Connect with us

Articles

എന്തിനാണ് നാമിത്ര 'ഫാസ്റ്റ്' ആകുന്നത്

Published

|

Last Updated

ഒന്നിനും സമയമില്ല മധ്യവര്‍ഗ മലയാളിക്ക്. എല്ലാം ഫാസ്റ്റ് ആകണം. സമയമാണ് സമ്പത്ത് എന്നും വേഗതയാണ് ആധുനിക ജീവിതശൈലി എന്നും നിരന്തരം കുട്ടികളെ ഓര്‍മിപ്പിക്കുന്നവരാണ് നാം. ഒട്ടനവധി കാര്യങ്ങള്‍ വേഗത്തില്‍ ചെയ്തിട്ട് ലാഭിക്കുന്ന സമയം നാമെന്തിന് വിനിയോഗിക്കുന്നു എന്ന് ചോദിക്കരുത്. മദ്യപിക്കാനും ആടിക്കുഴയാനും സീരിയല്‍ കാണാനും എന്നൊക്കെ പറഞ്ഞാല്‍ പോര. മൊബൈല്‍ ഫോണില്‍ കളിക്കാന്‍, കമ്പ്യൂട്ടറില്‍ ഗെയിമടക്കം നിരവധി കാര്യങ്ങള്‍ ചെയ്യാന്‍. ഇതല്ലാതെ സ്വന്തം ജീവിതത്തിനോ സമൂഹത്തിനോ ആരോഗ്യകരമായി ചെയ്യാനൊന്നും ഈ സമയം ഉപയോഗിക്കുന്നില്ലെന്ന കാര്യം തല്‍ക്കാലം വിടുന്നു. ഏത് കാര്യങ്ങളിലാണ് നാം സമയലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് എന്നതാണ് കൂടുതല്‍ പ്രസക്തം. ഭക്ഷണം ഉണ്ടാക്കലും യാത്രയുമാണ് ഇവയില്‍ പ്രധാനം. യാത്രക്കാരുടെ കാര്യം നമുക്കറിയാം. ഇന്നുണ്ടാകുന്ന അപകടങ്ങളില്‍ 90 ശതമാനവും ഡ്രൈവര്‍ക്കുണ്ടാകുന്ന അബദ്ധങ്ങള്‍ (?) മൂലമാണ്. അതിന്റെ നല്ലൊരു പങ്ക് യാത്രയില്‍ കാട്ടുന്ന അനാവശ്യ ധൃതിയാണ്. ഭക്ഷണം ഉണ്ടാക്കുന്നതിനും അത് കുടുംബത്തില്‍ ഒന്നിച്ചിരുന്ന് സാവകാശം കഴിക്കുന്നതിനും നമുക്ക് സമയമില്ല. (പിന്നെ സ്വന്തം മാതാപിതാക്കളും കുട്ടികളുമടക്കമുള്ള മറ്റു മനുഷ്യരോട് നേരിട്ട് മുഖാമുഖം സംസാരിക്കാനും ഒട്ടും സമയില്ല. ഏറിയാല്‍ മുഖമില്ലാത്ത ഫേസ്ബുക്കും ട്വിറ്ററും വാട്ട്‌സപ്പും മാത്രം!) സ്വന്തം കുട്ടികള്‍ക്ക് സമയാസമയത്തിന് ഭക്ഷണമുണ്ടാക്കി കൊടുക്കാന്‍ പോലും സമയമില്ലാത്ത വിധം വികസനം നേടിയെന്നഭിമാനിക്കുന്നു നാം. ഈ സമയലാഭം നേടാനായി നമ്മുടെ ഭക്ഷ്യരീതിയില്‍ എന്തിന് സംസ്‌കാരത്തിന് പോലും വരുത്തിയിരിക്കുന്ന മാറ്റങ്ങളുടെ ദുരന്തഫലങ്ങളാണിപ്പോള്‍ നാം കാണുന്നത്. ഒരു കുട്ടിക്ക് ഏറ്റവും സുരക്ഷിതമായ ഭക്ഷണം ആ കുട്ടിയുടെ അമ്മ ഉണ്ടാക്കികൊടുക്കുന്നതാണെന്നല്ലേ നാമൊക്ക വിശ്വസിക്കുന്നത്. അതില്‍ വാത്സല്യത്തിന്റെയും അമ്മയുടെ കൈപുണ്യത്തിന്റെയും സ്വാദും പോഷകഗുണവുമുണ്ടെന്നല്ലേ നമ്മുടെ വിശ്വാസം ! പക്ഷേ, കഴിഞ്ഞ രണ്ടാഴ്ചയായി നാം മാധ്യമങ്ങളില്‍ കാണുന്നത് വിശ്വസിക്കാമെങ്കില്‍ സമയലാഭത്തിന് വേണ്ടി അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കി വരുന്ന, ആവേശത്തോടെ അവര്‍ കഴിക്കുന്ന ഒരു പ്രധാന ഭക്ഷണം “2 മിനുട്ട് മാഗി ന്യൂഡില്‍സ്” കുട്ടികളില്‍ മാരകരോഗങ്ങളുണ്ടാകുമെന്നല്ലേ സത്യം.
