Connect with us

Kozhikode

പ്രൈവറ്റ് ഹജ്ജ് ഗ്രൂപ്പുകളെ സര്‍വ്വീസ് ടാക്‌സില്‍ നിന്നും ഒഴിവാക്കുക: ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍

Published

|

Last Updated

കോഴിക്കോട്: പ്രൈവറ്റ് ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന സര്‍വ്വീസ് ടാക്‌സ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഹജ്ജ്- ഉംറ ഗ്രൂപ്പ് അസോസിയേഷന്റെ ആഭിമിഖ്യത്തില്‍ നടന്ന ഹജ്ജ് – ഉംറ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. മലബാറിലെ ഹജ്ജ്- ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം. അംഗീകാരമില്ലാത്ത ഹജ്ജ്- ഉംറ തീര്‍ഥാടകരെ വഞ്ചിച്ച് പണം തട്ടുന്ന ഏജന്‍സികളെ നിയന്ത്രിക്കണമെന്നും കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
കാലിക്കറ്റ് ടവറില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ അംഗീകാരമുള്ള മുഴുവന്‍ ഹജ്ജ് ഗ്രൂപ്പുകളും ഹജ്ജ് – ഉംറ ഏജന്‍സി പ്രതിനിധികളും തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക, മുംബൈ, ഡല്‍ഹി, തമഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സംബന്ധിച്ചു. സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റശീദലി ശിഹാബ് തങ്ങള്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഹജ്ജ് – ഉംറ ഗ്രൂപ്പ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നല്‍കിവരുന്ന 50 ലക്ഷം രൂപയുടെ റമസാന്‍ റിലീഫ് ഫണ്ടിന്റെ ഉദ്ഘാടനം സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു.
തുടര്‍ന്ന് “സ്വകാര്യ ഹജ്ജ് തെറ്റിദ്ധാരണകളും” യാഥാര്‍ഥ്യങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന സെമിനാര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വിവിധ മുസ്‌ലിം സംഘടനാ നേതാക്കളും ഹജ്ജ് – ഉംറ അസോസിയേഷന്‍ ഭാരവാഹികളുമായ എന്‍ അലി അബ്ദുല്ല, ഇബ്രാഹീം അലി കല്ലിക്കണ്ടി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. ഐ പി അബ്ദുസലാം, ബാബാ ഭായ്, അഹമ്മദ് തമ്പി, സി എ മോഹനന്‍, ആഷിക്ക് പരോള്‍, എം സി മായിന്‍ ഹാജി, എന്‍ജിനീയര്‍ മുഹമ്മദ് കോയ, സുഹൈല്‍ അഹമ്മദ് സിദ്ദീഖ്, അക്ബര്‍ റാണ, ടി മുഹമ്മദ് ഹാരിസ് സംബന്ധിച്ചു. എം എ അസീസ് സ്വാഗതവും എം പി എം മുബഷിര്‍ നന്ദിയും പറഞ്ഞു.

Latest