വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ കാര്‍ഡുകള്‍ ജൂലൈ 30നകം ലഭ്യമാക്കും

Posted on: June 6, 2015 12:41 pm | Last updated: June 6, 2015 at 12:41 pm

കല്‍പ്പറ്റ: ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ കാര്‍ഡുകള്‍ ജൂലൈ 30നകം ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവലിംഗ് ഫെസിലിറ്റി കമ്മറ്റിയില്‍ തീരുമാനമായി. സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ കാര്‍ഡുകള്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ സൗജന്യമായി വിതരണം ചെയ്യും. വിദ്യാഭ്യാസമേധാവികള്‍ കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി ആര്‍.ടി ഓഫീസുകളില്‍ നിന്ന് കാര്‍ഡുകള്‍ കൈപ്പറ്റി പൂരിപ്പിച്ച് നല്‍കണം. ഗവണ്‍മെന്റ് അംഗീകാരമുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഗവണ്‍മെന്റ് അംഗീകാരമുള്ള കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് കണ്‍സഷന്‍ കാര്‍ഡുകള്‍ അനുവദിക്കുക. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതും ദുരുപയോഗം ചെയ്യുന്നത് പരിശോധിക്കാനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആര്‍.ടി.ഒ, ഡി.വൈ.എസ്.പി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരടങ്ങുന്ന അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് /എയ്ഡഡ് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവരവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഐ.ഡി കാര്‍ഡും സ്വകാര്യസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനവുമായി ബന്ധപ്പെട്ട് പരീക്ഷകള്‍ക്ക് പോകുന്നതിന് ഹാള്‍ടിക്കറ്റും കണ്‍സഷന്‍ കാര്‍ഡായി ഉപയോഗിക്കാം.
സ്ഥാപനങ്ങളിലെ ഐ.ഡി കാര്‍ഡില്‍ റൂട്ട് ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. അവധി ദിവസങ്ങളിലും പഠിക്കുന്ന കോഴ്‌സിന്റെ കാലാവധി വരെ കണ്‍സഷന്‍ അനുവദിക്കും. കെ.എസ്.ആര്‍.ടി.സിയില്‍ കണ്‍സഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച് ജൂണ്‍ 15നകം ചര്‍ച്ച ചെയ്യുന്നതിന് ആര്‍.ടി.ഒ, ഡി.ഡി, ഡിവൈഎസ്പി എന്നിവരുള്‍പ്പെടുന്ന ഉപസമിതി യോഗം ചേരും. ജൂലൈ 30 ന് മുന്‍പായി ഐഡി കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായില്ലെങ്കില്‍ കളക്ടര്‍ക്ക് പരാതി നല്‍കാവുന്നതാണ്. വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെറുമാറുന്ന ബസ്സ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആര്‍.ടി. ഒയ്ക്കും എല്ലാ വിദ്യാലയങ്ങളിലും കംപ്ലയിന്റ് ബോക്‌സ് സ്ഥാപിക്കാന്‍ പോലീസുകാര്‍ക്കും ജല്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ആര്‍.ടി.ഒ, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, കെ.എസ്.ആര്‍.ടി.സി പ്രതിനിധികള്‍, പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.