പാക്കറ്റ് പൊട്ടിച്ച് തിളച്ച വെള്ളത്തിലിട്ടാല്‍ ഭക്ഷണം റെഡി. അതിന്റെ മണം കേട്ട് കുട്ടികള്‍ ഏതുറക്കത്തില്‍ നിന്നും ഉണര്‍ന്നുവരുമെന്ന് നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് ചില്ലറക്കാരൊന്നുമല്ല, പ്രിയ താരങ്ങളായ അമിതാഭ് ബച്ചനും മാധുരി ദീക്ഷിത്തും പ്രീതി സിന്റയുമെല്ലാം തന്ന. കുട്ടികള്‍ ആര്‍ത്തുല്ലസിച്ച് മാഗി ന്യൂഡില്‍സ് വാശിയോടെ കഴിക്കുന്ന പരസ്യം കണ്ടാല്‍ ആരാണത് കൊതിക്കാതിരിക്കുക? കുട്ടികളും മുത്തശ്ശിയും ഒരുപോലെ മത്സരിച്ചു കഴിക്കുന്ന ഒരു ഭക്ഷണത്തില്‍ ഇത്ര മാരകമായ അളവില്‍ വിഷവസ്തുക്കളുണ്ടെന്ന് പറഞ്ഞാല്‍ ആരാണ് പെട്ടെന്ന് വിശ്വസിക്കുക? അതുണ്ടാക്കുന്നത്‌ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും ന്യൂഡില്‍സടക്കമുള്ള ഒട്ടനവധി ജനപ്രിയ ഭക്ഷ്യോത്പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന സ്വിസ് കമ്പനിയായ നെസ്‌ലേ കൂടിയാകുമ്പോള്‍ പിന്നെ പറയാനുമില്ല. എന്‍ഡോസള്‍ഫാന്‍ നാടാകെ തളിച്ചാലും അത് ആരോഗ്യത്തിനത്ര കുഴപ്പമൊന്നുമില്ലെന്ന് (കാസര്‍കോട്ടെ ജനതയുടെ ദുരന്തങ്ങള്‍ നേരിട്ടും ചിത്രങ്ങളിലൂടെയും കണ്ടിട്ടും) ഇന്നും വിശ്വസിക്കാത്ത സാക്ഷര മധ്യവര്‍ഗക്കാരോട് ഇത് പറയുമ്പോള്‍ നാം ഏറെ കരുതിയിരിക്കണം. പ്ലാച്ചിമടയില്‍ കോളക്കമ്പനിക്കെതിരായി ശക്തമായ സമരം നടക്കുന്ന കാലത്ത്, കോളകളിലും കുപ്പി വെള്ളത്തിലും കീടനാശിനിയും മറ്റു വിഷവസ്തുക്കളുമുണ്ടെന്ന് കണ്ടെത്തിയിട്ടും സച്ചിന്‍ ടെണ്ടുല്‍ക്കറും ഐശ്വര്യറായിയും സാക്ഷ്യപ്പെടുത്തിയ വിഷക്കോളകള്‍ വാങ്ങി മത്സരിച്ച് കുടിച്ചവരല്ലേ ഇവര്‍? കോളക്കമ്പനി പൂട്ടിയാല്‍ അത് നിക്ഷേപ സൗഹൃദസമീപനത്തന് എതിരാകുമെന്ന് പ്രസംഗിച്ച (ഇടതുപക്ഷമടക്കമുള്ള) മന്ത്രിമാരും വികസന വാദികളും വാണ മണ്ണാണ് കേരളമെന്നും ഓര്‍ക്കുക. “ബ്രാന്‍ഡഡ്” ആണെങ്കില്‍ എന്തു വിലകൊടുത്തും കൗപിനം വരെ വാങ്ങാന്‍ തയ്യാറാകുന്ന നാട്. അത്തരം ഉത്പന്നങ്ങള്‍ തരാതരത്തിന് ലഭ്യമാക്കാന്‍ സഹായിക്കുന്ന കൂറ്റന്‍ സൂപ്പര്‍ മാളുകള്‍… ഓരോ നിമിഷവും ക്രിക്കറ്റിന്റെയും സിനിമയുടെയും വാര്‍ത്തകളുടെയും ഇടയില്‍ ഇവയെല്ലാം നമ്മെ വാങ്ങാന്‍ പ്രേരിപ്പിക്കുന്ന അതിവിദഗ്ധ പരസ്യങ്ങള്‍.
