ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തന്നെ തുടരണമെന്ന് സര്‍വേ ഫലം

Posted on: June 4, 2015 5:16 am | Last updated: June 3, 2015 at 11:18 pm

വാഷിംഗ്ടണ്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തന്നെ തുടരണമെന്ന് സര്‍വേ. യുവബ്രിട്ടീഷ് പൗരന്‍മാര്‍ക്കിടയില്‍ നടത്തിയ പുതിയ സര്‍വേയിലാണ് ഈ ഫലം വ്യക്തമാക്കുന്നത്്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പോളണ്ട്, സ്‌പെയ്ന്‍ തുടങ്ങിയ ആറ് പ്രധാന രാഷ്ട്രങ്ങളില്‍ നിന്നായി 6,028 പേരെയാണ് സര്‍വേയുടെ ഭാഗമായി ഇന്റര്‍വ്യൂ നടത്തിയത്. 28 രാജ്യങ്ങളില്‍ നിന്നുള്ള 61 ശതമാനം ജനങ്ങളും യൂറോപ്യന്‍ യൂനിയനില്‍ തുടരാന്‍ താത്പര്യം പ്രകടിപ്പിച്ചാതായും സര്‍വേ വ്യക്തമാക്കി. ഇത് 2013 മുതല്‍ ഒമ്പത് ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. യൂറോപ്യന്‍ സാമ്പത്തിക ഏകീകരണം തങ്ങളുടെ സാമ്പത്തിക ശക്തിയെ നില നിര്‍ത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് സര്‍വേയുടെ അടിസ്ഥാനത്തില്‍ സമീപിച്ച 46 ശതമാനം പേരും വ്യക്തമാക്കി. വ്യക്തമായി പറഞ്ഞാല്‍ യൂറോപിലെ പൊതു ജനങ്ങളില്‍ ബഹുഭൂരിഭാഗവും കരുതുന്നത് അവരുടെ രാജ്യങ്ങളില്‍ സാമ്പത്തികാവസ്ഥ വളരെ പരിതാപകരമായ അവസ്ഥയിലാണ് നില കൊള്ളുന്നത് എന്നാണ്.
ധാരാളം പ്രദേശങ്ങളില്‍ നിന്നും സാമ്പത്തിക മാന്ദ്യം ഇല്ലായ്മ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് സ്‌പെയിനിലും യു കെയിലും വീണ്ടെടുപ്പിന്റെ പുതിയ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. യൂറോപില്‍ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന പൊതുജനാഭിപ്രായം കാരണം ധാരാളം ജനങ്ങള്‍ ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവരാണ്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, തിരഞ്ഞെടുപ്പ് വേളയില്‍ യൂറോപ്യന്‍ യൂനിയനിലെ തങ്ങളുടെ മെമ്പര്‍ഷിപ്പുമായി ബന്ധപ്പെട്ട് 2017 ഓടെ ഒരു ഹിത പരിശോധന നടത്തുന്നതിനായി സന്നദ്ധത അറിയിച്ചിരുന്നു. പക്ഷെ കാമറൂണ്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം യുറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രിട്ടന്റെ ആവേശം പതിയെ കെട്ടടങ്ങുകയും ചെയ്തതായും സര്‍വേ വ്യക്തമാക്കുന്നു.