ഉച്ച വിശ്രമ നിയമം: ദുബൈയില്‍ അഞ്ച് ലക്ഷം പേര്‍ക്ക് തണലേകും

Posted on: June 9, 2015 6:10 pm | Last updated: June 9, 2015 at 6:10 pm

Untitled-1 copeeeeyദുബൈ: ഈ മാസം 15 മുതല്‍ നിലവില്‍ വരാനിരിക്കുന്ന ഉച്ചവിശ്രമ നിയമം ദുബൈയില്‍ മാത്രം അഞ്ച് ലക്ഷം തൊഴിലാളികള്‍ക്ക് ഗുണകരമാകുമെന്ന് അധികൃതര്‍. രാജ്യത്തെ നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവരെ ലക്ഷ്യം വെച്ച് തൊഴില്‍ മന്ത്രാലയം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടപ്പാക്കിവരുന്നതാണ് ഉച്ച വിശ്രമ നിയമം.
കടുത്ത വേനല്‍ ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥയിലാണ് നിയമം നടപ്പാക്കുന്നത്. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയുള്ള മൂന്നു മാസങ്ങളിലാണ് നിയമം ബാധകം. ഉച്ചക്ക് 12 മുതല്‍ മൂന്ന് മണിവരെയാണ് തൊഴിലാളികള്‍ക്ക് നിര്‍ബന്ധ വിശ്രമം നല്‍കാന്‍ നിയമം അനുശാസിക്കുന്നത്. സൂര്യാതപമേല്‍ക്കുന്നതുള്‍പെടെയുള്ള കൊടും ചൂടിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് തൊഴിലാളി സമൂഹത്തെ പരിരക്ഷിക്കുകയെന്നാണ് നിയമത്തിന്റെ ലക്ഷ്യം.
മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഉച്ച വിശ്രമനിയമം നിലവിലുണ്ട്. യു എ ഇയെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ തൊഴില്‍ മന്ത്രാലയം കര്‍ക്കശമായ നിലപാടു സ്വീകരിക്കുന്നുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 50,000 ദിര്‍ഹം വരെയാണ് മന്ത്രാലയം പിഴ ചുമത്തുന്നത്. നിയമം ലംഘിക്കപ്പെടുന്നുണ്ടോയെന്ന് നിരന്തരം പരിശോധനയും മന്ത്രാലയം ഇക്കാലത്ത് നടത്താറുണ്ട്.
രാജ്യത്തെ ലക്ഷക്കണക്കായ നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാണ് ഈ നിയമം. ദുബൈയില്‍ മാത്രം നിര്‍മാണ രംഗത്ത് ജോലി ചെയ്യുന്ന അഞ്ച് പേര്‍ക്ക് നിയമം തണലേകും. ഗള്‍ഫ് മേഖലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കെട്ടിട നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നത് ദുബൈയിലായതാണ് ഇത്രയധികം പേര്‍ക്ക് ഉച്ച വിശ്രമ നിയമം ഗുണകരമാകുന്നത്.
തൊഴില്‍ മന്ത്രാലയം പ്രാദേശിക വകുപ്പുകളോടൊപ്പം ചേര്‍ന്ന് ശക്തമായ പരിശോധനകളാണ് ഇക്കാലയളവില്‍ നടത്തുക. നിയമ ലംഘനം കണ്ടുപിടിക്കുന്നതിനു പുറമെ നിര്‍മാണ സ്ഥലങ്ങളിലെ തൊഴിലാളികള്‍ക്ക് കൊടും ചൂടിനെ എങ്ങിനെ പ്രതിരോധിക്കാമെന്ന് ബോധവത്കരണം നടത്തുകയും ചെയ്യും. ഇതിനും പുറമെ തൊഴിലാളികള്‍ക്ക് ആശ്വാസമായി ശീതള പാനീയങ്ങളും മറ്റും ഇക്കാലയളവില്‍ അധികൃതര്‍ വിതരണം ചെയ്യുകയും ചെയ്യും. തൊഴിലാളികളുടെ അവകാശത്തെ ഹനിക്കുന്ന ഏതു സംഭവം ശ്രദ്ധയില്‍പെട്ടാലും 8005111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ആര്‍ക്കും പരാതിപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.