ഇതൊക്കെയുണ്ടായിട്ടും മധ്യവര്‍ഗക്കാര്‍ ഇപ്പോള്‍ അല്‍പ്പമൊന്ന് ഞെട്ടിയിരിക്കുന്നു. പരസ്യം കണ്ടാല്‍ ഏത് ആടുമാഞ്ചിയക്കാരനും …. പണം നല്‍കി ലാഭം കൊയ്യാന്‍ തയ്യാറാകുന്ന ഈ മധ്യവര്‍ഗത്തിന്റെ ആത്മവിശ്വാസം തത്കാലമൊന്നടങ്ങിയിരിക്കുന്നു. അന്താരാഷ്ട്ര ബ്രാന്‍ഡ് ആയതുകൊണ്ടുമാത്രം ഒരുത്പന്നം ഗുണമുള്ളതാകുമെന്ന അന്ധവിശ്വാസത്തിന് ഇടിവേറ്റിരിക്കുന്നു. ഒരാഴ്ചകൊണ്ട് ജനപ്രിയ മാഗി വില്ലനും ശത്രുവുമായി മാറിയിരിക്കുന്നു. അതില്‍ വളരെ കൂടിയ അളവില്‍ കറുത്തീയവും (ലെഡ്) സ്വാദ് വര്‍ധിപ്പിക്കുന്ന മോണോസോഡിയം ഗ്ലുട്ടമേറ്റും (എം എസ് ജി) ഉണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. ഒന്നോ രണ്ടോ സംസ്ഥാനങ്ങളൊഴിച്ച് ബാക്കിയെല്ലായിടത്തും ഇതിന്റെ വില്‍പ്പന തടഞ്ഞിരിക്കുന്നു. ഭക്ഷ്യസുരക്ഷക്കുള്ള അഖിലേന്ത്യാ അതോറിറ്റി തന്നെ പറയുന്നു ഉത്തര്‍ പ്രദേശിലെ ബോരബംഗിയിലെ ഒരു ഉദ്യോഗസ്ഥന്‍ കൊളുത്തിയ തിരി, ഒരു ശൃംഖലാപ്രവര്‍ത്തനത്തിലൂടെ നാടാകെ പടര്‍ന്നുകത്തുന്നു. (ഇത്രയായിട്ടും കേരളത്തിലെ യുവ സിവില്‍സപ്ലൈ മന്ത്രി നടത്തിയ പരിശോധനയില്‍ ഒരു വിഷാംശവും കണ്ടെത്തിയിട്ടില്ല. കോര്‍പറേഷന്റെ വില്‍പ്പന നിര്‍ത്തിയെന്നേയുള്ളൂ). സര്‍ക്കാര്‍ എന്തു പറഞ്ഞാലും ഇത് തങ്ങളുടെ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ തയ്യാറല്ലെന്ന് വന്നതോടെ കമ്പനിക്ക് പത്തി താഴ്‌ത്തേണ്ടതായി വന്നിരിക്കുന്നു. ഒരു സംശയവുമില്ലാതെ ഈ നിരോധനം ആദ്യമായി പ്രഖ്യാപിച്ചത് ഡല്‍ഹി സര്‍ക്കാറാണെന്ന വസ്തുത തുറന്ന് പറയാന്‍ പല മാധ്യമങ്ങളും മടികാണിക്കുന്നതിന്റെ താത്പര്യം ഇവിടെ വിവരിക്കേണ്ടതില്ലല്ലോ.
