ്പുകള്‍ വിദ്യാലയങ്ങളില്‍ പൂര്‍ത്തിയായി. ചോദ്യപേപ്പറുകള്‍ തയ്യാറാക്കിക്കഴിഞ്ഞു. പരീക്ഷാ ടൈംടേബിളുകള്‍ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്തു. ചില വിദ്യാലയങ്ങളില്‍ ഈ ആഴ്ച പരീക്ഷക്കു തുടക്കവുമായി.
തയ്യാറെടുപ്പിനായി പരീക്ഷയുടെ തലേന്നാള്‍ വിദ്യാര്‍ഥികള്‍ക്കു അവധി നല്‍കും. പരീക്ഷയെ നേരിടാന്‍ വിദ്യാര്‍ഥികളും ഒരുങ്ങിക്കഴിഞ്ഞു. രാപകല്‍ ഭേദമന്യേ അവര്‍ പഠനത്തിലാണ്. പരീക്ഷണത്തിന്റെ നാളുകളാണ് ഇനി അവര്‍ക്ക്. അതേ സമയം അടക്കുംവരെ ചില വിദ്യാലയങ്ങളില്‍ പരീക്ഷ തുടരും. പൊതു വിദ്യാലയങ്ങളിലും പരീക്ഷാ ചൂടാണ്. വിദ്യാലയങ്ങള്‍ അടക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാലയങ്ങള്‍ രണ്ടു മാസത്തെ വേനലവധിക്കാണ് അടക്കുന്നത്. ഷാര്‍ജ അടക്കമുള്ള നോര്‍ത്തേണ്‍ എമിറേറ്റുകളില്‍ ജൂലൈ രണ്ടിനാണ് അടക്കുക. ആഗസ്ത് 30ന് തുറക്കും. അധ്യാപക-അധ്യാപകേതര ജീവനക്കാര്‍ക്ക് ഒമ്പത് മുതലാണ് അവധി. 23നു ജോലിയില്‍ തിരികെ പ്രവേശിക്കണം.
അതേ സമയം ദുബൈയില്‍ വിദ്യാലയങ്ങള്‍ നേരത്തെ അടക്കും. ഈ മാസാവസാനമാണ് അടക്കുക. അതിനിടെ, വിശുദ്ധ റമസാനില്‍ വിദ്യാലയങ്ങളില്‍ പഠന സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ഉച്ചക്ക് 1.30 ന് പഠനം തീരുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് പതിവുപോലെ ക്ലാസുകള്‍ ആരംഭിക്കും. ഷിഫ്റ്റ് സമ്പ്രദായമുള്ള വിദ്യാലയങ്ങളിലും 1.30 മണിയോടെ പഠനം അവസാനിക്കും. നിലവില്‍ വൈകുന്നേരം 4.30 വരെ പഠനമുള്ള വിദ്യാലയമുണ്ട്.
ചൂട് കനക്കുന്നതിനിടെയാണ് വിദ്യാലയങ്ങള്‍ അടക്കുന്നുവെന്നത് വിദ്യാര്‍ഥികള്‍ക്കു ആശ്വാസം പകരുന്നു. ഇപ്പോള്‍ തന്നെ കടുത്തചൂടാണ് അനുഭവപ്പെടുന്നത്. അവധിക്കാലം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി വിദ്യാര്‍ഥികള്‍. മിക്കവരും നാട്ടില്‍പോകാനുള്ള തയ്യാറെടുപ്പിലാണ്. മടക്കയാത്ര അടക്കമുള്ള വിമാനടിക്കറ്റ് നേരത്തെ ബുക്കു ചെയ്തിരുന്നു. മക്കളുടെ അവധിക്കനുസരിച്ച് രക്ഷിതാക്കളും അവരുടെ തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നു അവധിയെടുത്തിട്ടുണ്ട്. ചില വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങള്‍ അടക്കും മുമ്പേ നാട്ടിലേക്കു യാത്ര തുടങ്ങിയിട്ടുണ്ട്. അവധി ലഭിക്കാത്തതിനാല്‍ മക്കളെ മാത്രം നാട്ടിലയക്കുന്ന രക്ഷിതാക്കളുമുണ്ട്. അവധിക്കാലം ആരംഭിക്കുന്നതോടെ നാട്ടിലേക്കുള്ള വിമാനങ്ങളില്‍ യാത്രക്കാരുടെ കനത്ത തിരക്കായിരിക്കും അനുഭവപ്പെടുക.
അതേസമയം, നാട്ടില്‍ പോകാത്തവര്‍ അവധിക്കാലം ഇവിടെ തന്നെ പരമാവധി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.