കണ്‍സ്യൂമര്‍ഫെഡ് ക്രമക്കേട്: റിജി ജി. നായരെ സസ്‌പെന്‍ഡ് ചെയ്തു

Posted on: June 3, 2015 7:29 pm | Last updated: June 3, 2015 at 9:57 pm

reji_g_nair_030615തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡില്‍ നടന്ന കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ടു മുന്‍ മാനേജിംഗ് ഡയറക്ടര്‍ റിജി. ജി. നായരെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ശരിയായ ദിശയിലാണെന്നു മന്ത്രി പറഞ്ഞു. റിജി ജി. നായരെയും ചീഫ് മാനേജരായിരുന്ന ആര്‍. ജയകുമാറിനെയും സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യണമെന്നു വിജിലന്‍സ് നേരത്തേ ശിപാര്‍ശ നല്‍കിയിരുന്നു.

കണ്‍സ്യൂമര്‍ ഫെഡില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ ക്രമക്കേടു കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നു റിജി ജി. നായര്‍ ഉള്‍പ്പെടെയുള്ളവരെ സര്‍വീസില്‍നിന്നു മാറ്റിനിര്‍ത്തി അന്വേഷിപ്പിക്കണമെന്നു വിജിലന്‍സ് ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഉന്നതതല സമ്മര്‍ദത്തെത്തുടര്‍ന്ന് റിപ്പോര്‍ട്ട് മുക്കുകയായിരുന്നു. ഡപ്യൂട്ടേഷനില്‍ കണ്‍സ്യൂമര്‍ഫെഡ് എംഡിയായെത്തിയ റിജി ജി. നായര്‍ വിവാദത്തെത്തുടര്‍ന്ന് താന്‍ ജോലി നോക്കുന്ന ജലവിഭവ വകുപ്പിലേക്കു മടങ്ങി. ഇപ്പോള്‍ ജലവിഭവ വകുപ്പില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറാണു റിജി. ജി. നായര്‍.