ഇപ്പോഴും ആ തരം ബഹളത്തിനപ്പുറത്തേക്ക് ഈ പ്രശ്‌നം വളരുന്നുണ്ടോ? മാഗിക്കും നെസ്‌ലേക്കുമെതിരായ ആക്രോശം താത്കാലികം മാത്രമായി അവശേഷിക്കാനാണ് സാധ്യതയെന്ന സംശയം ബലപ്പെടുന്നു. ഇത് വലിയ ആശങ്കകള്‍ നമ്മളിലുണ്ടാക്കും. ഈ അപകടം മാഗിയിലും ന്യൂഡില്‍സിലും മാത്രമാണോ? നെസ്‌ലെയുടെ പോലും പാലുത്പന്നങ്ങളും ഓട്‌സും നിരവധി ചോക്ലേറ്റുകളും ബിസ്‌ക്കറ്റുകളും ഇപ്പോഴും തടസ്സമില്ലാതെ വില്‍ക്കപ്പെടുന്നുണ്ട്. കോയമ്പത്തൂരില്‍ നെസ്‌ലെ വിറ്റ നാന്‍പ്രൊ- 2 എന്ന പാല്‍പ്പൊടിയില്‍ നിന്നും പുഴുവിനെ കിട്ടിയെത്ര! മാഗി പോലെ നൂറുകണക്കിന് ഫാസ്റ്റ് (ഇന്‍സ്റ്റന്റ്) ഫുഡുകള്‍ ഇന്നും കമ്പോളങ്ങളില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നു. പരിശോധനകള്‍ നടക്കാത്തതുകൊണ്ട് സുരക്ഷിതമാണെന്ന് ഇക്കാലമത്രെയും കരുതിയിരുന്ന മാഗിയെ പോലെ തന്നെ മറ്റു കമ്പനികളുടെ ഉത്പന്നങ്ങളും പരിശോധിച്ചാല്‍ എന്താകും ഫലം?
2006 ല്‍ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ 26-ാം വകുപ്പനുസരിച്ച് ഭക്ഷ്യോത്പന്നങ്ങള്‍ കമ്പോളത്തിലിറക്കുന്നവര്‍ക്ക് ഒട്ടനവധി ഉത്തരവാദിത്തങ്ങളുണ്ട്. നിയമമനുസരിച്ചാണോ ഇവയുടെ ഉത്പാദനം നടക്കുന്നത് എന്ന് പരിശേധിക്കാന്‍ വേണ്ടിയാണ് ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനം കൊണ്ടുവന്നത്. അതിന്റെ തലവാനയ വൈ എസ് മല്ലിക് തന്നെ പറയുന്നു കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ പരാതി കിട്ടിയ പാല്‍, പാലുത്പന്നങ്ങള്‍, സസ്യ എണ്ണ, മുതലായ ഉത്പന്നങ്ങള്‍ മാത്രമാണ് തങ്ങള്‍ പരിശോധിച്ചതെന്നും ഈ പരിശധന ഒരുപാട് ഉത്പന്നങ്ങളിലേക്ക് വ്യാപിപ്പിക്കാനാകില്ലെന്നും ഇങ്ങനെ ചെയ്താല്‍ “ഇന്‍സ്‌പെകടര്‍ രാജ്” നടപ്പിലാക്കുന്നുവെന്ന വിമര്‍ശനം നേരിടേണ്ടിവരുമെന്നന്നതിനാലാണത്രെ അവരതിന് മുതിരാത്തത്. വിചിത്രമായ വാദമാണിത്. രാജ്യത്തെ 120 ലധികം കോടി വരുന്ന ജനങ്ങളുടെ ഭക്ഷണം സുരക്ഷിതമാണെന്നുറപ്പുവരുത്തുന്നതിന് ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ആരോടാണ്. ചില കോര്‍പ്പറേറ്റ് കമ്പനികളും അവരുടെ വക്താക്കളും ഉയര്‍ത്തുന്ന “ഇന്‍സ്‌പെക്ടര്‍രാജ്” വിമര്‍ശനമാണോ അവര്‍ക്ക് പ്രധാനം?
