ബാപ്പു മുസ്‌ലിയാര്‍ ജീവിതവും കവിതയും; ദേശീയ സെമിനാര്‍ 15ന്‌

Posted on: June 13, 2015 5:09 am | Last updated: June 13, 2015 at 12:09 am

കോഴിക്കോട്: പ്രമുഖ ഇന്റോ, അറബ് കവിയും പണ്ഡിതനുമായിരുന്ന തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ജീവിതവും കവിതയും പ്രമേയമാക്കിയുള്ള ഏകദിന ദേശീയ സെമിനാര്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഈ മാസം 15ന് നടക്കും.
രണ്ടത്താണിയിലെ ഒ കെ ഉസ്താദ് ഇന്‍സ്റ്റിറ്റിയൂട്ടും (ഇഫാരിസ്) കാലിക്കറ്റ് യൂനിവേഴ്സ്റ്റി അറബിക് ഡിപാര്‍ട്ട്‌മെന്റും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ നടക്കുന്ന സെമിനാര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എ പി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സ്റ്റി വൈസ് ചാന്‍സലര്‍ ഡോ. അബ്ദുസ്സലാം അധ്യക്ഷത വഹിക്കും. ഹൈദരാബാദ് ഇഫഌ യൂനിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മുസഫര്‍ ആലം മുഖ്യാഥിതിയായിരിക്കും.
തുടര്‍ന്ന് രണ്ട് സെഷനുകളിലായി നടക്കുന്ന പ്രബന്ധാവതരണത്തില്‍ ദേശീയ സര്‍വകലാശാലകളില്‍ നിന്നുള്ള പ്രൊഫസര്‍മാരും ഗവേഷക വിദ്യാര്‍ഥികളും സംബന്ധിക്കും. പ്രമേയ സംബന്ധിയായ പത്ത് പ്രബന്ധങ്ങളും അവയെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും.
തുടര്‍ന്നു വൈകീട്ടു നടക്കുന്ന സമാപന സംഗമത്തില്‍ ഒ കെ ഉസ്താദ് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ അലി ബാഖവി ആറ്റുപുറം അവാര്‍ഡ് ദാനം നിര്‍വഹിക്കും. ചടങ്ങില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യാഥിതിയായിരിക്കും. ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ സര്‍വകലാശാലയില്‍ ബാപ്പു ഉസ്താദിന്റെ കവിതകളെക്കുറിച്ച് ഗവേഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും കേരളത്തിന്റെ പൊതുമണ്ഡലത്തിലോ അക്കാദമിക തലത്തിലോ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അതിനുള്ള ശ്രമമാണ് സെമിനാറിലൂടെ ലക്ഷ്യമിടുന്നത്.
പ്രാദേശിക സാഹിത്യ പഠനം, സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണം, പുരാതന കൈയെഴുത്തു പ്രതികളുടെ ശേഖരണം, മത താരതമ്യ പഠനങ്ങള്‍ തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങളോടെ ജാമിഅഃ നുസ്‌റതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണാലയമാണ് ഒ കെ ഉസ്താദ് ഇന്‍സ്റ്റിറ്റിയൂട്ട്. jamianusrath.com ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് സെമിനാറില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9539456379, 9656 354829