മഴ കുറയുമെന്ന പ്രവചനം കാര്യമാക്കേണ്ട: കേന്ദ്ര മന്ത്രി

Posted on: June 5, 2015 5:30 am | Last updated: June 5, 2015 at 12:30 am

ന്യൂഡല്‍ഹി: മണ്‍സൂണ്‍ കുറയുമെന്നത് ഊഹാപോഹം മാത്രമാണെന്നും ആകുലപ്പെടാനൊന്നുമില്ലെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. മണ്‍സൂണ്‍ പ്രവചനവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ താന്‍ ശ്രദ്ധിക്കുകയായിരുന്നു. വാര്‍ത്തകളില്‍ പറയുന്നതു പോലുള്ള വരള്‍ച്ചയോ മറ്റോ താന്‍ മുന്‍കൂട്ടിക്കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കാലവര്‍ഷം 93ല്‍ നിന്ന് 88 ശതമാനമായി കുറയുമെന്ന ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം വന്നതിനു പിന്നാലെയാണ് ഇക്കാര്യം അവഗണിച്ച് കൊണ്ട് മന്ത്രി പ്രസ്താവന നടത്തിയത്. 90 ശതമാനത്തില്‍ താഴെയാണ് മഴ ലഭിക്കുന്നതെങ്കില്‍ വരള്‍ച്ചയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പ്രവചനം വന്നതിന് ശേഷം താന്‍ കാലാവസ്ഥാ വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അതേക്കുറിച്ച് വിശദമായി മനസ്സിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രവചനമനുസരിച്ച് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് മഴ കുറയാന്‍ സാധ്യത. അവിടങ്ങളില്‍ പക്ഷേ, മതിയായ ജലസേചന സംവിധാനങ്ങള്‍ ഉള്ളത് കൊണ്ട് ജനങ്ങള്‍ ആകുലപ്പെടേണ്ടതില്ല. തെക്ക്, മധ്യ, തെക്ക് കിഴക്കന്‍ മേഖലകളില്‍ മഴ സാധാരണയോടടുത്ത് ലഭിക്കും എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ജെയ്റ്റിലി പറഞ്ഞു.
മണ്‍സൂണ്‍ കുറഞ്ഞാല്‍ത്തന്നെ ഭക്ഷ്യധാന്യ ഉത്പാദനത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടാനില്ല. ആവശ്യമുള്ളത്ര ഭക്ഷ്യധാന്യ സംഭരണം രാജ്യത്തുണ്ട്. എന്നിരുന്നാലും കാലവര്‍ഷത്തിലുണ്ടാകുന്ന നേരിയ മാറ്റം പോലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.