പരിസ്ഥിതി ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത്‌

Posted on: June 4, 2015 5:04 am | Last updated: June 3, 2015 at 11:57 pm

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഒരു കോടി ഔഷധച്ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതുള്‍പ്പെടയുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ കോട്ടയത്ത് നടക്കും. വനവത്കരണം പ്രോത്സാഹിപ്പിക്കാനായി മൂന്നിനം പദ്ധതികള്‍ ഇത്തവണ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നക്ഷത്ര വനം, കുട്ടിവനം, ഒരു കോടി ഔഷധത്തൈകള്‍ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. 25 മരങ്ങള്‍ ഉള്‍പ്പെടുന്ന നക്ഷത്രവനം പദ്ധതി സംസ്ഥാനത്ത് ആയിരമിടങ്ങളിലും, ഏഴ് വൃക്ഷങ്ങള്‍ ചേരുന്ന കുട്ടിവനം 1400 സ്ഥലങ്ങളിലും നടപ്പാക്കും. ജനസൗഹൃദമായ ചെടികള്‍ വെച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ‘ഹെര്‍ബല്‍ ഗാര്‍ഡന്‍’ പദ്ധതിയിലാണ് ഒരു കോടി ഔഷധത്തൈകള്‍ വച്ചുപിടിപ്പിക്കുന്നത്. വിദ്യാലയങ്ങളുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ വഴിയാകും പദ്ധതി നടപ്പാക്കുക. ജില്ലാ ഡി എഫ് ഒമാര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തൈകള്‍ ആവശ്യമുള്ളവര്‍ക്ക് വാങ്ങാന്‍ ജില്ലാതലത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതുസ്വകാര്യസ്ഥാപനങ്ങള്‍ വഴി 9.8 ലക്ഷം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുമെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി എസ് കോറി അറിയിച്ചു. ഓരോ മാസവും ഓരോ പരിപാടിയാണ് ലക്ഷ്യമിടുന്നത്. നദീസംരക്ഷണത്തിനായി നദീസംരക്ഷകരുടെ ഗ്രൂപ്പുണ്ടാക്കും. ജൈവവൈവിധ്യകലവറകളായ കാവുകളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കും. പെട്രോള്‍ പമ്പുകാരുടെ സഹകരണത്തോടെ പ്രധാന പമ്പുകള്‍ വഴി വാഹന ഉടമകള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്ന കാര്‍ബണ്‍ ഓഫ്‌സെറ്റ് പ്രോഗാം തയ്യാറായിട്ടുണ്ട്.
നാലാം ക്ലാസുമുതല്‍ എട്ടാം ക്ലാസ് വരെ പരിസ്ഥിതി സംരക്ഷണത്തിനായി ചെയ്യുന്ന ഓരോ പ്രവര്‍ത്തികളും രേഖപ്പെടുത്തി വെക്കുന്നതിനായി ഗ്രീന്‍ കാര്‍ഡ് ഏര്‍പ്പെടുത്തും. ഓരോ സ്ഥാപനങ്ങളും പരിസ്ഥിതി സംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ രേഖപ്പെടുത്താനായി ഗ്രീന്‍ ബുക്ക് സൂക്ഷിക്കണം. വനം വകുപ്പ്, വിദ്യഭ്യാസ വകുപ്പ്, കൃഷി വകുപ്പ് എന്നിവ സംയുകതമായി പൊതുജന പങ്കാളിത്തത്തോടെ പ്രകൃതി സംരക്ഷകന്‍ പദ്ധതി ആരംഭിക്കുകയാണ്. ഇതുപ്രകാരം ഓരോ സ്ഥാപനവും നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്ഥാപന മേധാവികള്‍ സംഗ്രഹിക്കണം. മേല്‍ നോട്ടത്തിനായി ഓരോ നോഡല്‍ ഓഫിസര്‍മാരെ നിയമിക്കണം. ജില്ലാ ഭരണകൂടം മുഖേനെയാണ് ഇതിന് തുടക്കം കുറിക്കുകയെന്നും അദ്ദേഹം പറഞ്ഞു.