Connect with us

Thrissur

കാര്‍ഷിക യന്ത്രസാമഗ്രികളും അച്ചടി പ്രസ്സും തുരുമ്പെടുത്ത് നശിക്കുന്നു

Published

|

Last Updated

പഴുവില്‍: സര്‍ക്കാരും പഞ്ചായത്തും ഫണ്ട് നല്‍കി വാങ്ങിയ കാര്‍ഷിക യന്ത്രങ്ങളും, സാമഗ്രികളും അച്ചടി പ്രസ്സും തുരുമ്പെടുത്ത് നശിക്കുമ്പോള്‍ അതിനെതിരെ അന്വേഷണം നടത്താന്‍ ആരുമില്ലാ എന്നത് കൗതുകമുണര്‍ത്തുന്നു. നാടുമുഴുവന്‍ ജൈവ കൃഷി നടപ്പാക്കി തരിശുഭൂമികള്‍ കാര്‍ഷിക വിളക്ക് അനുയോജ്യമാക്കി തീര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരും പുത്തന്‍ കൃഷിക്കാരും തലങ്ങും വിലങ്ങും ഓടി നടക്കുമ്പോള്‍ ഇതിന്റെ വിളകള്‍ക്കായി ഉപയോഗിക്കുന്ന രണ്ട് ടില്ലര്‍, രണ്ട് മെതിയെന്ത്രം മൂന്ന് കൊയ്ത്തുയന്ത്രം എന്നിവക്ക് പുറമേ അച്ചടി പ്രസ്സും അക്ഷരങ്ങളുമടക്കം ഒന്നരക്കോടി രൂപയുടെ സാമഗ്രികളാണ് അധികൃതരുടെ അനാസ്ഥയില്‍ സംഘം ഓഫീസിനു സമീപം തുരുമ്പെടുത്ത് നശിക്കുന്നത്.
കിഴുപ്പിള്ളിക്കര ഹരിജന്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. തുടക്കത്തില്‍ നിരവധി മെമ്പര്‍മാര്‍ക്ക് കൈക്കോട്ടും മണ്‍വെട്ടിയും ,പിക്കാസും, വെട്ടുകത്തിയുമടക്കം നിരവധി സാമഗ്രികള്‍ സര്‍ക്കാരിന്റെ ഫണ്ടിലൂടെ നല്‍കിയിരുന്നു. ഇതിനു പുറമേയാണ് താന്ന്യം പഞ്ചായത്തിന്റെ പരിധിയില്‍ പെട്ട കിഴുപ്പിള്ളിക്കരയിലെ സംഘത്തിന് കാര്‍ഷിക മേഖലയെ കണക്കിലെടുത്ത് ഒന്നരക്കോടി വിലമതിക്കുന്ന യന്ത്രങ്ങളും തൊഴിലിനു പ്രാപ്തമാക്കാനായി അച്ചടി പ്രസ്സും അതിന്റെ അക്ഷരങ്ങളുമടക്കം നല്‍കിയത്. തുടക്കത്തില്‍ എല്ലാം പ്രവര്‍ത്തിച്ചിരുന്നു.
പ്രസ്സിന്റെ ഗുണപാഠം പഠിക്കാന്‍ 20 ലേറെ മെമ്പര്‍മാരുടെ മക്കളും എത്തിയിരുന്നു. അല്പകാലം പിന്നിട്ടതോടെ സഹകരണ സംഘം അടച്ചുപൂട്ടി.
15 വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന സംഘം സ്വന്തം ഭൂമിയിലാണ് നില്‍ക്കുന്നത്. ആരും എത്തിനോക്കാനില്ലാതായതോടെ കാട്ടുമരങ്ങളും പഞ്ഞി മരവും വളര്‍ന്ന് സംഘം ഓഫീസിനും പരിസരത്തെ വീടുകള്‍ക്കും കൂടാതെ 11 കെ വി ലൈനിനും അംഗന്‍വാടിക്കും ഭീഷണിയായി നില്‍ക്കുന്നു. ഇതിനെതിരെ പഞ്ചായത്ത് ഗ്രാമസഭയിലും കെ എസ് ഇ ബിയിലും പരാതികള്‍ നല്‍കിയിട്ടും ഒരന്വേഷണത്തിനും മുതിരാതെ മൗനം ദീക്ഷിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബോര്‍ഡ് മെമ്പര്‍മാരായും ജീവനക്കാരായും ഉണ്ടായിരുന്നവര്‍ക്ക് സര്‍ക്കാര്‍ തലത്തിലും പഞ്ചായത്ത് തലത്തിലും ജോലികള്‍ ലഭിച്ചതോടെയാണ് കിഴുപ്പിള്ളിക്കര ഹരിജന്‍ സഹകരണ സംഘത്തിന്റെ ശനി ദശ ആരംഭിച്ചത്.
ചാലക്കുടി മേഖലയിലേക്ക് ദിവസ വാടകക്ക് സ്വകാര്യ വ്യക്തിക്ക് സംഘം കൊടുത്ത ടില്ലര്‍ കാലം പിന്നിട്ടിട്ടും തിരിച്ചെടുത്തിട്ടില്ല. അതിന്റെ കേബിനായ ട്രൈലര്‍ സംഘത്തില്‍ തുരുമ്പെടുത്ത് തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ നശിച്ച് കിടക്കുകയാണ്. എന്നാല്‍ സംഘം ഇതുവരെയായി സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് ഏറ്റെടുക്കാത്തതാണ് ഒന്നരക്കോടി രൂപയുടെ സാമഗ്രികള്‍ നല്‍കിയത് എന്നതും കൗതുകമുണര്‍ത്തുന്നുണ്ട്.