Connect with us

International

പാക്കിസ്ഥാനില്‍ അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ ഓഫീസ് അടച്ചു പൂട്ടി; ജീവനക്കാരെ തിരിച്ചയക്കും

Published

|

Last Updated

ഇസ്‌ലാമാബാദ്: അന്താരാഷ്ട്ര സഹായ ഗ്രൂപ്പിന്റെ ഓഫീസുകള്‍ പാക് സര്‍ക്കാര്‍ അടച്ചു പൂട്ടി സീല്‍ ചെയ്തു. സേവ് ചില്‍ഡ്രന്‍ എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനം രാജ്യതാത്പര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടിയെന്ന് പോലീസ്, സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇസ്‌ലാമാബാദിലെ സംഘടനയുടെ ഓഫീസില്‍ പോലീസ് അകമ്പടിയോടെ എത്തിയ ഉദ്യോഗസ്ഥര്‍ കെട്ടിടവും കോമ്പൗണ്ട് ഗേറ്റും പൂട്ടുകയായിരുന്നു.
വൈകുന്നേരത്തോടെ ജീവനക്കാര്‍ പോയ സമയത്തായിരുന്നു നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഞങ്ങള്‍ ഓഫീസ് സീല്‍ ചെയ്തുവെന്ന് മുതിര്‍ന്ന ഓഫീസറായ കംറാന്‍ ചീമ പറഞ്ഞു. കാരണം തങ്ങള്‍ക്ക് വ്യക്തമായി അറിയില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ മൂന്ന് വരി ഉത്തരവാണ് ലഭിച്ചതെന്നും കംറാന്‍ പറഞ്ഞു. ഓഫീസ് സീല്‍ ചെയ്യാനും ജീവനക്കാരെ പതിനഞ്ച് ദിവസത്തിനകം അവരവരുടെ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുമാണ് ഉത്തരവ്.
ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തയ്യാറായില്ലെങ്കിലും പാക് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പോരിലാണ് നടപടിയെന്ന്് പേര് വെളിപ്പെടുത്താത്ത വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഈ സംഘടനയുടെ പ്രവര്‍ത്തനം ദീര്‍ഘകാലമായി നിരീക്ഷിച്ചു വരികയാണ്. അവര്‍ രാഷ്ട്രവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിനിടെ, മുന്നറിയിപ്പില്ലാതെയാണ് ഓഫീസ് അടച്ചു പൂട്ടിയതെന്ന് സേവ് ചില്‍ഡ്രന്‍ വക്താവ് പ്രതികരിച്ചു. ഇത് അനീതിയാണ്.
ആശങ്കാജനകവും. ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. ഈ വിഷയം ഉന്നത അധികാരികള്‍ക്കും അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും മുന്നില്‍ അവതരിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. 35 വര്‍ഷമായി പാക്കിസ്ഥാനില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് സേവ് ചില്‍ഡ്രന്‍. രാജ്യത്തുടനീളം 1200 ജീവനക്കാരുണ്ട്.
സര്‍ക്കാറുമായും അതിന്റെ ഏജന്‍സികളുമായും കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ശിശു ക്ഷേമം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടന എങ്ങനെയാണ് രാഷ്ട്രവിരുദ്ധമാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഉസാമാ ബിന്‍ ലാദന്റെ ഒളിത്താവളം എവിടെയെന്ന് വിവരം നല്‍കിയത് ഒരു സന്നദ്ധ സംഘടനക്കായി പ്രവര്‍ത്തിക്കുന്ന ഡോ. ശക്കീല്‍ അഫ്രീദിയാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. അബോത്തബാദില്‍ കടന്ന് കയറി യു എസ് കമാന്‍ഡോകള്‍ നടത്തിയ ഓപറേഷന്‍ പാക് പരാമാധികാരത്തിന്‍മേലുളള കടന്ന് കയറ്റമായാണ് പാക് ഭരണകൂടം കണ്ടത്.