കുടുംബത്തിലെ ഏഴ് പേര്‍ക്ക് നേരെ ആസിഡ് ആക്രമണം

Posted on: June 13, 2015 7:37 pm | Last updated: June 14, 2015 at 10:52 am

acid attacked man

ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് നേരെ ആസിഡ് ആക്രമണം. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. നിസാര്‍ അഹമ്മദ് എന്നയാളും കുടുംബവുമാണ് ആക്രമണത്തിനിരയായത്. ഉറങ്ങിക്കിടക്കുമ്പോള്‍ മരുമകന്‍ ഇവര്‍ക്ക് നേരെ ആസിഡ് പ്രയോഗം നടത്തുകയായിരുന്നു. നിസാര്‍, അദ്ദേഹത്തിന്റെ ഭാര്യ, നാല് മക്കള്‍, ഒരു കുട്ടി എന്നിവരാണ് ആക്രമണത്തിനിരയായത്.

മകളെ പീഡിപ്പിക്കുന്നതായി കാണിച്ച് മരുമകനെതിരെ നിസാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ആക്രമണം നടത്തിയത്.

അതേസമയം, ആക്രമണത്തിന് ഇരയായ ഇവരെ ആദ്യം മീററ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് ഡല്‍ഹിയിലേക്ക് റെഫര്‍ ചെയ്തു. എന്നാല്‍ ഡല്‍ഹിയിലെ ഒരു ആശുപത്രിയും ഇവരെ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായില്ലെന്ന് നിസാര്‍ പറയുന്നു. മുറി ഒഴിവില്ലെന്നും ബെഡ് ഇല്ലെന്നും എല്ലാം പറഞ്ഞ് ആശുപത്രി അധികൃതര്‍ ഇവരെ കൈയൊഴിയുകയായിരുന്നു. ഒടുവില്‍ ഒരു സന്നദ്ധ സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് നിബന്ധനകളോടെ ഇവരെ അഡമിറ്റ് ചെയ്യാന്‍ ഒരു ആശുപത്രി തയ്യാറാകുകയായിരുന്നു.

ആസിഡ് ആക്രമണത്തിന് ഇരകളാകുന്നവരുടെ പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സാ ചെലവുകള്‍ സ്വകാര്യ ആശുപത്രികള്‍ വഹിക്കണമെന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതാണ് ആശുപത്രി അധികൃതരുടെ വൈമനസ്സ്യത്തിന് കാരണമാകുന്നത്.