വൈഫൈ സിഗ്നലുകള്‍ ഊര്‍ജ്ജമാക്കി മാറ്റാമെന്ന് ഗവേഷകര്‍

Posted on: June 8, 2015 7:37 pm | Last updated: June 8, 2015 at 7:37 pm

WIFIവൈഫൈ സിഗ്നലുകള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാമെന്ന പുത്തന്‍ കണ്ടെത്തലുമായി ഗവേഷകര്‍ രംഗത്ത്. അമേരിക്കയിലെ ഇന്ത്യന്‍ വംശജനായ ഗവേഷക വിദ്യാര്‍ഥി വാംസി ടല്ലയാണ് ‘പവര്‍ ഓവര്‍ വൈഫൈ’ എന്ന പുതിയ സങ്കേതത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഗുവാഹതിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടിയ വാംസി ടെല്ല നിലവില്‍ വാഷിംഗ്ടണ്‍ സര്‍വകലാശാലക്ക് കീഴില്‍ ഇലക്ടിക് എന്‍ജിനീയറിംഗില്‍ ഗവേഷക വിദ്യാര്‍ഥിയാണ്.

ആറുമീറ്റര്‍ അകലെ സ്ഥാപിച്ചിട്ടുള്ള വൈഫൈ സ്രോതസ്സില്‍നിന്ന് ഒരു ക്യാമറയില്‍ വൈദ്യുതിയെത്തിച്ച് സംഭരിക്കാനും അതുപയോഗിച്ച് ചിത്രങ്ങളെടുക്കാനും വാംസി ടല്ലക്കും കൂട്ടര്‍ക്കും കഴിഞ്ഞു. റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററി ഉപയോഗിച്ചപ്പോള്‍ ഈ അകലം ഒന്‍പത് മീറ്ററാക്കി വര്‍ധിപ്പിക്കാനും സാധിച്ചു.

‘വയര്‍ലെസ് വൈദ്യുതി’ക്ക് വഴിതുറക്കുന്ന മുന്നേറ്റമാണ് വാംസിയും കൂട്ടരും നടത്തിയിരിക്കുന്നത്. ചെറുസെന്‍സറുകളുടെ സഹായത്തോടെ ഏത് വസ്തുവിനെയും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ‘ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്’ യാഥാര്‍ഥമാക്കാന്‍ പുതിയ മുന്നേറ്റം സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.