Connect with us

Kerala

ആറ് നദികളില്‍ മണലെടുപ്പിന് നിരോധം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ 11 നദികളിലെ മണല്‍ ഖനനത്തിന് നിരോധമുള്‍പ്പെടെ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി റവന്യൂ വകുപ്പ് ഉത്തരവ്. ആറ് പുഴകളില്‍ മൂന്ന് വര്‍ഷത്തേക്ക് മണല്‍ ഖനനം നിരോധിച്ച ഉത്തരവില്‍ അഞ്ച് നദികളില്‍ നിന്ന് മണല്‍ വാരലിന് കര്‍ശന നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, വാമനപുരം നദികള്‍, കൊല്ലം ജില്ലയിലെ കല്ലടയാര്‍, കോഴിക്കോട് ജില്ലയിലെ കുറ്റിയാടിപ്പുഴ, വയനാട് ജില്ലയിലെ കബനിനദി, കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരി പുഴ എന്നിവകളില്‍ നിന്നുള്ള മണല്‍ വാരലിനാണ് നിരോധമേര്‍പ്പെടുത്തിയത്. വിവിധ ഏജന്‍സികള്‍ നടത്തിയ മണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പിന്റെ നടപടി.
മലപ്പുറം, കോഴിക്കോട് ജില്ലകളുടെ പരിധിയില്‍ വരുന്ന ചാലിയാര്‍, പത്തനംതിട്ട ജില്ലയിലെ പമ്പാനദി, കോഴിക്കോട് ജില്ലയിലെ കടലുണ്ടിപ്പുഴ, കൊല്ലം ജില്ലയിലെ ഇത്തിക്കരയാര്‍, എറണാകുളം ജില്ലയിലെ പെരിയാര്‍ എന്നിവിടങ്ങളിലാണ് നിശ്ചിത തോതില്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കിയത്.
മണല്‍ വാരല്‍ പുഴകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന സാഹചര്യത്തിലാണ് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്്. 11 നദികളിലാണ് മണല്‍ ഓഡിറ്റിംഗ് നടത്തിയത്. കാസര്‍കോട്, വയനാട്, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ആറ് ജില്ലകളിലായുള്ള നദികളാണ് ഒഴിവാക്കിയിരിക്കുന്നത്. നദികളില്‍ ഘട്ടംഘട്ടമായി മാത്രമേ ഖനനത്തിന് അനുവാദം നല്‍കുകയുള്ളൂ. ഖനനം ചെയ്യാവുന്ന മണലിന്റെ അളവ് തുടര്‍ന്നുള്ള മണല്‍ ഓഡിറ്റിംഗിന്റെ അടിസ്ഥാനത്തില്‍ പുതുക്കും. ഉത്തരവ് പിഴവില്ലാതെ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം അതത് ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും അനധികൃത മണല്‍ ഖനനമോ പാരിസ്ഥിതിക നാശമോ സംഭവിക്കുന്നില്ലെന്നും ഉറപ്പുവരുത്താനുള്ള നടപടികള്‍ കലക്ടര്‍ കൈക്കൊള്ളണം. ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് യഥാസമയം ജില്ലാ കലക്ടര്‍മാര്‍ സര്‍ക്കാരിന് നല്‍കണം. ഖനനം ചെയ്യാവുന്ന മണലിന്റെ അളവ് ഉള്‍പ്പെടെ വിശദമായ വിവരങ്ങള്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.