കുട്ടികളുടെ അവകാശങ്ങള്‍ ലംഘിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇസ്‌റാഈല്‍ പുറത്ത്

Posted on: June 10, 2015 12:00 am | Last updated: June 10, 2015 at 12:00 am
SHARE

israelവാഷിംഗ്ടണ്‍: സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി, സംഘര്‍ഷ ഘട്ടങ്ങളില്‍ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇസ്‌റാഈലിനെ ഒഴിവാക്കി. ഫലസ്തീന്‍ സംഘടനയായ ഹമാസിനെയും പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അതേസമയം, കഴിഞ്ഞ വര്‍ഷം ഇസ്‌റാഈല്‍ നടത്തിയ സൈനിക ആക്രമണത്തെ യു എന്‍ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. യു എന്‍ സെക്രട്ടറി ജനറലിനയച്ച പട്ടികയില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ പേരുണ്ടായിരുന്നുവെങ്കിലും ബാന്‍ കി മൂണിന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയാണ് ഇസ്‌റാഈല്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തത്. പട്ടിക സംബന്ധിച്ച് അവസാന തീരുമാനമെടുക്കേണ്ടത് യു എന്‍ ജനറല്‍ സെക്രട്ടറിയാണ്. അള്‍ജീരിയയിലെ ലൈലാ സെറോഗിയാണ് പട്ടിക തയ്യാറാക്കിയത്. ബാന്‍ കി മൂണിന്റെ ഇപ്പോഴത്തെ നടപടി അസ്വാഭാവികമാണെന്നാണ് വിലയിരുത്തല്‍. ഇസ്‌റാഈല്‍ സമ്മര്‍ദം ചെലുത്തിയാണ് ബാന്‍ കി മൂണിനെ ഇതിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമാണെങ്കിലും ഇത് അംഗീകരിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറായിട്ടില്ല. അതേസമയം, ഇസ്‌റാഈലിനെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശം ആ രാജ്യത്തെ ചൊടിപ്പിച്ചു. വന്‍ സൈനികരെ ഉപയോഗിച്ച് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന ഇസ്‌റാഈലിന്റെ അതിക്രമങ്ങള്‍ ഉത്കണ്ഠയുണ്ടാക്കുന്നുവെന്നായിരുന്നു ബാന്‍ കി മൂണിന്റെ പരാമര്‍ശം. ഇസില്‍, അല്‍ഖാഇദ, താലിബാന്‍ എന്നീ തീവ്രവാദി സംഘടനകളുടെ ഒപ്പം ഇസ്‌റാഈലിന്റെ പേര് ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നാണ് ഇസ്‌റാഈലിന്റെ യു എസ് അംബാസിഡര്‍ റോണ്‍ പ്രോസോറിന്റെ പ്രതികരണം.
കഴിഞ്ഞ വര്‍ഷം ഗാസക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ 50 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ 2100ലധികം നിരപരാധികളായ ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ 540 പേര്‍ കുട്ടികളായിരുന്നു.