യാത്രാ ഇളവ് വിവാദത്തില്‍ എസ് ഐ ടി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്‌

Posted on: June 17, 2015 6:00 am | Last updated: June 17, 2015 at 12:08 am
369317-16-6-2015-d-gh6-o
സുഷമാ സ്വരാജിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബെംഗളുരുവില്‍ നടത്തിയ പ്രതിഷേധം

ന്യൂഡല്‍ഹ: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരെയുള്ള ആരോപണം സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ എസ് ഐ ടി അന്വേഷിക്കണമെന്ന് കോ ണ്‍ഗ്രസ്. സുഷമാ സ്വരാജ് ചെയ്തത് അവിഹിതമായ കാര്യമാണെന്നും എന്തിനാണ് ലളിത് മോദിയുടെ പോര്‍ച്ചുഗല്‍ യാത്രക്ക് വേണ്ടി കേന്ദ്ര സര്‍ക്കാറും വിദേശകാര്യ മന്ത്രാലയവും ഇത്രയും താത്പര്യമെടുക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.
ലളിത് മോദിക്ക് യാത്രാ ഇളവുകള്‍ നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പോലും താത്പര്യമെടുക്കാതിരുന്നപ്പോള്‍ കേന്ദ്ര സര്‍ക്കാറിന് എന്തിനായിരുന്നു അനാവശ്യ തിടുക്കം? മോദിക്ക് യാത്രാ ഇളവ് നല്‍കുരുതെന്ന ഇന്ത്യയുടെ അപേക്ഷ ബ്രിട്ടീഷ് സര്‍ക്കാറിന് മുന്നിലുണ്ട്. തിടുക്കപ്പെട്ട് പോര്‍ച്ചുലില്‍ പോകാന്‍ മാത്രം ലളിത് മോദിയുടെ ഭാര്യക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യാമായിരുന്നില്ലെന്നും, മാനുഷിക പരിഗണനയെന്ന് ഇത് സംബന്ധിച്ച് സുഷമാ സ്വരാജ് നടത്തിയ പ്രസ്താവന കള്ളമാണെന്നും ശര്‍മ പറഞ്ഞു.
പാസ്‌പോര്‍ട്ട് പുനഃസ്ഥാപിച്ച് കിട്ടിയ ശേഷം ലളിത് മോദി ഇബിസ എന്ന സ്ഥലത്ത് അവധി ആഘോഷിക്കുകയായിരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നിട്ടാണ് ഇപ്പോള്‍ മനുഷ്യത്വത്തെ കുറിച്ച് സംസാരിക്കുന്നതെന്നും ശര്‍മ കുറ്റപ്പെടുത്തി.
ലളിത് മോദിയെ ഇന്ത്യക്ക് കൈമാറുകയും വിചാരണ നടത്തുകയും ചെയ്യണമെന്നുതന്നെയാണ് കോണ്‍ഗ്രസിന്റെ നിലപാട്. പ്രധാനമന്ത്രിയുടെ മൗനം അവസാനിപ്പിക്കണം. അദ്ദേഹം സത്യത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് വേറെ വല്ല വ്യവസ്ഥയുമുണ്ടോ എന്ന് മോദി വ്യക്തമാക്കണമെന്നും ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.