തന്നെയുമല്ല, നെസ്‌ലെ കമ്പനിയെ രക്ഷിക്കാന്‍ അതിശക്തമായ ശ്രമങ്ങള്‍ പല ഭാഗങ്ങളിലും നടക്കുന്നതിന്റെ സൂചനകളുമുണ്ട്. മാഗി ഉത്പന്നങ്ങളില്‍ ഈ രാസവസ്തുക്കള്‍ അധിക അളവില്‍ കാണുന്നത് ഉള്ളി അരച്ചുചേര്‍ത്തുണ്ടാക്കിയ രുചിക്കൂട്ടുകളിലാണെന്നും (ന്യൂഡില്‍സിലല്ലെന്നും) അതു വന്നത് ഉള്ളിയിലൂടെയാണെന്നും ആ ഉള്ളിയില്‍ വിഷം വന്നത് മണ്ണില്‍ നിന്നും വെള്ളത്തില്‍ നിന്നുമാണെന്നുമാണ് പ്രധാന വാദം. അതായത് ഈ വിഷവസ്തുക്കളുടെ ഉത്തരവാദിത്തം നെസ്‌ലെ കമ്പനിക്കല്ലെന്നാണിവര്‍ സ്ഥാപിക്കുന്നത്. ഗംഗയടക്കമുള്ള ഇന്ത്യയിലെ നദികളും മറ്റു ജലസ്രോതസ്സുകളും കറുത്തീയവും കാസ്മിയവും (ക്രോമി) പോലുള്ള രാസവസ്തുക്കള്‍ കൊണ്ടുനിറക്കുന്നത് ഇവിടത്തെ വ്യവസായ യൂനിറ്റുകളാണ്. നാം പുറത്തെറിയുന്ന വേസ്റ്റുകളാണ്. അതായത് നാം തന്നെ, നമ്മുടെ സര്‍ക്കാറുകള്‍ തന്നെ, നിയമം പാലിക്കാത്തതു വഴി മണ്ണിലും വെള്ളത്തിലും വിഷം കലര്‍ത്തുന്നതാണെന്നതിനാല്‍ പാവം നെസ്‌ലെയേയും മാഗി ന്യൂഡില്‍സിനെയും കുറ്റം പറയാന്‍ പാടില്ല! ഇതാണ് വാദം.
