Connect with us

Gulf

അരുവിക്കര തിരഞ്ഞെടുപ്പും ഗള്‍ഫ് മലയാളികളും

Published

|

Last Updated

അരുവിക്കര ഉപ തിരഞ്ഞെടുപ്പ് ഗള്‍ഫ് മലയാളികളിലും താല്‍പര്യം ഉണര്‍ത്തിയിട്ടുണ്ട്. നാലാള്‍ കൂടുന്നിടത്ത് ചര്‍ച്ച പൊടിപൊടിക്കുന്നു. ചിലര്‍, ഇഷ്ട സ്ഥാനാര്‍ഥിക്കുവേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.
പൊതുവെ, മലയാളികള്‍ രാഷ്ട്രീയ ജീവികളാണ്. അബോധ പൂര്‍വമായെങ്കിലും ഏതെങ്കിലും മുന്നണിയോട് കൂറു പുലര്‍ത്തുന്നവരാണ് ഭൂരിപക്ഷം. കടല്‍ കടന്നാലും അതില്‍ മാറ്റമില്ല. നാട്ടില്‍ തിരഞ്ഞെടുപ്പായാല്‍ ഗള്‍ഫിലിരുന്ന് വോട്ടുപിടുത്തം നടത്തുന്നവര്‍, വോട്ടുചെയ്യാന്‍ നാട്ടിലേക്ക് വിമാനയാത്ര നടത്തുന്നവര്‍, ഇരിക്കപ്പൊറുതിയില്ലാത്തവര്‍ എന്നിങ്ങനെ പലതരക്കാരുണ്ട്. അരുവിക്കരയിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി എം വിജയകുമാറിനുവേണ്ടി പ്രചാരണം നടത്താന്‍ ഐ എം സി സി പ്രവര്‍ത്തകര്‍ പോയതിന്റെ വാര്‍ത്ത മാധ്യമങ്ങളിലുണ്ടായിരുന്നു.
അരുവിക്കരയിലെ തിരഞ്ഞെടുപ്പ് ഇരു മുന്നണികള്‍ക്കും ബി ജെ പിക്കും പി ഡി പിക്കും പി സി ജോര്‍ജിനും ഒരേ പോലെ വെല്ലുവിളിയാണ്. ഇടതുമുന്നണി, ജീവന്‍മരണ പോരാട്ടമായി തിരഞ്ഞെടുപ്പിനെ കാണുന്നു. ഉപ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നത് പലപ്പോഴും ഇടതുമുന്നണിയായിരുന്നു. എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ അതിന് മാറ്റം വന്നിട്ടുണ്ട്. മാത്രമല്ല, രാഷ്ട്രീയമായി ഇത്രയും അനുകൂലമായ സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല. എന്നിട്ടും പരാജയപ്പെടുകയാണെങ്കില്‍ ഇടതുമുന്നണിയുടെ ആത്മ വിശ്വാസം തകരും.
അഴിമതി ആരോപണമാണ് ഐക്യമുന്നണി നേരിടുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും ആള്‍ബലമുള്ള പാര്‍ട്ടിയെന്നത് കോണ്‍ഗ്രസിന് അനുകൂല ഘടകം. അത്തരത്തിലുള്ള കക്ഷികള്‍ ഇടതുമുന്നണിയിലില്ല. സി പി ഐ യോ ജനതാദളോ ശക്തമായ കക്ഷികളല്ല. അത് കൊണ്ടുതന്നെ സി പി എം ഏതാണ്ട് ഒറ്റക്കാണ് അവിടെ മത്സരിക്കുന്നത്. ഐക്യമുന്നണിയെ ആശ്വസിപ്പിക്കുന്നത് ഇത്തരം ഘടകങ്ങളാണ്.
കേന്ദ്ര ഭരണത്തിന്റെ ആനുകൂല്യം മുതലെടുത്ത് മുന്നിലേക്കെത്താനാണ് ബി ജെ പി ശ്രമം. പക്ഷേ, പെട്രോള്‍ വിലവര്‍ധന, അമിത കോര്‍പറേറ്റ് വല്‍കരണം എന്നിവ കൊണ്ട് ജനങ്ങള്‍ക്ക് കേന്ദ്ര ഭരണം മടുത്തിട്ടുണ്ട്. അരുവിക്കരയില്‍ ഇത് പ്രതിഫലിക്കുമോയെന്ന് കണ്ടറിയാം.
പ്രവാസികള്‍ക്ക് വോട്ടവകാശം ലഭ്യമായിരുന്നെങ്കില്‍ അരുവിക്കര തിരഞ്ഞെടുപ്പ് മറ്റൊരു തരത്തില്‍ ആവേശം സൃഷ്ടിക്കുമായിരുന്നു. പ്രവാസികള്‍ താമസിക്കുന്നയിടത്തുവെച്ചു തന്നെ വോട്ടുചെയ്യാന്‍ സാധിക്കുമോയെന്ന് ഇനിയും വ്യക്തമായിട്ടില്ല. അബുദാബിയിലെ ഡോ. ശംസീര്‍ വയലില്‍ നല്‍കിയ ഹര്‍ജി ഇപ്പോഴും പരമോന്നത കോടതിയുടെ പരിഗണനയിലാണ്. താമസിയാതെ ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ.
അരുവിക്കരയില്‍ വോട്ടവകാശമുള്ള കുറച്ചുപേര്‍ മാത്രമെ ഗള്‍ഫിലുള്ളു. എന്നാല്‍, അരുവിക്കരയില്‍ കുടുംബമുള്ള ധാരാളം പേരുണ്ട്. അവരെ മൊബൈല്‍ ഫോണ്‍ വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും സ്വാധീനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്.

Latest