സംസ്ഥാനത്ത് സാംക്രമിക രോഗങ്ങള്‍ പടരുന്നു; ആരോഗ്യവകുപ്പിന് മെല്ലെപ്പോക്ക്

Posted on: June 10, 2015 2:04 am | Last updated: June 10, 2015 at 12:09 am

feverആലപ്പുഴ: കാലവര്‍ഷം ശക്തി പ്രാപിക്കും മുമ്പേ സംസ്ഥാനത്ത് മാരക രോഗങ്ങളുള്‍പ്പെടെ സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നു.എന്നാല്‍ ആരോഗ്യവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തത് സംസ്ഥാനത്തെ ആരോഗ്യരംഗം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കയാണ്. ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. പല ജില്ലകളിലും ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പോലുമില്ല.
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനവും താളം തെറ്റിയ നിലയിലാണ്. സാംക്രമിക രോഗങ്ങള്‍ വ്യാപകമായതോടെ ഇവയുടെ ദൈനംദിന കണക്കെടുപ്പ് വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തുന്നത് ആരോഗ്യവകുപ്പ് നിര്‍ത്തലാക്കി.കഴിഞ്ഞ അഞ്ചിന് ശേഷം ദൈനംദിന സ്ഥിതി വിവരക്കണക്ക് ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടില്ല .ഈ മാസം തുടര്‍ച്ചയായ നാല് ദിവസത്തെ സ്ഥിതി വിവരക്കണക്ക് പ്രസിദ്ധപ്പെടുത്തിയപ്പോള്‍ തന്നെ എച്ച്1 എന്‍1 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.കോഴിക്കോട് ജില്ലയില്‍ ഒന്നരയും മൂന്നും വയസ്സുള്ള കുട്ടികള്‍ മരിച്ചപ്പോള്‍ കൊല്ലം ജില്ലയില്‍ ഒരു 63കാരി എച്ച്1 എന്‍1 ബാധിച്ച് മരിച്ചു.
ഇതിന് തൊട്ടുപിന്നാലെ ആലപ്പുഴയില്‍ ഗര്‍ഭിണിയായ 19 കാരി മരിച്ചു. ഇതോടെയാണ് ആരോഗ്യ വകുപ്പ് ദിനം പ്രതി സ്ഥിതിവിവരക്കണക്ക് സ്വന്തം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി വെച്ചത്. ഈ മാസം അഞ്ച് വരെയുള്ള സ്ഥിതിവിവരക്കണക്കനുസരിച്ച് സംസ്ഥാനത്ത് 17 പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചിട്ടുണ്ട് .മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ഫണ്ട് അനുവദിക്കാതിരുന്നതിനാല്‍ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും തദ്ദേശസ്ഥാപനങ്ങള്‍ നടത്തിയിട്ടില്ല.ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള പ്രവര്‍ത്തനങ്ങളും മുന്‍കൊല്ലത്തെ അപേക്ഷിച്ച് വളരെ കുറച്ചു മാത്രമാണ് നടന്നത്.
ഇത് കൊണ്ട് തന്നെ സാംക്രമിക രോഗങ്ങളുടെ വാഹകരായ കൊതുകിന്റെയും കൂത്താടിയുടെയും ഗണ്യമായ വര്‍ധനവ് സംസ്ഥാനത്തുടനീളം പ്രകടമാണ്. എച്ച്1 എന്‍1 പോലുള്ള മാരകരോഗങ്ങള്‍ എല്ലാ ജില്ലകളിലും പ്രത്യക്ഷപ്പെടാനും കാരണം മറ്റൊന്നല്ല. എല്ലാ പ്രായക്കാരെയും രോഗങ്ങള്‍ പിടികൂടുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കൃത്യമായ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെക്കുകയാണ്. ഈ മാസം ആദ്യം പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ മരിച്ചത് മാത്രമാണ് എലിപ്പനി മരണം സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ സ്ഥിതിവിവരക്കണക്കിലുള്ളത്.നിരവധി എലിപ്പനി മരണങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പ് ഇത് സ്ഥിരീകരിക്കാന്‍ വൈകുകയാണ്. ഡെങ്കിപ്പനിയാണ് മാരകമായ രീതിയില്‍ പടരുന്ന മറ്റൊരു രോഗം.
ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഈ മാസം അഞ്ച് വരെ 66 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 301 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങള്‍ ഉള്ളതായും സ്ഥിതിവിവരക്കണക്കില്‍ വ്യക്തമാക്കുന്നു.
മഴ ശക്തിപ്പെടും മുമ്പ് തന്നെ പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ടെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് വകുപ്പ് വരുത്തിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരില്‍ അഞ്ച് ശതമാനം പേരെ കിടത്തി ചികിത്സക്ക് വിധേയരാക്കുന്നത് തന്നെ രോഗത്തിന്റെ കാഠിന്യം വെളിപ്പെടുത്തുന്നതാണ്. മഴക്കാലം ശക്തമാകുന്നതോടെ സാംക്രമിക രോഗങ്ങള്‍ കൂടുതല്‍ പടര്‍ന്നു പിടിക്കുമെന്നിരിക്കെ ഇത് മുന്നില്‍ കണ്ടുള്ള കാര്യമായ മുന്നൊരുക്കങ്ങളോ പ്രതിരോധ പ്രവര്‍ത്തനങ്ങളോ നടക്കുന്നില്ലെന്ന ആക്ഷേപം പൊതുവെയുണ്ട്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെട്ട ജില്ലാതല ഓഫീസര്‍മാരുടെ അഭാവം ഒരു പരിധി വരെ ഇതിനെ ബാധിക്കുമെന്നതിനാല്‍ ഇതിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബഹുജന സംഘടനകള്‍ പോലും പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞു.