വാര്‍ത്താ ഉറവിടങ്ങള്‍ നവമാധ്യമങ്ങള്‍ക്ക് വഴിമാറുന്നുവെന്ന് റോയിട്ടേഴ്‌സ് പഠന റിപ്പോര്‍ട്ട്

Posted on: June 16, 2015 2:06 pm | Last updated: June 17, 2015 at 12:51 am

reuters report
വാര്‍ത്തയുടെ ഉറവിടങ്ങള്‍ നവ മാധ്യമങ്ങള്‍ക്ക് വഴിമാറുന്നുവെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ പുതിയ പഠന റിപ്പോര്‍ട്ട്. ബിബിസി, സിഎന്‍എന്‍ തുടങ്ങിയ പരമ്പരാഗത ഓണ്‍ലൈന്‍ മാധ്യങ്ങള്‍ക്ക് പുതുതലമുറ മാധ്യമങ്ങളായ ഹഫിംഗ്ടണ്‍ പോസ്റ്റ്, ബസ്ഫീഡ്, വൈസ് തുടങ്ങിയവ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും ചൊവ്വാഴ്ച ബ്രിട്ടനില്‍ പുറത്തിറക്കിയ റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ട് 2015 വ്യക്തമാക്കുന്നു. ടെലിവിഷന്‍ ബുള്ളറ്റിനുകളിലൂടെ വാര്‍ത്തകള്‍ അറിയുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 69 ശതമാനത്തില്‍ നിന്ന് 62 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ടെലിവിഷന്‍ വാര്‍ത്താബുള്ളറ്റിന്‍ കാണുന്ന 45 വയസ്സിന് താഴെയുള്ളവരുടെ എണ്ണം 56ല്‍ നിന്ന് 46 ആയി ചുരുങ്ങിയിട്ടുണ്ട്.

അച്ചടി പത്രങ്ങള്‍ വായിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. പുതിയ കാലത്ത് വാര്‍ത്തയുടെ ഉറവിടം ഇന്റര്‍നെറ്റും ടെലിവിഷനും മാത്രമായി പരിമിതപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വാര്‍ത്തയുടെ ഉറവിടം എന്ന നിലയില്‍ സോഷ്യല്‍ മീഡിയകള്‍ ശക്തമായ നിലയിലെത്തിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആരാണ് പത്രപ്രവര്‍ത്തകന്‍ എന്നാണ് ഒരു ദശാബ്ദം മുമ്പ് ചോദ്യമുയര്‍ന്നിരുന്നതെങ്കില്‍ ഇന്ന് അത് ആരാണ് പ്രസാധകര്‍ എന്നായി മാറിയിട്ടുണ്ട്. വാര്‍ത്താ പോര്‍ട്ടലുകളിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് പകരം ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ്, സ്‌നാപ്പ് ചാറ്റ് തുടങ്ങിയവയിലൂടെ വാര്‍ത്തകള്‍ അറിയുവാനാണ് ഭൂരിഭാഗം പേരും താത്പര്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍കിട മാധ്യമങ്ങള്‍ക്ക് പോലും വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കേണ്ടിവരുന്നുവെന്നാണ് റിപ്പോര്‍ട്ടിന്റെ രത്‌നച്ചുരുക്കം.

2015 ജനുവരി അവസാനവും ഫെബ്രുവരിയുടെ ആദ്യത്തിലും നടത്തിയ ഓണ്‍ലൈന്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ട് 2015 പൂര്‍ണമായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.