ഇതു തന്നെ ശീതളപാനിയത്തിലെ കീടനാശിനി – വിഷാംശങ്ങള്‍ കണ്ടെത്തിയപ്പോഴുണ്ടായ പ്രതികരണമാമെന്ന് ഓര്‍ക്കാം. (ഭൂഗര്‍ഭ ജലത്തിലെ കീടനാശിനിയാണ് കാരണമെന്ന വാദം). വാദത്തിനുവേണ്ടി ഇത് സമ്മതിച്ചാലും പല ചോദ്യങ്ങളും ബാക്കിയാകുന്നു. അസംസ്‌കൃത വസ്തു എന്തായാലും നെസ്‌ലെ പുറത്തിറക്കുന്ന ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കമ്പനിക്ക് ബാധ്യതയില്ലേ? അതിന് നിയമമില്ലേ? (അരിയില്‍ കല്ലും കരടമുണ്ടെന്ന ന്യാം പറഞ്ഞ് ചോറിലെ കല്ലിനും കരടിനും ന്യായീകരണം നടത്തുന്ന ഒരു ഹോട്ടലുടമയെ നാമെങ്ങനെ കാണും). ഈയത്തിന്റെ വിഷയത്തില്‍ ഒരു പരിധിവരെ ഈ വാദങ്ങള്‍ അംഗീകരിച്ചാലും എം എസ് ജി എന്ന രുചിദായകം കൂടിയ അളവില്‍ വരുന്നതെങ്ങനെ? ഈ എം എസ് ജിയെ ഇങ്ങനെ പറയുമ്പോള്‍ നമുക്ക് മനസ്സിലാകില്ല. ഇതിന്റെ ശരിയായ പേര്‍ അജ്‌നാമോട്ടോ എന്നാണ്. (അതാണ് സാധാരണ ജനങ്ങള്‍ക്ക് പരിചയമുള്ള പേര്. ജപ്പാന്‍കാരായ കിക്കുനായ് ഇക്കുടെ എന്ന മനുഷ്യന്‍ രൂപപ്പെടുത്തിയ രസമാണത്രെഇത്. കടല്‍ വിഭവങ്ങളിലും തക്കാളിയിലും കിട്ടുന്നത് ഈ രസമാണ്. വിഭവങ്ങളുടെ ആഗോള സ്വാധീനത്തിന് ഹേതുവാകുന്നത്. ഇതിനെ ഉത്തേജക വസ്തുവായി കണക്കാക്കാം. ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം എന്ന പേരില്‍ ലോകമാകെ അറിയപ്പെടുന്ന ഒരു രോഗം തന്നെയുണ്ട്. നിരന്തരം ചൈനീസ് ഭക്ഷണം കഴിക്കുന്നവര്‍ക്കുണ്ടാകുന്ന രോഗം. നെഞ്ചെരിച്ചില്‍, ഛര്‍ദി, കൂടിയ നെഞ്ചിടിപ്പ്, ചര്‍മരോഗങ്ങള്‍ മുതലായവയാണ് ലക്ഷണങ്ങള്‍. കുട്ടികളുടെ ഭക്ഷണത്തിന് ഇത്രയധികം അജ്‌നാമോട്ടോ വന്നതെങ്ങനെ? എം എസ് ജി ഇല്ലായെന്ന് പാക്കറ്റിന് പുറത്ത് എഴുതിവെക്കുകകൂടി ചെയ്യുന്നുണ്ട്. അതായത് ഈ ആഗോള ഉത്പന്നത്തിന് അതിവേഗ സൗകര്യത്തോടൊപ്പം വമ്പന്‍ ജനപ്രിയ താരങ്ങളുടെ പരസ്യത്തോടൊപ്പം അതിന് ഉപഭോക്താക്കളെ അടിപ്പെടുത്തുന്ന ഈ ഘടകം കൂടിയുണ്ട്. പുതുതലമുറയെ ലക്ഷ്യമിട്ട് രംഗത്തിറക്കുന്ന ഇത്തരം ഉത്പന്നങ്ങള്‍ക്കുനേരെ ഒരു ചെറുവിരലനക്കാന്‍ പോലും ഭരണകര്‍ത്താക്കള്‍ തയ്യാറാകില്ല. കാരണം അവരുടെ പ്രത്യയശാസ്ത്രം, വിദേശ മൂലധനവും കമ്പോളവികസനവുമാണ് ഏറ്റവും പ്രധാന വില്‍പ്പനോപാധി എന്നതാണ്.
ഇവിടെ യഥാര്‍ഥ കടമ സമൂഹത്തെ നേരായ രീതിയില്‍ കാണാന്‍ ശ്രമിക്കുന്നവര്‍ക്കാണ്. സ്വന്തം കുഞ്ഞിന് ആരോഗ്യകരമായ ആഹാരം നല്‍കാന്‍ പോലും സമയമില്ലാത്തവര്‍ മാതാപിതാക്കളാകരുത് എന്ന സത്യമാണിനി നാം വികസന മധ്യവര്‍ഗത്തോട് പറയേണ്ടത്.

Latest