Connect with us

International

തുര്‍ക്കിയില്‍ ഉര്‍ദുഗാന് തിരിച്ചടി

Published

|

Last Updated

അങ്കാറ: തുര്‍ക്കി പാര്‍ലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ദി ജസ്റ്റിസ് ആന്‍ഡ് ഡെവലെപ്‌മെന്റ് പാര്‍ട്ടി(അദാലത്ത് വെ കല്‍ക്കിന്‍മ പാര്‍ട്ടി- എ കെ പാര്‍ട്ടി)ക്ക് തിരിച്ചടി. പാര്‍ലിമെന്റില്‍ ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 276 സീറ്റുകളായിരുന്നുവെങ്കിലും പാര്‍ട്ടിക്ക് ആകെ ലഭിച്ചത് 258 സീറ്റുകള്‍ മാത്രമാണ്. ഇനി ഭരണത്തില്‍ തുടരണമെങ്കില്‍ ഏതെങ്കിലും സഖ്യകക്ഷികളുടെ പിന്തുണ പാര്‍ട്ടിക്ക് അനിവാര്യമായി മാറി. 2002ല്‍ അധികാരത്തിലെത്തിയതിന് ശേഷം ഇതാദ്യമായാണ് പാര്‍ലിമെന്റില്‍ എ കെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമാകുന്നത്. അതേസമയം, പ്രധാന പ്രതിപക്ഷമായ സി എച്ച് പി 132 സീറ്റുകളുമായി വന്‍മുന്നേറ്റം നടത്തുകയും ചെയ്തു. എം എച്ച് പിക്ക് 81 സീറ്റുകളും ലഭിച്ചു.
അധികാരം നീട്ടിക്കൊണ്ടുപോകാനും പ്രിസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന വിധത്തില്‍ ഭരണഘടനയില്‍ മാറ്റം കൊണ്ടുവരാനുമുള്ള പാര്‍ട്ടിയുടെ നീക്കങ്ങള്‍ക്ക് ഇത് വന്‍ തിരിച്ചടിയായി. 2011 ല്‍ നടന്ന തിരഞ്ഞെടുപ്പിലെ ഫലങ്ങളുമായി ഒത്തുനോക്കുമ്പോള്‍ എ കെ പാര്‍ട്ടിക്ക് കിട്ടിയ വോട്ടില്‍ വന്‍ കുറവ് രേഖപ്പെടുത്തി. എന്നാല്‍ 41 ശതമാനം വോട്ടുനേടി ഇവര്‍ കരുത്തുതെളിയിക്കുകയും ചെയ്തു. 2011 ല്‍ നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്തെ പകുതിയോളം പേരും എ കെ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
99.94 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ നിലവിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിക്ക് 40.8 വോട്ടുകളും പ്രധാന പ്രതിപക്ഷമായ ഡമോക്രസി പാര്‍ട്ടിക്ക് 25 ശതമാനം വോട്ടുകളും ലഭിച്ചു. നാഷണലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി 16.5 ശതമാനം വോട്ടുകളും എച്ച് ഡി പി 13 ശതമാനം വോട്ടുകളും നേട്ടിയിട്ടുണ്ട്. 13 വര്‍ഷങ്ങളായി തുര്‍ക്കി ഭരിക്കുന്ന എ കെ പാര്‍ട്ടിക്ക് 311 എം പിമാരാണ് പാര്‍ലമെന്റില്‍ ഇപ്പോഴുള്ളത്. പ്രസിഡന്റിന് കൂടുതല്‍ അധികാരംം നല്‍കുന്ന ഭരണഘടനാഭേദഗതി നടപ്പാക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എ കെ പാര്‍ട്ടി മുന്നോട്ടുവെച്ചിരുന്നത്. ഇതിന് പാര്‍ലിമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അനിവാര്യമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുകയും എ കെ പാര്‍ട്ടിക്ക് 258 സീറ്റുകളില്‍ സംതൃപ്തരാകേണ്ടിവരികയും ചെയ്ത സാഹചര്യത്തില്‍ ഭരണഘടനാ ഭേദഗതി അസാധ്യമായിരിക്കുകയാണ്.
തിരഞ്ഞെടുപ്പില്‍ എകെ പാര്‍ട്ടി തോറ്റിട്ടില്ലെന്നും അതേസമയം, ഉര്‍ദുഗാന്റെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയേറ്റെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയെ പ്രതിരോധിച്ച് നേതാക്കള്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ വീണ്ടും എ കെ പാര്‍ട്ടി വിജയിച്ചിരിക്കുന്നു. ഇതില്‍ ഒരു സംശയവുമില്ലെന്ന് പ്രധാനമന്ത്രി അഹ്മദ് ദാവുതോഗ്‌ലു പറഞ്ഞു. ജനങ്ങളുടെ തീരുമാനം എല്ലാത്തിനും മുകളിലെന്നും അതനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് ഫലം കുര്‍ദുകളുടെ പാര്‍ട്ടി എച്ച് ഡി പിക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. എച്ച് ഡി പി തുര്‍ക്കിയിലെ ഒരു പ്രധാനപാര്‍ട്ടിയായി മാറിയെന്ന് പാര്‍ട്ടിനേതാക്കള്‍ പ്രതികരിച്ചു.

Latest