സിറിയയില്‍ കുര്‍ദുകള്‍ പ്രധാന നഗരം പിടിച്ചെടുത്തു

Posted on: June 17, 2015 5:40 am | Last updated: June 16, 2015 at 11:41 pm

ദമസ്‌കസ്: ഇസിലിന്റെ പ്രധാന ശക്തി കേന്ദ്രവും റാഖാ പ്രവിശ്യയിലേക്കുള്ള പ്രധാന വിതരണ പാതയും തന്ത്രപ്രധാന പട്ടണവുമായ താല്‍ അബ്‌യാദ് പിടിച്ചടക്കിയതായി സിറിയന്‍ കുര്‍ദിശ് സൈന്യം അവകാശപ്പെട്ടു.
റാഖാ പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം ഇപ്പോള്‍ കുര്‍ദിശ് പോരാളികളുടെ കൈവശമാണെന്ന് കുര്‍ദിശ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ് വക്താവ് റെദൂര്‍ ക്‌സെലില്‍ അവകാശപ്പെട്ടു.
എന്നാല്‍ ഇസില്‍ തീവ്രവാദികളുടെ ചെറിയ വിഭാഗങ്ങള്‍ അവിടെ ഇപ്പോഴും ഉള്ളതായി യു കെ ആസ്ഥാനമായ സിറിയന്‍ മനുഷ്യാവകാശ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ശക്തമായ പോരാട്ടം നടക്കുന്നത് കാരണം കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ 16,000ത്തിലധികം പേര്‍ തുര്‍ക്കിയിലേക്ക് ഇവിടെ നിന്ന് കുടിയേറിയിട്ടുണ്ട്.
തങ്ങളെ ഇസില്‍ ഭയപ്പെടുത്തുന്നുവെന്നും നാനാ ഭാഗങ്ങളില്‍ നിന്നുമുള്ള ബോംബോക്രമണത്താല്‍ ഞങ്ങള്‍ ഇവിടം വിട്ട് പോകുകയാണെന്നും ഒരു ദിവസം തന്നെ 100ഓളം പേര്‍ മരിക്കുന്നിടത്തേക്ക് ഞാനിനി ഒരിക്കലും തിരിച്ചു പോകില്ലെന്നും ഒരു അഭയാര്‍ഥി പറഞ്ഞു.
താല്‍ അബ്‌യാദിലെ യുദ്ധം മൂലം അതിര്‍ത്തി തുറക്കാന്‍ തുര്‍ക്കി അധികൃതര്‍ തയ്യാറായിട്ടുണ്ട്. പക്ഷെ അതിര്‍ത്തി കടക്കാന്‍ 24 മണിക്കൂറെങ്കിലും അതിര്‍ത്തിയില്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥായാണ് ഇപ്പോള്‍ നേരിടുന്നത്. അമേരിക്കന്‍ നേതൃത്വത്തിലുള്ള കുര്‍ദിശ് പോരാളികളും സിറിയന്‍ വിമതരും അവരുടെ പ്രധാന ലക്ഷ്യമായ താല്‍ അബ്‌യാദിലേക്കുള്ള മുന്നേറ്റം ജൂണ്‍ 11 മുതല്‍ തുടങ്ങയിരുന്നു.