സ്‌പെയിനിലെ ഫുട്‌ബോള്‍ മാമാങ്കത്തിന് വിസിലൂതാന്‍ മലയാളി യുവാവ്‌

Posted on: June 12, 2015 8:19 pm | Last updated: June 12, 2015 at 8:19 pm

IND_7601ദുബൈ: യൂറോപ്യന്‍ ഫുട്‌ബോളിന്റെ വീറും വാശിയും നിറയുന്ന സ്‌പെയിന്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഡോനോസ്റ്റി കപ്പിന് വേണ്ടി കാല്‍പന്തുരുളുമ്പോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ അലകടലുകള്‍ക്കിപ്പുറം ഇന്ത്യന്‍ മണ്ണില്‍ നിന്ന് മലയാളിയായ യുവാവ് തയ്യാറെടുക്കുന്നു.
ജൂലൈ അഞ്ചു മുതല്‍ പതിനൊന്നു വരെ സെന്‍ സെബാസ്റ്റനില്‍ നടക്കുന്ന മത്സരങ്ങളെ നിയന്ത്രിക്കുന്ന 38 അംഗ ഇന്റര്‍നാഷണല്‍ റഫറി സംഘത്തിലെ ഇന്ത്യന്‍ പ്രതിനിധിയായിട്ടാണ് കണ്ണൂര്‍ സ്വദേശിയും നിലവില്‍ ദുബൈ സി എഫ് എ അക്കാഡമിയുടെ ട്രൈനറും കീപ്പറുമായി സേവന മനുഷ്ഠിക്കുന്ന, അബുദാബി ഇസ്‌ലാമിക് ബേങ്കിലെ എസ് എം ഇ വിഭാഗത്തില്‍ കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന ഷസാന്‍ (24) പങ്കെടുക്കുന്നത്.
അണ്ടര്‍ 10 മുതല്‍ അണ്ടര്‍ 19 വരെയുള്ള കാറ്റഗറി മത്സരങ്ങളാണ് ഷസാന്‍ നിയന്ത്രിക്കുക. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ കീഴില്‍ റഫറിയായ ഷസാന്‍ കഴിഞ്ഞ വര്‍ഷം ബീജിംഗില്‍ നടന്ന ഗ്രേറ്റ് വാള്‍കപ്പ് ഇന്റര്‍നാഷണല്‍ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ലൈന്‍ റഫറിയായും ദുബൈ ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ദുബൈ അമേരിക്കന്‍ അക്കാഡമി ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് തുടങ്ങിയ വിദേശ ടൂര്‍ണമെന്റുകളിലും ഇന്‍ഫാന്ററി ബറ്റാലിയന്‍ ടെറിറ്റോറിയല്‍ ആര്‍മിയുടെ സതേണ്‍ കമാന്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, സെന്‍ട്രല്‍ എഡുക്കേഷന്‍ ബോര്‍ഡ് സഹോദയ ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ഇന്റര്‍ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ടൂര്‍ണമെന്റ്, കേന്ദ്രീയ വിദ്യാലയ റീജിയണല്‍ ടൂര്‍ണമെന്റ് മുതലായ ഇന്ത്യയിലെ വിവിധ മത്സരങ്ങളിലും റഫിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേരളത്തിന്റെ ആദ്യ ഫിഫ റഫറിയും ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മാച്ച് കമ്മീഷണറും റഫറി അസസ്സറുമായ എ കെ മാമുക്കോയയാണ് ഷസാനെ ഫുട്‌ബോള്‍ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. അദ്ദേഹത്തിന്റെ കീഴില്‍ പരിശീലനം നേടിയ ഷസാന്‍ കണ്ണൂര്‍ സിസ്ട്രിക്റ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ മെമ്പറായും കണ്ണൂര്‍ ലീഗിനുവേണ്ടി അഞ്ച് വര്‍ഷത്തോളം കളിക്കുകയും ചെയ്തു.
കണ്ണൂര്‍ ആയിക്കര കണിയറക്കല്‍ താഴത്ത് അബ്ദുല്‍ സത്താര്‍- ശംഷാദ് ദമ്പതികളുടെ രണ്ടാമത്തെ മകനായ ഷസാന്‍ കണ്ണൂര്‍ ആര്‍മി സ്‌കൂള്‍, ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം മയ്യില്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ബിരുദവും കോയമ്പത്തൂര്‍ നെഹ്‌റു കോളജില്‍ നിന്ന് എം ബി എ ബിരുദവും നേടിയിട്ടുണ്ട്. ശമല്‍, ശംനാസ് സാജിര്‍ എന്നിവര്‍ സഹോദരങ്ങളാണ്.