സേട്ടുവിനെ ആദരിക്കുന്നത് ലീഗിന്റെ പാപ്പരത്തം: ഐ എന്‍ എല്‍

Posted on: June 17, 2015 5:02 am | Last updated: June 17, 2015 at 12:06 am

കോഴിക്കോട്: മുസ്‌ലിംലീഗിന്റെ ആദര്‍ശ പാപ്പരത്തം തുറന്നുകാട്ടിയതില്‍ പുറത്താക്കപ്പെട്ട ഇബ്‌റാഹീം സുലൈമാന്‍ സേട്ടുവിനെ അതേ പാര്‍ട്ടി ആദരിക്കുന്നതും അനുസ്മരിക്കുന്നതും പരിഹാസ്യവും അല്‍പ്പത്തരവുമാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി. സേട്ടുവിനെ അനുസ്മരിക്കണമെന്ന് ഇപ്പോള്‍ ലീഗിന് തോന്നുന്നത് ആത്മാര്‍ഥയോടെയാണെങ്കില്‍ സേട്ടുവിനോട് ചെയ്തതെല്ലാം തെറ്റായിരുന്നുവെന്ന് സമ്മതിക്കണം. ഇല്ലെങ്കില്‍ അവഹേളിക്കലായി മാറും. സേട്ടുവിനെ അവഹേളിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അത് നോക്കിനില്‍ക്കില്ലെന്നും സംസ്ഥാന പ്രവര്‍ത്തക സമിതി മുന്നറിയിപ്പ് നല്‍കി. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാന്‍ ഉന്നതങ്ങളില്‍ നടക്കുന്ന ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ജൂലൈ അവസാനത്തില്‍ വാഹന ജാഥകള്‍ നടത്താനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവര്‍കോവില്‍, എ പി അബ്ദുല്‍ വഹാബ്, കെ പി ഇസ്മാഈല്‍, എന്‍ കെ അബ്ദുല്‍ അസീസ്, എം എ ലത്വീഫ്, കാസിം ഇരിക്കൂര്‍, ബശീര്‍ ബടേരി, കോതൂര്‍ മുഹമ്മദ്, അസീസ് കടപ്പുറം, മുഹമ്മദ് പുറക്കാട് എം ശര്‍മത്ഖാന്‍, മുഹമ്മദ് പഞ്ചാര പ്രസംഗിച്ചു.